വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് എന്ന നിലയിലുള്ള എല്ലാ അധികാരവും പരമാവധി വിനിയോഗിച്ചു ഡോണള്‍ഡ് ട്രംപ് ഇനി സംഹാരതാണ്ഡവമാടുമോയെന്ന് അമേരിക്കയുടെ ആശങ്ക. നിലവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍, പുതിയ പ്രസിഡന്റിനു വഴിയൊരുക്കി സമാധാനപരമായ ഭരണകൈമാറ്റം ഉറപ്പാക്കണമെന്നാണു യുഎസിലെ നിയമം. പക്ഷേ, ട്രംപ് വിചാരിച്ചാല്‍ ജോ ബൈഡന്റെ വൈറ്റ് ഹൗസ് പ്രവേശം ദുരിതമയമാക്കാം.

ജനുവരി 20 ഉച്ച വരെയാണ് പ്രസിഡന്റ് ട്രംപിന്റെ ഭരണകാലാവധി. തോറ്റതിന്റെ പ്രതികാരം തീര്‍ക്കാനായി, എതിരാളികളെ വലയ്ക്കാനും തന്നിഷ്ടത്തോടെ പെരുമാറാനും ട്രംപ് ശ്രമിക്കാനിടയുണ്ടെന്നു ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ അധ്യക്ഷനും മുന്‍ ലോക ചെസ് ചാംപ്യനുമായ ഗാരി കാസ്പറോവ് അഭിപ്രായപ്പെടുന്നു.

അതേസമയം, തെരഞ്ഞെടുപ്പു ക്രമക്കേട് ആരോപിച്ച് നിയമയുദ്ധം നടത്തുന്നതിനു മുന്നോടിയായി റാലികള്‍ സംഘടിപ്പിക്കാനാണു ട്രംപിന്റെ തീരുമാനമെന്ന് പ്രചാരണ വക്താവ് ടിം മര്‍ടോഫ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ട്വിറ്ററിലൊഴിച്ച് ട്രംപ് നിശ്ശബ്ദനാണ്.