Connect with us

india

ഉമര്‍ ഖാലിദ്, നീ ഉയിര്‍ത്തെഴുന്നേല്‍ക്കും, ഉമര്‍ ഖാലിദിനെ പിന്തുണച്ച് മഹുവ മൊയ്ത്ര

‘നീ ഉയിര്‍ത്തെഴുന്നേല്‍ക്കും, ഉമര്‍ ഖാലിദ്’ എന്ന തലക്കെട്ടിലുള്ള കവിത മഹുവ എക്‌സില്‍ കുറിച്ചു.

Published

on

ഡല്‍ഹി കലാപ ഗൂഢാലോചന ആരോപണത്തില്‍ സുപ്രിം കോടതി ജാമ്യം നിഷേധിച്ച ഉമര്‍ ഖാലിദിനെ പിന്തുണച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ‘നീ ഉയിര്‍ത്തെഴുന്നേല്‍ക്കും, ഉമര്‍ ഖാലിദ്’ എന്ന തലക്കെട്ടിലുള്ള കവിത മഹുവ എക്‌സില്‍ കുറിച്ചു.

”ഉമര്‍ ഖാലിദ്, നീ ഉയിര്‍ത്തെഴുന്നേല്‍ക്കും. നിങ്ങളുടെ കയ്‌പേറിയതും വളച്ചൊടിച്ചതുമായ നുണകള്‍ കൊണ്ട് നീ എന്നെ (ഉമര്‍ ഖാലിദിനെ) ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കാം.

മണ്ണില്‍ ചവിട്ടി മെതിക്കാം. പക്ഷേ അപ്പോഴും പൊടി പോലെ ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. വാക്കുകള്‍ കൊണ്ട് എനിക്ക് നേരെ വെടിയുതിര്‍ക്കാം. നിങ്ങളുടെ കണ്ണുകള്‍ കൊണ്ട് എന്നെ മുറിപ്പെടുത്താം. നിങ്ങളുടെ വെറുപ്പ് കൊണ്ട് എന്നെ കൊലപ്പെടുത്താം. പക്ഷേ അപ്പോഴും കാറ്റ് പോലെ ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും” മഹുവ എക്‌സില്‍ പങ്കുവെച്ചു.

ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, മുഹമ്മദ് സലീം ഖാന്‍, ഷദാബ് അഹമ്മദ്, ഷിഫാഉര്‍റഹ്‌മാന്‍ എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. തിങ്കളാഴ്ച ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും സുപ്രിംകോടതി ജാമ്യം നിഷേധിച്ചിരുന്നു. വിചാരണ വൈകുന്നതിന്റെ ആനുകൂല്യം നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും സുപ്രിംകോടതി ജാമ്യം നിഷേധിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഡ്മിഷൻ എടുത്ത 50 പേരിൽ 44ഉം മുസ്‌ലിം കുട്ടികൾ; ജമ്മുവിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കി കേന്ദ്രം

സാങ്കേതിക കാരണങ്ങളെന്ന് വിശദീകരണം

Published

on

കോളേജിലെ എംബിബിഎസ്‌ കോഴ്‌സിന് അനുമതി നൽകി മാസങ്ങൾക്കകമാണ് ഇപ്പോൾ അംഗീകാരം റദ്ദാക്കിയിരിക്കുന്നത്. 2025-26 അക്കാദമിക വർഷത്തിലേക്ക് അഡ്‌മിഷൻ ലഭിച്ച 50 ഓളം വിദ്യാർത്ഥികളിൽ നാൽപ്പതിൽ അധികം പേർ മുസ്‌ലിംകൾ ആയതോടെയാണ് ഹിന്ദുത്വ സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നത്. നീറ്റ് പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടന്നതെന്ന് കോളേജ് അധികൃതർ വ്യക്തമാക്കുകയും മുഖ്യമന്ത്രിയായ ഉമർ അബ്‌ദുല്ല അടക്കം കോളേജ് അഡ്മിഷൻ സുതാര്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തതിന് ശേഷവും കോളേജ് അടച്ചുപൂട്ടണമെന്ന ആവശ്യമുന്നയിച്ച് സംഘപരിവാർ മുന്നോട്ട് പോവുകയിയിരുന്നു.

ഈ സാഹചര്യത്തിൽ കോളേജിൽ ഒരു മിന്നൽ പരിശോധന നടന്നു. തുടർന്ന് വന്ന റിപ്പോർട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല ,ആവശ്യത്തിന് റസിഡന്റ് ഡോക്ടർമാർ ഇല്ല , തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ച് കോളേജിന്റെ അനുമതി റദ്ദാക്കുകയായിരുന്നു .

Continue Reading

india

തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; നിയമങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് നിരീക്ഷണം

കടിക്കാതിരിക്കാനായി നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി ശേഷിക്കുന്നതെന്ന പരാമർശവും മൃഗസ്നേഹികളെ ലക്ഷ്യമാക്കി കോടതി നടത്തി.

Published

on

ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പൊതു സ്ഥാപനങ്ങളിൽ നിന്നു പിടികൂടുന്ന നായകളെ അതേ സ്ഥലങ്ങളിൽ വീണ്ടും തുറന്നുവിടുന്നതിലൂടെ തെരുവുനായ ശല്യം എങ്ങനെ ഇല്ലാതാക്കാനാകുമെന്ന ചോദ്യം കോടതി ഉന്നയിച്ചു. കടിക്കാതിരിക്കാനായി നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി ശേഷിക്കുന്നതെന്ന പരാമർശവും മൃഗസ്നേഹികളെ ലക്ഷ്യമാക്കി കോടതി നടത്തി.

നായ കടിയേറ്റ് മരിച്ച പത്തനംതിട്ട സ്വദേശി അഭിരാമിയുടെ അമ്മ, അക്രമകാരികളായ നായകളെ കൊന്നുകളയാൻ കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു. ആക്രമണകാരികളായ നായകളെയും പേവിഷബാധയുള്ള നായകളെയും തെരുവുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് മുൻകാല കോടതി വിധികൾ ഉണ്ടെന്നും അവരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

തെരുവുനായ പ്രശ്നത്തിന്റെ അടിസ്ഥാനകാരണം നിലവിലെ നിയമങ്ങൾ ശരിയായി പാലിക്കപ്പെടാത്തതാണെന്ന് നായ സ്നേഹികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. നായ ആക്രമണം മാത്രമല്ല, നായകൾ കാരണമാകുന്ന റോഡ് അപകടങ്ങളും വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. റോഡുകളിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ തടയാൻ ദേശീയപാത അതോറിറ്റി വിവിധ നടപടികൾ സ്വീകരിച്ചുവരുന്നതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.

വന്ധ്യംകരണം നടപ്പാക്കിയാൽ നായകളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് നായ സ്നേഹികളുടെ നിലപാട്. അനിമൽ വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദേശപ്രകാരം ആദ്യം ആൺനായകളെ വന്ധ്യംകരണം ചെയ്യണമെന്നതായും അമിക്കസ് ക്യൂറി വ്യക്തമാക്കി. എന്നാൽ മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, പഞ്ചാബ് സംസ്ഥാനങ്ങൾ ഇതുവരെ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

രാജ്യത്തെ തെരുവുനായകളുടെ കൃത്യമായ എണ്ണം സംബന്ധിച്ച് വ്യക്തമായ കണക്ക് ഇല്ലെന്നാണ് നായ സ്നേഹികളുടെ വാദം. ജനങ്ങളെ ബോധവത്കരിച്ചാൽ തെരുവുനായ ആക്രമണങ്ങൾ തടയാനാകുമെന്നും, കൃഷിയിടങ്ങൾ സംരക്ഷിക്കാൻ നായകളെ ഉപയോഗിക്കാമെന്നും അവർ കോടതിയിൽ പറഞ്ഞു. സിഎസ്‌ആർ മാതൃക രാജ്യത്ത് നടപ്പാക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.

രാജ്യവ്യാപകമായി തെരുവുനായ പ്രശ്നം ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, വിഷയത്തിൽ തുടർ നടപടികൾ പരിഗണിക്കുമെന്ന് വ്യക്തമാക്കി.

Continue Reading

india

ഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന് നാണക്കേട്, നടക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കം; പ്രകാശ് രാജ്

നമ്മുടെ പോരാട്ടം ബിജെപിക്ക് എതിരെ മാത്രമല്ല, മറിച്ച് ആര്‍എസ്എസിന് എതിരെയാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Published

on

കേന്ദ്ര സര്‍ക്കാരിനും രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. ഹൈദരാബാദില്‍ എപിസിആര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് വിമര്‍ശനം. ഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന് നാണക്കേടാണെന്ന്, രാജ്യത്ത് സംഭവിക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കമാണെന്നും പ്രകാശ് രാജ് തന്റെ പ്രസംഗത്തിനിടെ പറഞ്ഞു.

ഒരുകാലത്ത് സാധാരണക്കാരന്റെ അവസാന പ്രതീക്ഷയായിരുന്നു കോടതികളെന്ന് പ്രകാശ് രാജ് ഓര്‍മ്മിപ്പിച്ചു. ‘പൊലീസിനെ പേടിയുണ്ടായിരുന്ന കാലത്തും ‘കോടതിയില്‍ കാണാം’ എന്ന് പറയാനുള്ള ധൈര്യം ജനങ്ങള്‍ക്കുണ്ടായിരുന്നു. കാരണം കോടതി നമ്മളുടെ അവസാന പ്രതീക്ഷയായിരുന്നു. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. കോടതി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ലെന്ന് നമുക്ക് അറിയാമായിരുന്നു. ഭരിക്കുന്ന സര്‍ക്കാരിന്റെയോ ഒരു മതസ്ഥാപനത്തിന്റെയോ ഉടമസ്ഥതയിലുള്ളതല്ലെന്ന് നമുക്ക് ഉറപ്പായിരുന്നു. എന്നാല്‍ ഇന്ന്, ഈ വേദിയില്‍ നിന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഇന്ത്യയിലെ കോടതികളേ, നിങ്ങളീ നാടിന് നാണക്കേടാണ്. കാരണം നിങ്ങള്‍ നീതിയോട് ഏറ്റവും വലിയ കുറ്റകൃത്യമാണ് ചെയ്യുന്നത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിംകളെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും തുടച്ചുനീക്കുക എന്നതാണ് ഭരണകൂടത്തിന്റെ അജണ്ട. ഇതിനായി ഭരണഘടനയെ അട്ടിമറിക്കാനും മനുസ്മൃതി നടപ്പിലാക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്. ഉമര്‍ ഖാലിദിനെപ്പോലുള്ളവര്‍ തടവറയിലാകുന്നത് ഈ അജണ്ടയുടെ ഭാഗമാണെന്നും നമ്മുടെ പോരാട്ടം ബിജെപിക്ക് എതിരെ മാത്രമല്ല, മറിച്ച് ആര്‍എസ്എസിന് എതിരെയാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

‘ഹിറ്റ്‌ലറും മുസ്സോളിനിയും പരാജയപ്പെട്ടത് അവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയതുകൊണ്ടാണ്. എന്നാല്‍ ആര്‍എസ്എസ് അങ്ങനെയല്ല. അത് കുളത്തിനടിയിലെ രാക്ഷസനെപ്പോലെ മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കുന്ന ശക്തിയാണ്. താമര എന്ന ചിഹ്നത്തിനപ്പുറം ആ ആഴത്തിലുള്ള ശക്തിയോടാണ് നാം പോരാടേണ്ടത്, അടുത്തിടെ പ്രധാനമന്ത്രിയുടെ ഇമെയില്‍ വിലാസത്തില്‍ എനിക്ക് ഒരു കത്ത് ലഭിച്ചു. നവംബര്‍ 26ന് മിക്കയാളുകള്‍ക്കും അത് ലഭിച്ചിട്ടുണ്ടാകും. മനോഹരമായ നുണകള്‍ നിറഞ്ഞ ഒരു കത്ത്. ഈ രാജ്യത്തിന് ഒരു ഭരണഘടന ഇല്ലായിരുന്നെങ്കില്‍ താന്‍ ഇത്തരമൊരു സ്ഥാനത്ത് എത്തുമായിരുന്നില്ലെന്നും അംബേദ്കറും മഹാത്മാഗാന്ധിയുമൊക്കെ മഹാന്മാരായ മനുഷ്യരാണെന്നും കത്തില്‍ പറയുന്നു.

കത്തയച്ചതിന്റെ തലേദിവസം രാമക്ഷേത്രത്തില്‍ പതാക ഉയര്‍ത്തുമ്പോള്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആര്‍എസ്എസ് മേധാവിയും അവിടെ ഉണ്ടായിരുന്നത് ഞാന്‍ അപ്പോഴാണ് ഓര്‍ത്തത്. വോട്ടു ചെയ്തില്ലെങ്കിലും എന്റെ പ്രധാനമന്ത്രിയെ ബഹുമാനിക്കണമെന്നതിനാല്‍ ഞാന്‍ ആ ദൃശ്യം നോക്കിയിരുന്നു. ആ പതാകയോട്, ഹിന്ദുത്വ എന്ന ആശയത്തോട് അദ്ദേഹത്തിന് എത്ര ബഹുമാനമാണുള്ളത്. ഈ വ്യക്തിക്ക് ദേശീയ പതാകയോട് അത്രയും ബഹുമാനമുണ്ടോ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അവരുടെ അജണ്ട വളരെ വ്യക്തമാണ്, അത് വംശഹത്യയാണ്. ഉമറും ഞാനും നിങ്ങളുമടക്കമുള്ളവര്‍ രണ്ടാം തരം പൗരന്മാരാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിനെക്കുറിച്ച് ബോധമുള്ളവരാകാനും ജാഗ്രത പാലിക്കാനുമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്’ ആര്‍എസ്എസിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പ്രകാശ് രാജ് പറഞ്ഞു.

ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളെ പരാമര്‍ശിച്ച അദ്ദേഹം, കുറ്റവാളികള്‍ക്ക് മാലയിട്ട് സ്വീകരണം നല്‍കുന്ന സാഹചര്യത്തെയും വിമര്‍ശിച്ചു. ഭരണകൂടം നൂറുതവണ നുണ പറയുകയാണെങ്കില്‍ നമ്മള്‍ ആയിരം തവണ സത്യം വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കണം. ഭയപ്പെടാതെ ശബ്ദമുയര്‍ത്തുക മാത്രമാണ് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഏക പോംവഴിയെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

 

Continue Reading

Trending