ന്യൂയോര്‍ക്ക്: ഗസ്സയില്‍ ഇസ്രാഈല്‍ സേന അറുപതിലേറെ പേരെ വെടിവെച്ചു കൊലപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ അന്താരാഷ്ട്ര യുദ്ധകുറ്റകൃത്യ അന്വേഷണസംഘത്തെ അയക്കാന്‍ യു.എന്‍ മനുഷ്യാവകാശ സമിതി തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രമേയം വോട്ടിനിട്ട് പാസാക്കുകയായിരുന്നു.

അമേരിക്കയും ഓസ്‌ട്രേലിയയും എതിര്‍ത്ത് വോട്ടു ചെയ്തപ്പോള്‍ 14 അംഗങ്ങള്‍ വിട്ടുനിന്നു. 29 രാജ്യങ്ങള്‍ അനുകൂലിച്ചു. ഗസ്സയിലെ കൂട്ടക്കുരുതിയെക്കുറിച്ച് അന്വേഷിക്കുന്നതിന് അടിയന്തരമായി സ്വതന്ത്ര അന്താരാഷ്ട്ര കമ്മീഷന് രൂപംനല്‍കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.

മാര്‍ച്ച് 30ന് ഫലസ്തീനികള്‍ സമാധാനപരമായി തുടങ്ങിയ പ്രതിഷേധങ്ങള്‍ക്കുനേരെ ഇസ്രാഈല്‍ നടത്തിയ എല്ലാ ആക്രണങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ വരും. അടുത്ത മാര്‍ച്ചോടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്യും. അന്താരാഷ്ട്ര അന്വേഷണം വേണമെന്ന ആവശ്യത്തിന് യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി സെയ്ദ് റഅദ് അല്‍ ഹുസൈന്‍ നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസ്രാഈലിനെ കടുത്ത ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചിരുന്നത്. ഇസ്രാഈല്‍ ഒരു അധിനിവേശ ശക്തിയാണ്. അന്താരാഷ്ട്ര നിയമപ്രകാരം ഗസ്സയിലെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും അവര്‍ക്ക് ക്ഷേമം ഉറപ്പാക്കാനും ഇസ്രാഈല്‍ ബാധ്യസ്ഥമാണ്. അതിന് പകരം ജനനം മുതല്‍ മരണം ഗസ്സയിലെ ജനങ്ങളെ വിഷമയമായ ചേരിയില്‍ കൂട്ടിലടച്ചിരിക്കുകയാണ് ഇസ്രാഈല്‍ ചെയ്തിരിക്കുന്നതെന്ന് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു.

കൂട്ടക്കുരുതി നടന്ന ദിവസം 62 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ ഇസ്രാഈലിന്റെ ഭാഗത്ത് ഒരു സൈനികന് കല്ലേറില്‍ നിസ്സാര പരിക്ക് പറ്റുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.