കോഴിക്കോട്: ലോക നേതാക്കളെ നോമ്പ് തുറക്കാന്‍ ക്ഷണിക്കുന്ന ഫലസ്തീന്‍ ബാലന്റെ കഥ പറയുന്ന സംഗീത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സൈന്‍ റമസാന്‍ 2018 എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോ രണ്ട് ദിവസം കൊണ്ട് 20 ലക്ഷം പേരാണ് യൂട്യൂബില്‍ കണ്ടത്.

യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമര്‍ പുടിന്‍, ഉത്തര കൊറിയന്‍ പ്രസിഡണ്ട് കിങ് ജോങ് ഉന്‍, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ തുടങ്ങിയ ലോക നേതാക്കളെ ഇഫ്താറിന് ക്ഷണിക്കുന്ന കുട്ടിയാണ് വീഡിയോയിലെ കേന്ദ്ര കഥാപാത്രം.

ഹെബ മെഷാരിയുടേതാണ് വീഡിയോയിലെ വരികള്‍. സമീര്‍ അബൂദ് ആണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. അറബ് ലോക നേതാക്കളുടെ കൈപിടിച്ച് അല്‍ അഖ്‌സ പള്ളിയിലേക്ക് നടന്നുനീങ്ങുന്ന കുട്ടിയിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്.