പട്‌ന: രാജ്യത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണമുള്ളത് ബി.ജെ.പി നേതാക്കളുടെയും കേന്ദ്ര മന്ത്രിമാരുടെയും കയ്യിലാണെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. കേന്ദ്ര മന്ത്രിമാരില്‍ ഭൂരിപക്ഷവും കോടീശ്വരന്‍മാരാണ്. ഇവരുടെ സമ്പാദ്യം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എന്തിന് മടിക്കുന്നു. ഇവരുടെയെല്ലാം വസതികളില്‍ പരിശോധന നടത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ധൈര്യമുണ്ടോ ?-ലാലു ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് കര്‍ണാടക മന്ത്രിയുടെ വസതികളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്തുള്ളത്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ഗൂഢനീക്കം നടക്കുന്നു. ഈ ഭീകരാവസ്ഥക്ക് അറുതി വേണം. രാജ്യത്തെ വന്‍കിട കുത്തകകളായ അദാനിയെപ്പോലുള്ളവരുടെ വസതികളില്‍ എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്താത്തതെന്നും അദ്ദേഹം ചോദിച്ചു.