ന്യൂഡല്‍ഹി: ഘാനയോട് നാല് ഗോളിന് തോറ്റ് ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. കന്നി ലോകകപ്പിലെ മൂന്നാം മല്‍സരത്തില്‍ ആഫ്രിക്കന്‍ ശക്തിയുമായെത്തിയ ഘാനയോടും തോല്‍വി വഴങ്ങിയ ഇന്ത്യ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. അതേസമയം എതിരില്ലാത്ത നാല് ഗോളിന് ഇന്ത്യയെ പരാജയപ്പെടുത്തി ഘാന പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി.

എറിക് അയ്ഹ മല്‍സരത്തിന്റെ ഇരുപകുതികളിലുമായി നേടിയ ഗോളുകളാണ് ഘാനയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്.ആദ്യ പകുതിയില്‍ ഇന്ത്യ ഒരു ഗോളിനു പിന്നിലായിരുന്നു. രണ്ടാം പകുതിയില്‍ പകരക്കാരായി കളത്തിലിറങ്ങിയ റിച്ചാര്‍ഡ് ഡാന്‍സോ (86), ഇമ്മാനുവല്‍ ടോകു (87) എന്നിവര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

 

ഇന്നു നടന്ന രണ്ടാം മല്‍സരത്തില്‍ യുഎസ്എയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ച കൊളംബിയ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടന്നു. ആറു പോയിന്റുള്ള യുഎസ്എയും മികച്ച നാലു മൂന്നാം സ്ഥാനക്കാര്‍ക്കൊപ്പം പ്രീക്വാര്‍ട്ടറില്‍ കടക്കാനാണ് സാധ്യത.

ആദ്യ മല്‍സരത്തില്‍ യുഎസിനോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോറ്റ ഇന്ത്യ, രണ്ടാം മല്‍സരത്തില്‍ കൊളംബിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കും തോല്‍വി വഴങ്ങിയിരുന്നു. മൂന്നാം മല്‍സരത്തില്‍ ഘാനയോട് 4–0നും തോറ്റതോടെ ടൂര്‍ണമെന്റിലാകെ ഇന്ത്യ വഴങ്ങിയ ഗോളുകളുടെ എണ്ണം ഒന്‍പതായി. ലോകകപ്പ് ചരിത്രത്തിലിടം പിടിച്ച കൊളംബിയയ്‌ക്കെതിരായ ഗോളിന്റെ മധുരിക്കുന്ന ഓര്‍മകളുമായാണ് ഇന്ത്യയുടെ മടക്കം.

അണ്ടര്‍ 17 ലോകകപ്പില്‍ നിന്നും ഇന്ത്യ വിടവാങ്ങുന്നത് തലഉയര്‍ത്തികൊണ്ട് തന്നെയാണ്. കളി പരിചയം ലഭിക്കുകയാണെങ്കില്‍ അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യയുടെ മൂന്ന് മത്സരങ്ങളും.