കറാച്ചി: പാകിസ്താനിലെ യുവരാഷ്ട്രീയ നേതാവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന വെളിപ്പെടുത്തലുമായി അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കാമുകിയെന്ന് പറയപ്പെടുന്ന മെഹ്‌വിഷ് ഹയാത്. ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവിലാണ് 37കാരിയായ ഇവര്‍ വിവാഹത്തെ കുറിച്ച് സംസാരിച്ചത്.

ഏതുതരത്തിലുള്ള ആളുകളെയാണ് വിവാഹം ചെയ്യാന്‍ ഇഷ്ടം എന്ന ചോദ്യത്തിന്, ഉയര്‍ന്ന പുരുഷന്മാരെയാണ്, അവരുടെ നിറമൊന്നും പ്രശ്‌നമല്ല എന്നായിരുന്നു നടിയുടെ മറുപടി.

പാക് ദേശീയ അസംബ്ലിയില്‍ ഈയിടെയെത്തിയ അംഗത്തെ കുറിച്ചാണോ പറയുന്നത് എന്ന ചോദ്യത്തിന് നിങ്ങള്‍ ബിലാവലിനെ കുറിച്ചാണോ ചോദിക്കുന്നത് എന്ന് ഹയാത് തിരിച്ചു ചോദിച്ചു. ബിലാവല്‍ സുന്ദരനാണ് എന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നു എന്നും ഹയാത് കൂട്ടിച്ചേര്‍ത്തു.

അതിനിടെ തന്റെ വിവാഹത്തെ കുറിച്ച് അനാവശ്യമായ വാര്‍ത്തകള്‍ സൃഷ്ടിക്കരുത് എന്നാവശ്യപ്പെട്ട് ഹയാത്ത് രംഗത്തെത്തി. ‘വിവാഹം എന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. അതുണ്ടാകുമ്പോള്‍ നിങ്ങള്‍ അറിയും. ജോഡിയുണ്ടാക്കുന്നത് നിര്‍ത്തൂ’ – അവര്‍ ആവശ്യപ്പെട്ടു.

https://twitter.com/MehwishHayat/status/1333061908388339712?s=20

പാകിസ്താനിലെ ഉന്നത പുരസ്‌കാരങ്ങളില്‍ ഒന്നായ തംഗയേ ഇംതിയാസ് പുരസ്‌കാര ജേത്രിയാണ് ഹയാത്ത്. ഛാലാവ, ലോഡ് വെഡ്ഡിങ്, പഞ്ചാബ് നഹി ജോന്‍ഗി, ആക്ടര്‍ ഇന്‍ ലോ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

ചെറുകിട അഭിനേത്രി മാത്രമായ ഹയാത്തിന് രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ ബഹുമതിയായ തംഗയേ ഇംതിയാസ് ലഭിച്ചത് അമ്പരപ്പുണ്ടാക്കിയിരുന്നു. ഇതിന് പിന്നില്‍ ദാവൂദ് ഇബ്രാഹിമാണ് എന്നായിരുന്നു സംസാരം. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ല.