പി.സി ജലീല്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തലസ്ഥാന നഗരമായ ലഖ്‌നൗവും സമീപ പ്രദേശങ്ങളും ഇന്ന് തെരഞ്ഞെടുപ്പ് ബൂത്തിലേക്ക് നീങ്ങുന്നു. മുസ്‌ലിം രാഷ്ട്രീയം നേരിടുന്ന പതിവായ ദിശാബോധമില്ലായ്മ ഇത്തവണയും വ്യക്തമാക്കുന്നതാണ് ഇവിടങ്ങളിലെ സ്ഥിതി. രാജ്യത്ത് ഏറെ സ്വാധീന ശക്തിയുള്ള, ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ അധ്യക്ഷന്‍ മൗലാനാ റാബി ഹസന്‍ നദ്‌വി ഉള്‍പെടെയുള്ളവര്‍ നേതൃത്വം നല്‍കുന്ന ദാറുല്‍ഉലൂം നദ്‌വ പോലുള്ള മുസ്‌ലിം കേന്ദ്രങ്ങളില്‍ മുസ്‌ലിം വോട്ടുകള്‍ പല മേഖലകളിലേക്ക് ഒഴുകുന്ന സ്ഥിതിയാണ് മൗലാനാസംഘങ്ങളുടെ നിലപാടുകളില്‍ വ്യക്തമാകുന്നത്.

തെരഞ്ഞെടുപ്പില്‍ മതപരമായ കാര്യങ്ങള്‍ ഉപയോഗിക്കരുതെന്നും മറ്റും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായ നിര്‍ദ്ദേശം വെച്ചതിനു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ മതത്തിന് ശക്തമായ സ്വാധീനം തന്നെയുണ്ട്. വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി പട്ടിക തന്നെ അതു വ്യക്തമാക്കും. ജനങ്ങളെ മതപരമായി വിഭജിക്കുന്ന വിഷയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി നിലനില്‍ക്കുന്നു. ഇതില്‍ പ്രധാനപ്പെട്ടതാണ് മതപണ്ഡിതരുടെ രാഷ്ട്രീയമായ ഇടപെടലുകള്‍.
ഡല്‍ഹി ഇമാം ബിഎസ്പിയെ പിന്തുണച്ചതും തുടര്‍ന്ന് നിരവധി പ്രാദേശിക മുസ്‌ലിം നേതൃത്വങ്ങല്‍ ബിഎസ്പിക്കനുകൂലമായി പ്രസ്താവന നടത്തിയതും തെരഞ്ഞെടുപ്പ് രംഗത്തെ സജീവ വിഷയങ്ങളായിരുന്നു. ബിഎസ്പി ഒരു ഡസനിലധികം മൗലാനമാരെ സ്ഥാനാര്‍ഥികളായി മത്സരരംഗത്തിറക്കിയിട്ടുണ്ട്.

ഇവരിലൂടെ മറ്റു മണ്ഡലങ്ങളിലെ വിജയസാധ്യത കൂടിയാണ് മായാവതി ലക്ഷ്യം വെച്ചത്്. ബിഎസ്പി നേരത്തെ ബിജെപിയുമായി ബന്ധത്തിലായതാണ് പലപ്പോഴും മുസ്‌ലിംകള്‍ക്കിടയിലേക്ക് കടന്നുചെല്ലാന്‍ അവര്‍ക്ക് തടസ്സമായിരുന്നത്. ബിഎസ്പിയുടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി നസീമുദ്ദീന്‍ സിദ്ദീഖി ഈ സ്ഥിതി നേരത്തെ കണ്ടറിഞ്ഞാണ്് ഇത്തവണ കരുക്കള്‍ നീക്കിയത്. നൂറോളം മുസ്‌ലിംകള്‍ക്ക് ഇത്തവണ പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടുണ്ട്.
മൗലാനാ ഖാരി ശഫീഖ് ബിഎസ്പിക്കു വേണ്ടി പ്രചാരണം നടത്തുന്നത് അവരുടെ കാലത്ത് മുസ്‌ലിംകള്‍ സുരക്ഷിതരായിരുന്നുവെന്ന പ്രചാരവേല ഇറക്കിയാണ്.

നദ്‌വയിലെ മൗലാനാ സല്‍മാന്‍ നദ്്‌വി കഴിഞ്ഞ തവണത്തേതു പോലെ മുസ്‌ലിം പാര്‍ട്ടികളുടെ സഖ്യമു്ണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ തന്റെ പിന്തുണ ബിഎസ്പിക്കു നല്‍കുന്നുവെന്ന ്പറഞ്ഞാണ് നേരത്തെ രംഗത്തുവന്നത്. കാന്‍ഷിറാം മുസ്‌ലിംകളെയും ദലിതുകളെയും ഒന്നിപ്പിക്കാന്‍ ശ്രമിച്ചുുവെന്നും എന്നാല്‍ ഇടക്കാലത്ത് മായാവതിക്ക് ബിജെപിക്കൊപ്പം കൂടി തെറ്റുപറ്റിയെന്നും അദ്ദേഹം തന്നെ പറയുന്നു. ഹാഫിസ് അബ്ദുല്‍ ഗഫ്ഫാര്‍ ജലാലാബാദിയും ഷംലി മേഖലയില്‍ ബിഎസ്പിക്കായി പ്രവര്‍ത്തിക്കുന്നു.

ഇമാം വെല്‍ഫെയര്‍ അസോസിയേഷന്‍ നേതാവായ ഇംറാന്‍ ഹുസൈന്‍ സിദ്ദീഖി തന്റെ സംഘടനയിലുള്ള ഇമാമുകളെല്ലാം എസ്പിക്കെതിരെ പ്രചാരണവും ബിഎസ്പിയെ വിജയിപ്പിക്കാന്‍ ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ശിയാ വിഭാഗം മുസ്‌ലിം നേതാവ് കല്‍ബെ ജവാദും ശാഹി ഇമാം അഹ് മദ് ബുഖാരിക്കൊപ്പം ബിഎസ്പിയെ പിന്തുണച്ചു. അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയനും മുസ്്‌ലിംകളോട് ബിഎസ്പിയെ പിന്തുണക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. നദ്‌വത്തുല്‍ ഉലമയിലെ ഒരു സംഘം മൗലാനമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അഖിലേഷ് യാദവിനെ കണ്ട് എസ്പി കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണ അറിയിച്ചിരുന്നു.

ലഖ്‌നൗവിലെ ഈദ്ഗാഹ് ഇമാം മൗലാനാ ഖാലിദ് റഷീദ് ഫറങ്കിമഹലി അഖിലേഷിന് അനുകൂലമായി രംഗത്തെത്തി. അഖിലേഷ് സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്ക് ചെയ്ത നേട്ടങ്ങളും എണ്ണിപ്പറഞ്ഞു. കോണ്‍ഗ്രസും എസ്പിയും സഖ്യപ്പെടുന്നതോടെ ഒരു മതേതരചേരിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരും മൗലാനമാരിലുണ്ട്.ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ലഖ്‌നൗ, ബാരാബങ്കി, സീതപ്പൂര്, കാന്‍പ്പൂര്‍, ഫറൂഖാബാദ്, ഹര്‍ദോയ് തുടങ്ങിയ ജില്ലകള്‍ ഉള്‍പ്പെടുന്ന അവധ് മേഖലയില്‍ മുസ്്‌ലിം വോട്ടുകള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്്. എറ്റാവ ഉള്‍പെടെയുള്ള യാദവശക്തികേന്ദ്രങ്ങളിലും മുസ്‌ലിം വോട്ടുകള്‍ നിര്‍ണ്ണായകമാണ്്. ഈ മേഖലകളില്‍ 2012ലെ തെരഞ്ഞെടുപ്പില്‍ 69 സീറ്റില്‍ 55 എണ്ണവും സമാജ് വാദി പാര്‍ട്ടിയാണ് നേടിയത്.

ബി.എസ്.പിക്ക് ആറും ബി.ജെ.പിക്ക് അഞ്ചും കോണ്‍ഗ്രസിന് രണ്ടും സീറ്റാണ് ലഭിച്ചത്. 826 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ടത്തില്‍ 2.41 കോടി വോട്ടര്‍മാരുടെ വിധി തേടുന്നത്. ബിജെപിയും എസ്പി- കോണ്‍ഗ്രസ് സഖ്യവും തമ്മില്‍ തീപാറുന്ന പോരാട്ടം തന്നെയാകും അവദ് മേഖലയിലെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ നടക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 ജില്ലകളിലെ 69 മണ്ഡലങ്ങളില്‍ നിന്ന് 55 സീറ്റ് നേടിയ സമാജ്‌വാദി പാര്‍ടിക്ക് ഇത്തവണ കോണ്‍ഗ്രസിനൊപ്പം നിന്ന് അതേമുന്നേറ്റം അനിവാര്യമാണ്. ബിഎസ്പിയെക്കാള്‍ ബിജെപിയാകും ഇവിടെ പല മണ്ഡലങ്ങളിലും എസ്പി- -കോണ്‍ഗ്രസ് സഖ്യത്തിന് പ്രധാന വെല്ലുവിളി.