ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ വെനീസ് ട്രംപ് തപാല്‍ വഴി ലഭിച്ച പൊടി ശ്വസിച്ച് ആസ്പത്രിയില്‍. ട്രംപിന്റെ മൂത്തമകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ ഭാര്യയാണ് വെനീസ. തപാലില്‍ ലഭിച്ച പൊടി ശ്വസിച്ച് വെനീസക്കും കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്കും മനംപുരട്ടലുണ്ടായി. ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ വിലസത്തിലാണ് കത്ത് ലഭിച്ചത്. കത്ത് പൊട്ടിച്ച ഉടന്‍ തന്നെ വെനീസക്ക് തലകറങ്ങുന്നതായി അനുഭവപ്പെട്ടു.

തുടര്‍ന്ന് ന്യൂയോര്‍ക്കിലെ വെല്‍കോര്‍ണര്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. വെനീസയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചു. വെളുത്ത നിറത്തിലുള്ള പൊടിയാണ് അതിലുണ്ടായിരുന്നതെന്ന് ന്യൂയോര്‍ക്ക് പൊലീസ് വക്താവ് കാര്‍ളോസ് നീവ്‌സ് പറഞ്ഞു. വെനീസയുടെ മാതാവാണ് ആസ്പത്രിയിലായ മറ്റൊരാള്‍. ബോസ്റ്റണില്‍നിന്നാണ് തപാല്‍ അയച്ചതെന്ന് പൊലീസ് കരുതുന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് വിസമ്മതിച്ചു. കത്തിലുണ്ടായിരുന്ന വെളുത്ത പൊടി എന്തായിരുന്നുവെന്നതിനെക്കുറിച്ച് അവ്യക്തത തുടരുകയാണ്്. ഈ ആക്രമണം പ്രസിഡന്റ് ട്രംപിന്റെ നടപടികള്‍ക്കെതിരെ അല്ലെന്നും അദ്ദേഹത്തിന്റെ മകനെതിരെ ആണെന്നും അറിയിക്കുന്ന ഒരു കുറിപ്പും അതോടൊപ്പമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആന്ത്രാക്‌സ് ഭീഷണി കാരണം 2001 മുതല്‍ വെളുത്ത പൊടി അടങ്ങിയ കത്തുകള്‍ അമേരിക്ക ഭീതിയോടെയാണ് കാണുന്നത്. ഭാര്യയുടെ ആരോഗ്യസ്ഥിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വിഷമഘട്ടത്തില്‍നിന്ന് താനും കുടുംബവും മോചിതരായതായും ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ട്വിറ്ററിലൂടെ അറിയിച്ചു.