ദമസ്‌കസ്: വിമത നിയന്ത്രണത്തിലുള്ള ദൂമയില്‍ എഴുപതിലേറെ പേര്‍ കൊല്ലപ്പെട്ട രാസാക്രമണത്തിന്റെ പേരില്‍ സിറിയയെ ആക്രമിക്കുന്നതിനെതിരെ അമേരിക്കക്ക് റഷ്യയുടെ മുന്നറിയിപ്പ്.
സിറിയക്കെതിരെ അയക്കുന്ന ഏത് യു.എസ് മിസൈലും തകര്‍ക്കുമെന്ന് ലബനാനിലെ റഷ്യന്‍ അംബസാഡര്‍ അലക്‌സാണ്ടര്‍ സാസിപ്കിന്‍ പ്രഖ്യാപിച്ചു. മാത്രമല്ല, മിസൈല്‍ വിക്ഷേപിക്കുന്ന യു.എസ് കേന്ദ്രം തകര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിസ്ബുല്ലയുടെ ഉടമസ്ഥതയിലുള്ള അല്‍ മനാര്‍ ടിവിക്കുള്ള അഭിമുഖത്തിലാണ് അലക്‌സാണ്ടര്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയത്. സിറിയക്ക് നേരെ വരുന്ന മിസൈലുകള്‍ ആകാശമധ്യേ തകര്‍ക്കുമെന്ന് റഷ്യ മുമ്പും ഭീഷണി മുഴക്കിയിട്ടുണ്ട്.
പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെയും സൈനിക മേധാവി ജനറല്‍ വലേറി ജെറാസിമോവിന്റെയും വാക്കുകള്‍ ഉദ്ധരിച്ചാണ് അലക്‌സാണ്ടര്‍ അഭിമുഖത്തില്‍ സംസാരിച്ചത്. സിറിയയിലെ സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ അമേരിക്ക തീരുമാനിക്കുകയും റഷ്യന്‍ സൈനികര്‍ക്ക് യു.എസ് നടപടി ഭീഷണി സൃഷ്ടിക്കുകയും ചെയ്താല്‍ തന്റെ രാജ്യം ആയുധം ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സിറിയയില്‍ വിമതര്‍ക്കെതിരെ വന്‍ മുന്നേറ്റം നടത്താന്‍ റഷ്യക്ക് സാധിച്ചിട്ടുണ്ടെന്ന് അലക്‌സാണ്ടര്‍ അവകാശപ്പെട്ടു.
രാസായുധം പ്രയോഗിച്ചതിന് മറുപടിയായി സിറിയന്‍ ഭരണകൂടത്തിനും സഖ്യരാജ്യമായ റഷ്യക്കുമെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. സിറിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യു.എന്‍ രക്ഷാസമിതി അടിയന്തര യോഗത്തിലും അമേരിക്കയും റഷ്യയും ഏറ്റുമുട്ടിയിരുന്നു.
സിറിയക്കെതിരെ സൈനിക നടപടി ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കയും അങ്ങനെ സംഭവിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് റഷ്യയും യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.