കാബൂള്‍: സിറിയക്കു പിറകെ അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്കയുടെ നീക്കം. ആയിരത്തിലധികം യുഎസ് സൈനിക ട്രൂപുകളെയാണ് പിന്‍വലിക്കുന്നത്. 2001ല്‍ അമേരിക്ക അധിനിവേശം തുടങ്ങിയതു മുതല്‍ യു.എസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ തുടരുന്നുണ്ട്.

14000 യു.എസ് സൈനിക ട്രൂപുകളാണ് നിലവില്‍ അഫ്ഗാനിസ്ഥാനിലുള്ളത്. നാറ്റോ സൈന്യം അഫ്ഗാനില്‍ നിന്ന് ഒബാമയുടെ കാലത്ത് പിന്‍വാങ്ങിയെങ്കിലും താലിബാന്‍ വിരുദ്ധ പോരാട്ടത്തിന് അഫ്ഗാന്‍ സൈന്യത്തെ സഹായിക്കാനാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ തുടര്‍ന്നത്. താലിബാനുമായി അമേരിക്ക നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനമാടുത്തത്.

യു.എസ് സൈന്യത്തെ രാജ്യത്തു നിന്നും പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് താലിബാന്‍ അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ പ്രധാന ആവശ്യം. 17 വര്‍ഷം നീണ്ട അഫ്ഗാന്‍ അധിനിവേശത്തിനിടിയില്‍ 2400 സൈനികരെയാണ് അമേരിക്കക്ക് നഷ്ടമായത്.

കഴിഞ്ഞ ദിവസമാണ് സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ട്രംപ് തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പെന്റഗണ്‍ മേധാവി ജിം മാറ്റിസ് രാജിവെച്ചിരുന്നു