വാഷിങ്ടണ്‍: അമേരിക്ക വീണ്ടും സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുമെന്ന് സൂചന. അടുത്ത നാല് മണിക്കൂറിനകം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മെക്‌സിക്കന്‍ മതിലിന്റെ ബില്ല് പാസാക്കാന്‍ സെനറ്റ് വിസമ്മതിച്ചാല്‍ ഭരണസ്തംഭനമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

അതിര്‍ത്തി വഴിയുള്ള കുടിയേറ്റം തടയുന്നതിനയി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നത് ഡൊണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. മതിലിനായി 5.7 ബില്യണ്‍ ഡോളര്‍ അനുവദിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇത് അമേരിക്കന്‍ കോണ്‍ഗ്രസിലെ അധോസഭയായ ജനപ്രതിനിധി സഭ പാസാക്കി. ഇനി സെനറ്റിന്റെ അംഗീകാരം കൂടി വേണം. എന്നാല്‍ സെനറ്റില്‍ ഇക്കാര്യത്തില്‍ വോട്ടെടുപ്പ് നടന്നില്ല.

മതിലിന് പണം അനുവദിക്കുന്ന കാര്യത്തില്‍ ധാരണയിലെത്താനും സെനറ്റിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെങ്കില്‍ അടുത്ത മൂന്ന് മണിക്കൂറിനകം പൊതുഭരണത്തിനായി തുക ലഭിക്കാതെ വരും. എട്ട് ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതെ വരുമെന്നാണ് സെനറ്റ് അപ്രോപ്രിയേറ്റ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ആഭ്യന്തരസുരക്ഷാവിഭാഗം, ഗതാഗതം, കാര്‍ഷികം, നീതിന്യായവിഭാഗം എന്നിവയുടെ പ്രവര്‍ത്തനം നിലയ്ക്കും. ഏതാണ്ട് എട്ട് ലക്ഷം തൊഴിലാളികള്‍ക്ക് ശന്പളം നഷ്ടമാവും. കൂടാതെ നാസ, പാര്‍പ്പിടം, നഗരവികസനം, നാഷണല്‍ പര്‍ക്ക് സര്‍വീസ്, ആഭ്യന്തര സുരക്ഷ, കൃഷി, നീതിന്യായം തുടങ്ങി വിവിധ മേഖലകള്‍ സ്തംഭിക്കും.

മതിലിന് അനുകൂലമായും വിരുദ്ധമായും ജനങ്ങള്‍ക്കിടയിലും ക്യാംപയിനുകള്‍ നടക്കുന്നുണ്ട്. റിപബ്ലിക്കന്‍ ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ ബില്‍ പാസാക്കിയിരുന്നു. ജനുവരിയിലാണ് ഡമോക്രാറ്റ് അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ അധികാരമേല്‍ക്കുന്നത്.