ആലപ്പുഴ: വയലാറില്‍ എസ്.ഡി.പി.ഐ.-ആര്‍.എസ്.എസ്. സംഘര്‍ഷത്തിനിടെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ ഏഴ് എസ്.ഡി.പി.ഐക്കാര്‍ കസ്റ്റഡിയില്‍. അക്രമത്തില്‍ പരിക്കേറ്റവര്‍ ഉള്‍പ്പടെ ഉള്ളവര്‍ അറസ്റ്റിലായിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമായി തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു. ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമമാണ് നടക്കുന്നത്. ചേര്‍ത്തലയില്‍ നിരവധി കടകള്‍ കത്തിച്ചു.

ചിലകടകള്‍ അടിച്ചു തകര്‍ത്തു. വ്യാപകമായി വാഹങ്ങള്‍ തടഞ്ഞു. ആര്‍.എസ്.എസ്. നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാര്‍ ഗ്രാമപ്പഞ്ചായത്ത് നാലാംവാര്‍ഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകന്‍ നന്ദുകൃഷ്ണ(22)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വയലാര്‍ കടപ്പള്ളി കെ.എസ്.നന്ദു(23)വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടോടെ വയലാര്‍ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം.