ശ്വാസകോശവും ഹൃദയവും തലച്ചോറും ഉള്‍പ്പെടെയുള്ള നിരവധി അവയവങ്ങള്‍ക്ക് ആഘാതമേല്‍പ്പിക്കുന്നതിന് പുറമേ, ശരീരത്തിലെ രക്തപ്രവാഹത്തെ തകരാറിലാക്കി ആരോഗ്യമുള്ള യുവാക്കളില്‍ പോലും സങ്കീര്‍ണതകളുണ്ടാക്കാന്‍ കോവിഡിന് സാധിക്കും. കൊറോണ വൈറസ് രക്തയോട്ടത്തെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങള്‍ കോവിഡ് രോഗമുക്തി നേടി വളരെ കാലത്തിനു ശേഷം വേണമെങ്കിലും പ്രത്യക്ഷപ്പെട്ട് തുടങ്ങാമെന്നതിനാല്‍ ഇതിനെതിരെ ജാഗ്രത ആവശ്യമാണ്. ശരീരം നല്‍കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാത്ത പക്ഷം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കാം.

ധമനികളിലൂടെയും ഞരമ്പുകളിലൂടെയുമുള്ള രക്തയോട്ടം തടസ്സപ്പെടുന്ന അസാധാരണ ക്ലോട്ടിങ്ങാണ് കോവിഡിനോട് അനുബന്ധിച്ച് പലരിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വൈറസ് ശരീരത്തില്‍ ഉയര്‍ത്തുന്ന സൈറ്റോകീന്‍ തരംഗവും അണുബാധയ്ക്കെതിരെയുള്ള പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണവുമെല്ലാം ക്ലോട്ടിങ്ങിന് കാരണമാകാം. കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരില്‍ രക്ത ക്ലോട്ടിങ്ങ് പ്രശ്നങ്ങള്‍ വളരെ ഉയര്‍ന്ന തോതിലായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ഡീപ് വെയ്ന്‍ ത്രോംബോസിസ് ആണ് കോവിഡ് അണുബാധ ശരീരത്തിനേല്‍പ്പിക്കുന്ന മറ്റൊരു പാര്‍ശ്വഫലം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന നീര്‍ക്കെട്ടും വൈറസ് രക്തയോട്ടത്തെ ബാധിക്കുന്നത് മൂലമുണ്ടാകുന്നതാണ്. കൈകാലുകള്‍ക്ക് ഉണ്ടാകുന്ന മരവിപ്പ്, വേദന തുടങ്ങിയ ലക്ഷണങ്ങള്‍ നിസ്സാരമായി എടുക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
തൊലിപ്പുറത്തുണ്ടാകുന്ന തിണര്‍പ്പുകള്‍, നിറംമാറ്റം എന്നിവയും വൈറസ് രക്തപ്രവാഹത്തിന് നാശമുണ്ടാക്കുന്നതിന്റെ പ്രതിഫലനമാകാം. ഹൃദ്രോഗ ചരിത്രമില്ലാത്തവരില്‍ പോലും പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതയും കോവിഡ് വര്‍ധിപ്പിക്കുന്നു. രക്തത്തിലെ ക്ലോട്ട് ശ്വാസകോശത്തെ ബാധിക്കാമെന്നും ശ്വാസതടസ്സത്തിന് കാരണമാകുമെന്നും ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠനവും ചൂണ്ടിക്കാണിക്കുന്നു.