കൊച്ചി: കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്ത ബാര്‍ കോഴക്കേസിന്റെ അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു. കേസില്‍ സാഹചര്യ തെളിവുകളോ ശാസ്ത്രീയ തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് അവസാനിപ്പിക്കുന്നത്.
മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.എം മാണി കോഴ വാങ്ങിയതിന് തെളിവും കണ്ടെത്താനായിട്ടില്ല. പരാതിക്കാരനായ ബിജു രമേശ് തെളിവായി കോടതിയില്‍ ഹാജരാക്കിയ സിഡിയില്‍ കൃത്രിമമുണ്ടെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഈ സാഹചര്യത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിക്കുകയായിരുന്നു. ഇക്കാര്യം അറിയിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മന്ത്രി വി.എസ് സുനില്‍കുമാര്‍, ബാറുടമ ബിജു രമേശ്, ബിജെപി നേതാവ് വി.മുരളീധരന്‍ എന്നിവരുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നത്. കെ.എം മാണി ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപയുടെ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
അതിനിടെ, അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വിജിലന്‍സ് സംഘത്തിന് ഹൈക്കോടതി 45 ദിവസത്തെ സമയം കൂടി അനുവദിച്ചു.