ചെന്നൈ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന 800 എന്ന സിനിമിയില്‍ നിന്നും പിന്‍വാങ്ങിയ നടന്‍ വിജയ് സേതുപതിയുടെ മകള്‍ക്കു നേരെ ബലാത്സംഗ ഭീഷണി. ചിത്രത്തില്‍നിന്നു പിന്‍മാറുന്നതായി സൂചിപ്പിച്ച് ഇട്ട ട്വിറ്റര്‍ സന്ദേശത്തിലാണ് ബലാത്സംഗ ഭീഷണി വന്നത്.

ലങ്കന്‍ തമിഴ് വംശജരുടെ വേദന വിജയ് സേതുപതിയെ അറിയിക്കും എന്ന മുന്നറിയിപ്പോടെയാണ് ട്രോള്‍ രൂപത്തിലുള്ള ബലാത്സംഗ ഭീഷണി. എന്നാല്‍ റിത്വിക് എന്ന വ്യാജ അക്കൗണ്ടില്‍നിന്നാണ് ഭീഷണി പോസ്റ്റ് വന്നിരിക്കുന്നത്. ശ്രീലങ്കയിലെ തമിഴർ നയിക്കുന്ന ദുഷ്‌കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാൻ വേണ്ടി മകളെ ബലാത്സം​ഗം ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്.

സംഭവത്തില്‍ നടന്‍ വിജയ് സേതുപതി പൊലീസില്‍ പരാതി നല്‍കി. ഭീഷണിക്ക് പുറമെ പ്രായപൂര്‍ത്തിയാവാത്ത തന്റെ മകളുടെ ചിത്രം ട്വീറ്ററിലൂടെ പ്രചരിപ്പിക്കുന്നതായും വിജയ് സേതുപതി പരാതിയില്‍ അറിയിച്ചു. പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഭീഷണി ട്വീറ്റ് വൈറലായതോടെ വ്യാജ അക്കൗണ്ട് ഉടമക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗായിക ചിന്മയി ശ്രീപദയടക്കം നിരവധി പേര്‍ രംഗത്തെത്തി. സംഭവത്തില്‍ അപലപിച്ച ശ്രീപദ, വ്യാജ അക്കൗണ്ട് സംബന്ധിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തതായും നടപടിയെടുക്കാന്‍ ചെന്നൈ പോലീസിനോട് ആവശ്യപ്പെട്ടതായും ട്വീറ്റ് ചെയ്തു. അക്കൗണ്ടിന് പിന്നിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ ഭീഷണി സന്ദേശം റീട്വീറ്റ് ചെയ്തിട്ടുണ്ട്.

മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം വന്‍ വിവാദമായതോടെയാണ് വിജയ് സേതുപതി സിനിമയില്‍ നിന്നും പിന്‍വാങ്ങിയത്. മുരളീധരന്‍ തന്നെ ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ വിജയ് സേതുപതിയോട് ആവശ്യപ്പെട്ടതോടെയാണ് താരം അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.