ചെന്നൈ: ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിയാണ് മുത്തയ്യയായി എത്തുക. ചിത്രം ഔദ്യോഗികമായി അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പ്രഖ്യാപിച്ചു. എംഎസ് സ്രീപതിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സ്‌പോര്‍ട്‌സ് ഡ്രാമ, മൂവി ട്രെയിന്‍ മോഷന്‍ പിക്‌ചേഴ്‌സ്, ഡര്‍ മോഷന്‍ പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

മുത്തയ്യയുടെ ബയോപിക്കിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് നടന്‍ വിജയ് സേതുപതി അറിയിച്ചു. മുരളീധരനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക എന്നത് തന്നെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. താന്‍ അതിനായി കാത്തിരിക്കുകയാണെന്നും വിജയ് സേതുപതി അറിയിച്ചു.

ചിത്രത്തിന്റെ വരവേല്‍പിനായി മുരളീധരന്‍ ബൗള്‍ ചെയ്യുന്ന ആക്ഷനടക്കമുള്ള പോസ്റ്റര്‍ പങ്കുവച്ച് ചിത്രം പ്രഖ്യാപിച്ചു. മുത്തയ്യയുടെ ജീവിതവും പോരാട്ടവും പറയുന്ന ചിത്രമായിരിക്കും വരിക. അതേസമയം ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ചിത്രത്തിന്റെ പേര് ‘800’ ആണെന്നതടക്കം നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ പോസ്റ്ററില്‍ പേരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നുമില്ല.

2020ല്‍ ചിത്രം പുറത്തിറക്കാനായിരുന്നു തീരുമാനം. എന്നാല്‍ കോവിഡ് കാരണം നീണ്ടുപോയി.