തിരുവനന്തപുരം: വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്‌കറുടെ അകാലമരണത്തില്‍ കണ്ണീര്‍വാര്‍ത്ത് സാമൂഹ്യമാധ്യമങ്ങള്‍. കാറപകടത്തെ തുടര്‍ന്ന് ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നുവെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ഹൃദയസ്തംഭനം സംഭവിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ബാലഭാസ്‌ക്കറിന് പ്രാര്‍ഥനകളുമായി സാമൂഹ്യമാധ്യമങ്ങളും സജീവമായിരുന്നു. ആരോഗ്യനിലയില്‍ ഇന്നലെ വൈകിട്ട് നേരിയ പുരോഗതിയുണ്ടായെങ്കിലും വീണ്ടും സ്ഥിതി വഷളാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.

കഴിഞ്ഞ മാസം 25ന് പുലര്‍ച്ചെ നാല് മണിക്ക് തിരുവനന്തപുരം പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പിന് സമീപത്തെ ശ്രീപാദം കോളനിക്ക് മുന്നിലായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ച് തകര്‍ന്നത്. ഒപ്പമുണ്ടായിരുന്ന മകള്‍ തേജസ്വിനി ബാല(രണ്ട് വയസ്) അപ്പോള്‍ തന്നെ മരിച്ചിരുന്നു.

ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയില്‍ ഇപ്പോഴും ചികിത്സയിലാണ്. െ്രെഡവര്‍ അര്‍ജ്ജുനും ചികിത്സയിലാണ്. തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് തിരുമലയിലെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്.

ആദ്യമായി ബാലഭാസ്‌കര്‍ വയലിനുമായി സ്‌റ്റേജിലെത്തിയത് പന്ത്രണ്ടാം വയസിലാണ്. അഞ്ചു വര്‍ഷം തുടര്‍ച്ചയായി കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ വയലിനില്‍ ഒന്നാംസ്ഥാനം നേടിയ ബാലഭാസ്‌കര്‍ പതിനേഴാം വയസില്‍ മംഗല്യപ്പല്ലക്ക് എന്ന സിനിമയ്ക്ക് സംഗീതം ചെയ്ത് മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി. തുടര്‍ന്ന് മൂന്ന് സിനിമകള്‍ക്കും നിരവധി ആല്‍ബങ്ങള്‍ക്കും സംഗീതമൊരുക്കി. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയതും ഇന്തോ വെസ്‌റ്റേണ്‍ ഫ്യൂഷന്‍ പരിചയപ്പെടുത്തിയതും ബാലഭാസ്‌കറാണ്. പുതുതായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കിനിടയിലാണ് മകള്‍ക്ക് വഴിപാട് നടത്താന്‍ ബാലഭാസ്‌കര്‍ സമയം കണ്ടെത്തിയത്.