ലണ്ടന്‍: ക്ലബ്ബിനു വേണ്ടി തിയോ വാല്‍ക്കോട്ട് 100-ാം ഗോള്‍ നേടിയപ്പോള്‍ ആര്‍സനല്‍ എഫ്.എ കപ്പ് ക്വാര്‍ട്ടറില്‍. സറ്റണ്‍ യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഗണ്ണേഴ്‌സ് വീഴ്ത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ ബുധനാഴ്ച 5-1 ന് തോറ്റതിന്റെ ക്ഷീണം തല്‍ക്കാലത്തേക്കെങ്കിലും മറക്കാന്‍ ഈ ജയത്തോടെ ആര്‍സനല്‍ ആരാധകര്‍ക്കായി.

27-ാം മിനുട്ടില്‍ വാല്‍ക്കോട്ടിന്റെ ക്രോസില്‍ കാല്‍വെച്ച് ലൂകാസ് പെരസ് ആണ് ആര്‍സനലിന് ലീഡ് നല്‍കിയത്. 55-ാം മിനുട്ടില്‍ നാച്ചോ മോണ്‍റിയലിന്റെ ക്രോസില്‍ നിന്ന് മികച്ച ഫിനിഷിലൂടെ വാല്‍ക്കോട്ട് പട്ടിക പൂര്‍ത്തിയാക്കി.

ആര്‍സനലിനു വേണ്ടി 100 ഗോള്‍ നേടുന്ന 18-ാമത്തെ താരമാണ് വാല്‍ക്കോട്ട്. എഫ്.എ കപ്പില്‍ കഴിഞ്ഞ മൂന്ന് എവേ മത്സരങ്ങളിലായി ആറ് ഗോളുകള്‍ വാല്‍ക്കോട്ട് നേടിയിട്ടുണ്ട്. 2005-ല്‍ സതാംപ്ടണില്‍ നിന്ന് ആര്‍സനലിലെത്തിയ താരം ഇതുവരെയായി 252 ഔദ്യോഗിക മത്സരങ്ങള്‍ കളിച്ചു.