ജൂബ: കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിെന്റ കെടുതി നേരിടുന്ന ദക്ഷിണ സുഡാനിലെ കുട്ടികളുടെ ജീവന്‍ ഭീഷണിയിലെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി യുനിസെഫ്. രണ്ടര ലക്ഷം കുട്ടികള്‍ മരണത്തിെന്റ വക്കിലാണെന്നാണ് യുനിസെഫിന്റെ കണ്ടെത്തല്‍. വിഷയത്തില്‍ ലോകരാജ്യങ്ങളും സന്നദ്ധ സംഘടനകളും അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കില്‍ ആറു മാസത്തിനിടെ ഇത്രയും കുട്ടികള്‍ മരണത്തിന് കീഴടങ്ങുമെന്നും യുനിസെഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധ കെടുതിയില്‍ കഴിയുന്ന രാജ്യത്ത് രണ്ടുദിവസത്തെ സന്ദര്‍ശനം നടത്തിയ ശേഷമാണ് യുനിസെഫ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം രാജ്യത്തെ 70 ശതമാനം കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും യുനിസെഫ് ചൂണ്ടിക്കാട്ടി.

യുദ്ധം രാജ്യത്ത് പിടിമുറുക്കിയതോടെ കര്‍ഷകര്‍ കൃഷി അവസാനിപ്പിച്ചതും ആവശ്യാനുസരണം ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ ലഭിക്കാത്തതും രാജ്യത്തെ പട്ടിണി വര്‍ധിക്കുന്നതില്‍ വലിയ കാരണമായി. വേനല്‍കാലം വരാനിരിക്കുന്നതിനാല്‍ വെള്ളത്തിെന്റ ലഭ്യതയും പ്രതിസന്ധിയിലാണ്. യുദ്ധം തുടങ്ങിയ ശേഷം 25 ലക്ഷം കുട്ടികള്‍ക്ക് വീടുവിട്ടിറങ്ങി പോയിട്ടുണ്ട്. ഇതില്‍ മൂവായിരത്തോളം കുട്ടികള്‍ കൊല്ലപ്പെട്ടു. 19,000പേര്‍ ചെറുപ്രായത്തില്‍തന്നെ സായുധ ഗ്രൂപ്പുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു. പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്‌നങ്ങളും കുട്ടികളെയാണ് പ്രധാനമായും ബാധിച്ചത് യുനിസെഫ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എച്ച്.എച്ച് ഫോര്‍ പറഞ്ഞു.

രാജ്യത്ത് കാര്‍ഷികം-വിദ്യാഭ്യാസം-സമ്പദ്‌വ്യവസ്ഥ തുടങ്ങി സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥായാണെന്നും പ്രശ്‌നപരഹാരത്തിനായി ലോകരാജ്യങ്ങളും സന്നദ്ധ സംഘടനകളും വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2013ല്‍ പ്രസിഡന്റ് സല്‍വാ കീറിനെതിരെ അട്ടിമറി ശ്രമം നടന്നതായ ആരോപണത്തെതുടര്‍ന്നാണ് ദക്ഷിണ സുഡാനില്‍ ആഭ്യന്തരയുദ്ധം തുടങ്ങിയത്. കഴിഞ്ഞ ഡിസംബറില്‍ ഇരുവിഭാഗവും വെടിനിര്‍ത്തല്‍ കരാറിലെത്തിയെങ്കിലും ഇത് പലപ്പോഴായി ലംഘിക്കപ്പെടുകയാണ്.