ജോഹന്നാസ്ബര്‍ഗ്: ഫലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ പേരമകനും മാവ്‌സോ ട്രെഡീഷണല്‍ കൗണ്‍സില്‍ തലവനുമായ മണ്ട്‌ല മണ്ടേല. ഫലസ്തീന്‍ പ്രതിരോധത്തിന്റെ പ്രതീകമായ ബാലിക തമീമിയെ ആദരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി അവരെ ദക്ഷിണാഫ്രിക്കയിലേക്ക് ക്ഷണിക്കുമെന്നും മണ്ട്‌ല പറഞ്ഞു. നെല്‍സണ്‍ മണ്ടേലയുടെ നൂറാം ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായാണ് തമീമിയെ ആദരിക്കുക.

ധീരതയുടെയും ഫലസ്തീന്‍ പ്രതിരോധത്തിന്റെയും പ്രതീകമാണ് തമീമി. അവരെ ആദരിക്കുന്നത് ഫലസ്തീന്‍ ജനതയെ ആദരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രാഈല്‍ സൈനിക ഉദ്യോഗസ്ഥരെ അടിച്ചതിന്റെ പേരില്‍ എട്ടു മാസം നീണ്ട ജയില്‍വാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് തമീമി ഫലസ്തീനിലെത്തിയത്.

സഹോദരനെ റബ്ബര്‍കോട്ടഡ് മെറ്റല്‍ ബുള്ളറ്റ് കൊണ്ട് ഇസ്രാഈല്‍ സൈന്യം വെടിവെച്ചുവെന്ന വാര്‍ത്ത കേട്ടതിനു പിന്നാലെയാണ് തമീമി സൈനികരെ അടിച്ചത്. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച തമീമി വിതുമ്പിക്കൊണ്ടാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചത്. ഫലസ്തീനിയന്‍ വനിതാ തടവുകാരായ സഹോദരി തുല്യര്‍ മോചിതരാവാതെ തന്റെ സന്തോഷം പൂര്‍ണമാകില്ലെന്ന് തമീമി പ്രതികരിച്ചു.