ഹൈദരാബാദ്: തെലുങ്കാനയില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദ് നഗരത്തിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഘോഷമഹലില്‍ പാര്‍ട്ടിയുടെ നിലവിലെ എം.എല്‍.എ രാജാ സിങ്ങിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമരാജ്യം സ്ഥാപിക്കാനുള്ള ഉദ്യമം ബി.ജെ.പി ഏറ്റെടുത്തതായും തെലുങ്കാനയും ഇതില്‍ പങ്കാളിയാകണമെന്നും ആദിത്യനാഥ് ബേഗം ബസാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. എല്ലാ തീവ്രവാദ ആക്രമണങ്ങള്‍ക്കും ഹൈദരാബാദുമായി എന്തെങ്കിലും ബന്ധമുണ്ടാകും. മുസ്ലിം പ്രീണനം നമ്മുടെ രാഷ്ട്രീയത്തിന്റെ ഭാഗമല്ലായിരുന്നെങ്കില്‍ ഇത്തരം തീവ്രവാദ ആക്രമണങ്ങള്‍ നടക്കില്ലായിരുന്നു. കോണ്‍ഗ്രസ് തീവ്രവാദികള്‍ക്ക് ബിരിയാണി കൊടുത്തപ്പോള്‍ ബി.ജെ.പി അവര്‍ക്ക് വെടിയുണ്ടകളാണ് നല്‍കിയത്.- ആദിത്യനാഥ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.