editorial

ആരുടെ ഏജന്റ്

By webdesk18

November 30, 2025

കേരളത്തില്‍ ബി.ജെ.പിയുടേയും കേന്ദ്ര സര്‍ക്കാറിന്റേയും ഏജന്റ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആണെന്നാണ് പൊതുവെ ആളുകളുടെ ധാരണ. എന്നാല്‍ ആര്‍ലേക്കറെക്കാളും കേന്ദ്രത്തിന് ആവശ്യമായതെല്ലാം രഹസ്യമായി ചെയ്തു കൊടുക്കുന്ന മറ്റൊരാളുണ്ട്. അത് സാക്ഷാല്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയാണ്. അതിപ്പോള്‍ വിദ്യാഭ്യാസ മേഖലയെ കാവി പുതപ്പിക്കാനുള്ള പി.എം ശ്രീ ആണെങ്കിലും തൊഴിലാളികളെ അടിമകളാക്കാനുള്ള ലേബര്‍ കോഡാണെങ്കിലും ഇരു ചെവിയറിയാതെ കേന്ദ്രത്തിന് വേണ്ടി പണിയെടുക്കുകയും പിന്നീട് ഞാനൊന്നുമറിഞ്ഞില്ല രാമ നാരായണ എന്ന രീതിയില്‍ നാടകം കളിക്കുകയുമാണ് ടിയാന്റെ സ്ഥിരം പല്ലവി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഭാഷയില്‍ പറഞ്ഞാല്‍ ക്രോണോളജി നോക്കിയാല്‍ എല്ലാം പിടികിട്ടും. പക്ഷേ ഒന്നുണ്ട് വടകരയില്‍ തോറ്റ സി.പി.എമ്മിന്റെ ഏറ്റവും വലിയ പി.ആര്‍ബിംബത്തിന് ശേ ഷം പിണറായി കഴിഞ്ഞാല്‍ നന്നായി പി.ആര്‍ വര്‍ക്ക് നടക്കുന്ന വകുപ്പ് വിദ്യാഭ്യാസ വകുപ്പാണ്. സ്‌കൂള്‍ കുട്ടികളുടെ യൂണിഫോം രണ്ട് വര്‍ഷമായി ലഭിക്കുന്നില്ല. കുട്ടികളുടെ എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് തുക പിണറായി വന്നതില്‍ പിന്നെ പിള്ളാര്‍ കണ്ടിട്ടില്ല. ഒരുമാതിരിപ്പെട്ട എല്ലാ സ്‌കോളര്‍ഷിപ്പുകള്‍ക്കു മേലെയും കോടാലിവെച്ചു. എന്നിട്ടും പി.ആര്‍ ഏജന്‍സികളെ വെച്ച് മാമന്‍ വിളിയുമായി നല്ല പിള്ള ചമയാന്‍ മന്ത്രിക്ക് അപാര സിദ്ധിയാണ്. ഈയിടെയായി മറ്റുള്ളവര്‍ക്ക് ധാര്‍മികതയുടെ സ്റ്റഡിക്ലാസും മന്ത്രിവകയുണ്ട്. എന്തിനേറെ പറയുന്നു നിയമസഭയില്‍ സംഹാര താണ്ഡവമാടി ശിവന്‍കുട്ടി താണ്ഡവം എന്നൊരു കല തന്നെ സൃഷ്ടിച്ച മന്ത്രി അടുത്തിടെ പ്രതിപക്ഷ എം.എല്‍.എമാരോട് സഭയില്‍ പെരുമാറേണ്ടതെങ്ങനെ എന്നതിനെ കുറിച്ച് ക്ലാസെടുക്കുന്നത് വരെ കണ്ടിരുന്നു.

ലേബര്‍ കോഡിനെതിരെ വലിയ പ്രതിഷേധം രാജ്യത്തുടനീളം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് 2021 ഡിസംബര്‍ 14ന് കേരളം കേന്ദ്ര ലേബര്‍ കോഡിനായി കരട് ചട്ടം രൂപീകരിച്ചു എന്നുള്ള വാര്‍ത്ത പുറത്ത് വന്നത്. അഞ്ച് അധ്യായങ്ങളും നിരവധി ഖണ്ഡികകളുംമുള്ള വലിയൊരു കരട് ആണ് തയ്യാറാക്കിയിരിക്കുന്നത് അതെക്കുറിച്ച് തൊഴില്‍ മന്ത്രി കൂടിയായ ശിവന്‍കുട്ടി തന്നെയാണ് പറയുന്നത് ഇത് ഉദ്യോഗ സ്ഥലത്തില്‍ ഉണ്ടായ ചില നീക്കങ്ങള്‍ മാത്രമാണ് അത് വിജ്ഞാപനം ഒന്നും വന്നിട്ടില്ല എന്നൊക്കെ. പക്ഷേ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കേണ്ട ഒരു വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെയാണ് ഒറ്റക്കൊരുതീരുമാനത്തില്‍ എത്താനും വിശദമായ ചര്‍ച്ച നടത്താനും അതനുസരിച്ച് കരട് ചട്ടം നിര്‍മിക്കാനുമാവുക. മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലേബര്‍ കോഡ് ആ തൊഴില്‍ നയങ്ങള്‍ വ്യവസായ വല്‍ക്കരണം വ്യവസായ വികസനം എന്നിവക്ക് വേണ്ടി കുറച്ചുകൂടി എളുപ്പത്തിലുള്ള വഴികള്‍ തുറക്കുക എന്ന ഉദ്ദേശത്തെ മുന്‍നിര്‍ത്തികൊണ്ടാണ് നിയമങ്ങള്‍ മാറ്റുന്നത് അത് തൊഴിലാളി സൗഹൃദമാണ് തൊഴില്‍ സൗഹൃദമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു എന്നാല്‍ അടിസ്ഥാനപരമായി കോര്‍പ്പറേറ്റുകളെയും വന്‍കിട കമ്പനികളേയും നിക്ഷേപകരേയും സഹായിക്കുക എന്നതാണ് ഇതിന്റെ അത്യന്തികമായ ലക്ഷ്യം.

ജനകീയമായ പല എതിര്‍പ്പുകളെയും മറികടന്നിട്ടായാലും വികസനമെന്ന പേരില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പോലും കവര്‍ന്ന സര്‍ക്കാറാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. അതുകൊണ്ട് തന്നെ ലേബര്‍ കോഡില്‍ കേരളം അനുകൂല നിലപാടെടുത്താലും ആര്‍ക്കും അത്ഭുതപ്പെടേണ്ടതായി ഒന്നുമില്ല. കേരളത്തില്‍ ലേബര്‍ കോഡ് നടപ്പാക്കാന്‍ സമ്മതിച്ചിട്ട് ഉദ്യോഗസ്ഥര്‍ ചെയ്തതാണെന്ന് അദ്ദേഹം പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം അദ്ദേഹം അവിടെ ഇരിക്കാന്‍ അര്‍ഹനല്ല എന്നുള്ളതാണ്. നേരത്തെ പി.എം ശ്രീയുടെ കാര്യത്തിലും ഇതേ അഴകൊഴമ്പന്‍ നിലപാടാണ് മന്ത്രിയും സര്‍ക്കാറും സ്വീകരിച്ചിരുന്നത്. ഇപ്പോഴും പി.എം ശ്രീയില്‍ നിന്നും സാങ്കേതികമായി സര്‍ക്കാര്‍ പിന്‍മാറിയിട്ടും ഇല്ല. ഇതിനേക്കാള്‍ മാരകമായ പിഎം ശ്രീയുടെ കാര്യത്തില്‍ കേരളം എംഒയു ഒപ്പുവെച്ചിട്ടുണ്ട്. പിഎം ശ്രീ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ നിലവില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാത്ത വെറും സര്‍ക്കാറിന്റെ ഏറാന്‍മുളികളായ എസ്എഫ്‌ഐയടക്കം പ്രതിഷേധം നയിക്കുമ്പോള്‍ അതേ സമയത്താണ് ഒപ്പുവെച്ചത്.

സ്വന്തം താല്പര്യങ്ങളെ സ്വന്തം പാര്‍ട്ടിയുടെ മുന്നണിയുടെ താല്പര്യങ്ങളെ സംരക്ഷി ക്കാന്‍ അതിന്റെ സംരക്ഷകനായി ഇരിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ ആരെയാ ഇവര്‍ സംരക്ഷിക്കുന്നത്. കേന്ദ്ര താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ നിലകൊള്ളുന്നതെന്നത് നിസ്സംശയം പറയാം. ഉദ്യോഗസ്ഥര്‍ ചെയ്തത് എന്ന് പറഞ്ഞു തടി തപ്പുകയാണ് മന്ത്രി സ്ഥിരം ചെയ്യുന്നത്. വി മര്‍ശനം വരുമ്പോള്‍ മന്ത്രി ശിവന്‍കുട്ടിയുടെ ഇടതുപക്ഷ പാരമ്പര്യം നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടാണെന്നൊക്കെയാണ് ഇതിന് മറുപടി വരുക. പാലത്തായിയിലെ പീഡന വീരനെ സംരക്ഷിക്കാനായി വര്‍ഗീയത കേറ്റി തരാതരം പറയുന്ന സി.പി.എം തന്നെയാണ് ഇവിടെ ഭരിക്കുന്നതെന്നത് മറക്കരുത്. ഉദ്യോഗസ്ഥരാണെങ്കിലും ഈ സര്‍ക്കാറിനു കീഴിലെ ഉദ്യോഗസ്ഥരാണ്. കേന്ദ്ര പദ്ധതികള്‍ ആവേശപൂര്‍വം ആദ്യം നടപ്പിലാക്കി കാണിക്കുന്ന സ്ഥിരം പരിപാടിയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ഓര്‍ക്കുക സവര്‍ണ സംവരണം രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് ഇതേ സര്‍ക്കാറാണ്.

അവിടെയും നഷ്ടം സംഭവിച്ചത് പിന്നാക്ക വിഭാഗത്തിനായിരുന്നു. എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ ന്യൂനപക്ഷ വിഭാഗക്കാരുടെ പത്രങ്ങളില്‍ ന്യൂനപക്ഷ സംരക്ഷകരെന്ന ലേബലില്‍ പര്യസ്യം ചെയ്യുകയും സ്റ്റേജിലേക്ക് തൊപ്പി വെച്ച ചിലരെ കൊണ്ടുവന്ന് ഷോ കാണിക്കുകയുമൊക്കെയാണ് ഇവരുടെ പതിവ് നമ്പര്‍. അതായത് കേന്ദ്രത്തില്‍ മുണ്ടുടുക്കാത്ത മോദി ചെയ്യുന്നതിന്റെ ഫോട്ടോസ്റ്റാറ്റാണ് കേര ളത്തില്‍ പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. എന്ത് നടത്തിയാലും ന്യായീകരിക്കാന്‍ താത്വികലവലില്‍ പാര്‍ട്ടി സെക്രട്ടറിയും കൂലിക്ക് വെച്ച പി.ആര്‍ ടീമും രണ്ട് പെയ്ഡ് ചാനലുകളും ഉള്ളതാണ് ഈ സര്‍ക്കാറിന്റെ ഏക ആശ്വാസം. സംഘ് പരിവാറിനേതിരെയുള്ള നിലപാട് കാലഘട്ടത്തിന നുസരിച്ചു മാറ്റാന്‍ ഉള്ളതാണെന്നും എത്ര ലാഘവത്തോടെയാണ് വിദ്യാഭ്യാസ മന്ത്രിയും, ഇടത് നേതാക്കളും പറഞ്ഞു വെക്കുന്നത്. ഇവരെയൊക്കെ നിലപാടിന്റെ രാജകു മാരന്‍മാര്‍ ആക്കുന്ന സൈബര്‍ ഇടത്തിലെ കൂലി എഴുത്തുകാര്‍ വരെ പിണറായി ഭക്തി മുത്ത് സംഘ അജണ്ടയില്‍ വിണു പോകുമ്പോള്‍ കേരളം തീര്‍ച്ചയായും ഭയക്കേണ്ടതുണ്ട്.