വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ അവരുടെ മാതൃ കമ്പനിയായ ഫെയ്‌സ്ബുക്കുമായി കൂടുതല്‍ ഡേറ്റ പങ്കിടാന്‍ ആവശ്യപ്പെടുന്ന പുതിയ നയമാറ്റത്തെക്കുറിച്ച് തുര്‍ക്കി അന്വേഷണം ആരംഭിച്ചു. ഫോണ്‍ നമ്പറുകളും ലൊക്കേഷനുകളും ഉള്‍പ്പെടെയുള്ള ഉപയോക്തൃ ഡേറ്റ ശേഖരിക്കാനും പങ്കുവെക്കാനും ഫെയ്‌സ്ബുക്കിനെ അനുവദിക്കാനാണ് നീക്കം നടക്കുന്നത്. ഇതേതുടര്‍ന്നാണ് നടപടി.

ഇപ്പോഴത്തെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ നയമാറ്റം അംഗീകരിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ഇരു കമ്പനികളോടും നിര്‍ദേശിച്ചതായി തുര്‍ക്കി കോംപറ്റീഷന്‍ ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഓപ്പറേറ്ററായ തുര്‍ക്കെലിന്റെ ബിപി പോലുള്ള വാട്‌സാപിന് അനുകൂലമായി പ്രാദേശികമായി വികസിപ്പിച്ച മറ്റ് മെസേജിങ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ മന്ത്രിമാര്‍ പൗരന്മാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

വിദേശ ആപ്ലിക്കേഷനുകള്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് തുര്‍ക്കിയിലെ ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ ഓഫിസ് മേധാവി അലി തഹാ കോക് പറഞ്ഞു. ഡേറ്റാ സ്വകാര്യതയുടെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം അംഗീകരിക്കാനാവില്ലെന്നും കോക്ക് ശനിയാഴ്ച ട്വീറ്റ് ചെയ്തു.