വിപ്ലവകരമായ തീരുമാനവുമായി ജോര്‍ദാന്‍. ജോര്‍ദാന്‍ ഭരണകൂടം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നു. നിര്‍മ്മാണം, കാര്‍ഷികം തുടങ്ങിയ മേഘലകളിലാണ് അഭയാര്‍ത്ഥികള്‍ക്ക് ജോലിചെയ്യാന്‍ അവസരമൊരുക്കുക. മേഖലയില്‍ വിപ്ലവകരമായ ചലനങ്ങളുണ്ടാക്കുന്നതാണ് ജോര്‍ദാന്‍ ഭരണകൂടത്തിന്റെ നീക്കമെന്നാണ് വിദഗ്ധര്‍ വിലയിരുത്തപ്പെടുന്നു.

പല അഭയാര്‍ത്ഥി ക്യാമ്പുകളിലും തൊഴിലില്ലായ്മയും പട്ടിണിയും മൂലം കടുത്ത ദുരിതമാണ് അനുഭവപ്പെടുന്നത്. നിയമ വിധേയമായി ജോലി ചെയ്യാനുള്ള അനുമതിയില്ലാത്തതിനാല്‍ പലരും അടിമ സമാനമായ സാഹചര്യങ്ങളിലും വളരെക്കുറഞ്ഞ ശമ്പളത്തിലുമാണ് ജോലി ചെയ്തിരുന്നത്. ഈ സാഹചര്യത്തില്‍ ജോര്‍ദാന്‍ ഭരണകൂടത്തിന്റെ പുതിയ തീരുമാനം രാജ്യത്ത് കഴിയുന്ന 13 ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍.

നിയമ പ്രകാരമുളള ജോലിക്കനുമതി ലഭിക്കുന്നതോടെ കൃത്യമായ വേതന വ്യവസ്ഥയും തൊഴില്‍ സുരക്ഷിതത്വവും ലഭ്യമാവും എന്ന പ്രതീക്ഷയിലാണ് ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ഥികള്‍. ജോര്‍ദാന്‍ സ്വദേശികള്‍ പൊതുവെ ജോലി ചെയ്യാന്‍ വൈമനസ്യം കാണിക്കുന്ന നിര്‍മാണ, കാര്‍ഷിക മേഖലകളിലാണ് അഭയാര്‍ഥികള്‍ക്ക് വര്‍ക് പെര്‍മിറ്റ് അനുവദിക്കുന്നത്.