ബെംഗളൂരു: തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ജനങ്ങളോട് എന്ത് കള്ളവും പറയാമെന്ന് പ്രവര്‍ത്തകര്‍ക്ക് ബിജെപി നേതാവിന്റെ ഉപദേശം. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും വേണ്ടി നമ്മള്‍ എന്തു ചെയ്തുവെന്ന് നമ്മള്‍ ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കണം. ഇനിയിപ്പൊ നിങ്ങള്‍ക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ലെങ്കില്‍ കുറച്ചു കള്ളവും പറയാം എന്നായിരുന്നു പ്രവര്‍ത്തകരോട് ബി.ജെ.പി നേതാവിന്റെ ഉപദേശം. കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന കെ.എസ് ഈശ്വരപ്പയാണ് പ്രവര്‍ത്തകര്‍ക്ക് ഇത്തരമൊരു ഉപദേശം നല്‍കിയത്.

കര്‍ണാടകയിലെ കോപ്പാല്‍ മേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ഡിസംബര്‍ നാലിനാണ് ഈശ്വരപ്പ ഇത്തരത്തില്‍ സംസാരിച്ചത്. ഈശ്വരപ്പ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കാമ്പയിനുകളിലൂടെ ബിജെപി കള്ളം പ്രചരിപ്പിക്കുകയാണെന്നും ഇതാണ് ബിജെപിയുടെ സംസ്‌കാരമെന്ന വിമര്ശനവുമായി കോണ്‍ഗ്രസ്സ രംഗത്തെത്തി

ബിജെപിയുടെ നേട്ടങ്ങളെ കുറിച്ചെല്ലാം നമ്മള്‍ ജനങ്ങളോട് സംസാരിക്കണം. കേന്ദ്രത്തിലെ നേട്ടങ്ങളെ കുറിച്ചും ഇങ്ങ് കര്‍ണാടകയില്‍ എന്തെല്ലാം ചെയ്യുമെന്നതിനെകുറിച്ചുമെല്ലാം പറയണം. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും വേണ്ടി നമ്മള്‍ എന്തു ചെയ്തുവെന്ന് നമ്മള്‍ ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കണം.

ഇനിയിപ്പൊ നിങ്ങള്‍ക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ലെങ്കില്‍ കുറച്ചു കള്ളവും പറയാം. നമ്മള്‍ രാഷ്ട്രീയക്കാരാണ്. ഒരു വിഷയത്തെ കുറിച്ച് നമുക്ക് അറിവില്ലെന്ന് ഒരിക്കലും നമ്മള്‍ പറയാന്‍ പാടില്ല’, ഈശ്വരപ്പ പറഞ്ഞു.

‘വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പാകിസ്താന്‍ ഇന്ത്യയെ ആക്രമിക്കാന്‍ ധൈര്യം കാണിച്ചിരുന്നില്ല. എന്നാല്‍ മന്‍മോഹന്‍ സിങ് അധികാരത്തിലേറിയപ്പോള്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് നേരെ പാകിസ്താന്‍ സൈന്യത്തിന്റെ ആക്രമണമുണ്ടായി. എന്നാല്‍ മോദി പ്രധാനമന്ത്രിയായപ്പോള്‍ പാകിസ്താന്റെ 10 പട്ടാളക്കാരെ തീര്‍ത്തെന്ന് നിങ്ങള്‍ പറയണം. അങ്ങനെയാണ് നിങ്ങള്‍ വിഷയത്തെ വളച്ചൊടിക്കേണ്ടത്. ഇനി നിങ്ങള്‍ക്ക് കാര്യങ്ങളറിയില്ലെങ്കില്‍ മോദിയുടെ വ്യക്തിത്വം ഉപയോഗപ്പെടുത്തി കാര്യങ്ങള്‍ അവതരിപ്പിക്കുക’, ഈശ്വരപ്പ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.