കാസര്‍കോട്: അന്ത്യോദയ എക്സ്പ്രസിന് സ്റ്റേപ് അനുവദിക്കുക എന്ന പൊതുജനാ ആവിശ്യത്തിനായി ഏറെ നാളായി തുടരുന്ന പ്രതിഷേധത്തിന് ഒടുവില്‍ ഫലം കണ്ടു. അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ച് കൊണ്ട് റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടു. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സ്റ്റോപ്പ് അനുവദിക്കുക.

പുതിയതായി സര്‍വീസ് ആരംഭിച്ച കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് നേരത്തെ ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍ സമരം നടന്നിരുന്നു. കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ട്രെയിന്‍ തടഞ്ഞത്. തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ഈ സമയം മുസ്ലിം ലീഗ് പ്രവത്തകര്‍ ട്രാക്കിലേക്ക് ഇരച്ചുകയറുകയും ട്രെയിന്‍ തടയുകയുമായിരുന്നു.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എ അബ്ദുല്‍ റഹ്മാന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, എ.എ ജലീല്‍, എ.എം കടവത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ട്രെയിന്‍ തടഞ്ഞത്.

സ്റ്റോപ്പ് അനുവദിക്കണമെന്ന പൊതുജവ ആവശ്യം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ, യൂത്ത്കോണ്‍ഗ്രസ് അടക്കമുള്ളവരും സമരം നടത്തിയിരുന്നു.

സമരക്കാര്‍ രാജ്യസഭാ എം.പി വി.മുരളീധരന് നിവേദനവും നല്‍കിയിരുന്നു. തുടര്‍ന്നാണ് താത്കാലികായി സ്റ്റോപ്പ് അനുവദിച്ച് കൊണ്ട് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ഉത്തരവിറക്കിയത്.