തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരായ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചില്ലങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. അന്വേഷണം നടത്തുമോയെന്നറിയാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. അതിന്റെ മറുപടി അനുസരിച്ച് തീരുമാനമെടുക്കും. അന്വേഷണം നടത്തിയാല്‍ കുടുങ്ങുമെന്ന് ഉറപ്പുള്ളതിനാലാണ് മുഖ്യമന്ത്രിയും മന്ത്രിയും അന്വേഷണത്തിന് തയാറാകാത്തതെന്നും ഫിറോസ് തിരുവനന്തപുരത്ത് പറഞ്ഞു.

മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെതിരായ മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന കേസില്‍ ഉടന്‍ കുറ്റപത്രം നല്‍കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. സെന്‍കുമാറിന്റെ ആര്‍.എസ്.എസ് ബന്ധം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. അതിനാല്‍ അദേഹം സര്‍വീസിലിരിക്കെയെടുത്ത പലനടപടികളിലും ആശങ്കയുണ്ട്. സെന്‍കുമാറിനെതിരെ പറയുന്ന പിണറായി സര്‍ക്കാര്‍ അദേഹത്തിനെതിരായ കേസുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും ഫിറോസ് ആരോപിച്ചു.