കൊച്ചി: ശബരിമലയിൽ നാറാണത്തു ഭ്രാന്തനെ പോലെ ആണ് സർക്കാർ പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവർ തന്നെ സ്ത്രീകളെ കൊണ്ടുവരുന്നു അതേ സ്പീഡിൽ അവർ തന്നെ തിരിച്ചിറക്കുന്നു. മനിതി സംഘത്തെ ആരാണ് കൊണ്ടുവന്നത് എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പി സമരം ഉഷാറാക്കുന്ന ചുമതല സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്. ബി.ജെ.പിക്ക് ക്ഷീണം വരുമ്പോഴൊക്കെ ശക്തിപ്പെടുത്തുന്നത് സി.പി.എം അജണ്ടയായി സ്വീകരിച്ചിരിക്കുന്നു. ഇത് ജനം തിരിച്ചറിയും.

എന്തിനാണ് വനിതാ മതിലെന്ന് സര്‍‍ക്കാര്‍ വ്യക്തമാക്കണം. നവോഥാനത്തിന് ഇവിടെ ഒരു കുഴപ്പവും ഇല്ല. ഇല്ലാത്ത പ്രശ്‌നത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് സർക്കാർ ശ്രമം. ഏതാനും ഹിന്ദു സംഘടനകളെ മാത്രം വിളിച്ചു കൂട്ടി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മതിലിൽ നിന്ന് ജനങ്ങൾ വിട്ടു നിൽക്കണമെന്നും ചെന്നിത്തല ആഹ്വാനം ചെയ്തു. വനിതാ മതിൽ എന്ന വർഗീയ മതിലിൽ പങ്കെടുക്കാൻ കുടുംബശ്രീ പ്രവർത്തകരെ അടക്കം സി.പി.എം ഭീഷണിപ്പെടുത്തുകയാണ്. പെൻഷൻകാരെ പോലും വെറുതെ വിടുന്നില്ല. കുടുംബശ്രീ, ആശാ വർക്കർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍
ശ്രമിക്കുകയാണ്. വർഗീയ മതിലിനായി ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്ന വകുപ്പ് മേധാവികൾ കോടതിയിൽ മറുപടി പറയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് ഓർമ്മിപ്പിച്ചു.