ബംഗളൂരുവിന്റെ റോക്ക ഐ.എസ്.എല്ലിലെ പെപ് ഗ്വാര്‍ഡിയോള

ബംഗളൂരു: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യമായി കളിക്കുന്ന ബംഗളൂരു എഫ്‌സിയുടെ കുതിപ്പിന് പിന്നില്‍ അവരുടെ കോച്ച് ആല്‍ബര്‍ട്ട് റോക്കയായിരുന്നു. കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തില്‍ ടീമിനെ മികച്ച വിജയങ്ങളിലേക്ക് നയിച്ചതാണ് സ്‌പെയിനില്‍ നിന്നുള്ള ഈ പരിശീലകന് ഗുണമായത്. 2016 ജൂലായിലാണ് റോക്കയെ ബംഗളൂരു എഫ്‌സി കൊണ്ടു വരുന്നത്. എഎഫ്‌സി കപ്പില്‍ ടീമിനെ നോക്കൗട്ട് സ്‌റ്റേജില്‍ എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ദൗത്യം. അത് മനോഹരമായി അദ്ദേഹം നടപ്പാക്കുകയും ചെയ്തു. മലേഷ്യയിലെ ചാമ്പ്യന്‍ ക്ലബ്ബായ ജോഹൊര്‍ ദാരുല്‍ താസിമിനെ തോല്‍പ്പിച്ച് ബംഗളൂരു ചരിത്ര വിജയം നേടി. എന്നാല്‍ അവസാന ഘട്ടില്‍ അല്‍ ഖിവ അല്‍ ജവിയയോട് തോല്‍ക്കുകയും ചെയ്തു.

അടുത്തത് ഐ ലീഗ് ആയിരുന്നു. പ്രതീക്ഷിച്ചത് പോലെ അവര്‍ തുടക്കത്തില്‍ മൂന്നു വിജയങ്ങളും നേടി. പക്ഷെ പിന്നീട് ജയമില്ലാത്ത ഏഴ് മത്സരങ്ങളായിരുന്നു. സ്വന്തം മണ്ണില്‍ ഈസ്റ്റ് ബംഗാളിനോട് 3-1 ന് തോറ്റതും അവരെ തളര്‍ത്തി കളഞ്ഞു. എന്നാല്‍ അവസാന നാലു മത്സരങ്ങള്‍ വിജയിച്ച് അവര്‍ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. കൂടുതല്‍ പണം ചിലവാക്കി വാര്‍ത്തെടുത്ത ബംഗളൂരുവിനെ പോലൊരു ക്ലബ്ബിന് താങ്ങാന്‍ പറ്റുന്നതിലധികമായിരുന്നു ഇത്. അതോടെ കോച്ച് റോക്കോ പുറത്താകുമെന്ന അഭ്യൂഹവും പരന്നു. അദ്ദേഹത്തിന്റെ അവസാന ടൂര്‍ണ്ണമെന്റ് ഫെഡറേഷന്‍ കപ്പ് ആയിരിക്കുമെന്നായിരുന്നു പ്രചരണം. ഗ്രൂപ്പ് സ്‌റ്റേജില്‍ പരുങ്ങി കളിച്ച ടീം ഒരു വിധം ഫൈനലില്‍ എത്തി. എക്‌സ്ട്രാ ടൈമില്‍ ഗോളടിച്ച് മോഹന്‍ ബഗാനെ തോല്‍പ്പിച്ച് കപ്പടിച്ച് ടീം എല്ലാവരേയും ഞെട്ടിച്ചു. ഈ വിജയം ഏഎഫ്‌സി കപ്പിലെ പ്ലേ ഓഫില്‍ കളിക്കാന്‍ അവര്‍ക്ക് അവസരമൊരുക്കി. ഇതാണ് റോക്കയ്ക്ക് വഴിത്തിരിവായത്. ക്ലബ്ബ് മാനേജ്‌മെന്റ് അദ്ദേഹത്തിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കി. ബാക്കിയെല്ലാം ചരിത്രം.

ഐഎസ്എല്ലില്‍ ലീഗ് മത്സരങ്ങളില്‍ മറ്റൊരു ടീമിനും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത രീതിയില്‍ 40 പോയിന്റുമായാണ് ബംഗളൂരു എഫ്‌സി സെമിയിലേക്ക് കടന്നത്. ഗ്രൂപ്പ് സ്‌റ്റേജില്‍ എല്ലാ ടീമുകളേയും അവര്‍ തോല്‍പ്പിച്ചു. എല്ലാ മത്സരങ്ങളിലും അവര്‍ മികച്ച ഫോമിലുമായിരുന്നു. അവരുടെ വിജയ ശതമാനം 72.2 ആണ്. കഴിഞ്ഞ 22 വര്‍ഷത്തെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ മറ്റൊരു ടീമിനും അവകാശപ്പെടാന്‍ കഴിയാത്തതാണിത്. ഇതൊക്കെ ആല്‍ബര്‍ട്ട് റോക്ക എന്ന കോച്ചിന് അവകാശപ്പെട്ടതാണ്. അദ്ദേഹമാണ് ഈ ടീമിനെ ഇന്നത്തെ രീതിയില്‍ വാര്‍ത്തെടുത്തത്.

 

കഴിഞ്ഞ നാലു സീസണുകളിലും ബംഗളൂരുവിന് ടോപ് സ്‌കോററായി ഒരു വിദേശ കളിക്കാരന്‍ ഉണ്ടായിട്ടില്ല. സുനില്‍ ഛേത്രിയെ അധികമായി ആശ്രയിക്കുന്ന ടീമിന്റെ ഘടനയെ കുറിച്ച് റോക്കയ്ക്ക് നല്ലപോലെ അറിയാമായിരുന്നു. അങ്ങിനെയാണ് വെനസ്വേലക്കാരനായ മിക്കു ടീമില്‍ എത്തുന്നത്. വലിയ വിലയ്ക്ക് വാങ്ങിയ മിക്കു അതിനനുസരിച്ച് തന്റെ റോളും ഭംഗിയാക്കി

ടീമിന്റെ കളിയില്‍ റോക്കയ്ക്ക് ഒരു പദ്ധതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രതിരോധത്തില്‍ നാലു പേരെ അണിനിരത്തിയുള്ള പരീക്ഷണം. പിന്നീട് അത് മൂന്നു പേരിലേക്ക് മാറ്റി. പന്ത് കയ്യില്‍ വെക്കുന്നതില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ടീമായിരുന്നു റോക്കയുടേത്. വേഗതയേറിയ കൗണ്ടര്‍ അറ്റാക്കില്‍ ശ്രദ്ധിച്ച അവര്‍ കൂടുതല്‍ വിജയങ്ങളും സ്വന്തമാക്കി. പ്രതിരോധത്തില്‍ ഒരു വിദേശ കളിക്കാരന്‍ മാത്രമായിരുന്നു തുടക്കത്തില്‍. പിന്നീട് ജോനന്‍, ജോണ്‍ ജോണ്‍സണ്‍ എന്നിവര്‍ ഈ സ്ഥാനത്തെത്തി. എല്ലാ തരത്തിലും പല തന്ത്രങ്ങളും ഉപയോഗിച്ച ടീം.

ഫെബ്രുവരിയില്‍ ടീം ഏഴ് മത്സരങ്ങള്‍ കളിച്ചതില്‍ ആറും വിജയിച്ചു. ഐഎസ്എല്‍ സെമിയിലേക്ക് എത്തുന്നത് തന്നെ അവസാന 12 മത്സരങ്ങളും വിജയിച്ചു കൊണ്ടാണ്. കളിക്കാരെയോ തന്ത്രങ്ങളോ മാറ്റാതെയല്ല റോക്ക ടീമിനെ സെമിയിലേക്കെത്തിച്ചത്. എന്നാല്‍ അവരുടെ കളിമികവ് ചോരാതെ പിടിച്ചു നിര്‍ത്തി എന്നതിലാണ് റോക്ക അനുമോദനമര്‍ഹിക്കുന്നത്.