ഹാട്രിക്കോടെ വരവറിയിച്ച് മെസ്സി; സന്നാഹ മത്സരത്തില്‍ അര്‍ജന്റീനക്ക് മിന്നും ജയം

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് സന്നാഹ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രിക് മികവില്‍ ഹെയ്തിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം. രണ്ടാഴ്ചക്ക് ശേഷം തുടങ്ങാനിരിക്കുന്ന ലോകകപ്പ് കാത്തിരിക്കുന്ന അര്‍ജന്റീനന്‍ ആരാധകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് അര്‍ജന്റീനയുടെ മികച്ച വിജയം.

മത്സരത്തിന്റെ പതിനേഴാം മിനിറ്റില്‍ തന്നെ മെസ്സി ആദ്യ ഗോള്‍ നേടി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കിയ അര്‍ജന്റീനക്ക് വേണ്ടി 57-ാം മിനിറ്റില്‍ മെസ്സി വീണ്ടും വല കുലുക്കി. 65-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി മെസ്സി ഹാട്രിക് പൂര്‍ത്തിയാക്കി. സെര്‍ജിയോ അഗ്യൂറോയാണ് അര്‍ജന്റീനയുടെ നാലാം ഗോള്‍ നേടിയത്.

പരിക്കില്‍ നിന്ന് മോചിതനായി മാഞ്ചസ്റ്റര്‍ സിറ്റി താരം അഗ്യൂറോ ടീമിലെത്തിയത് ആരാധകര്‍ക്ക് ആശ്വാസം പകരുന്നതാണ്. ഈ മത്സരത്തോടെ അര്‍ജന്റീന നാട്ടിലുള്ള പരിശീലനം പൂര്‍ത്തിയാക്കി സ്‌പെയിനിലേക്ക് തിരിക്കും. ബാഴ്‌സലോണയില്‍ വെച്ചാണ് അര്‍ജന്റീനയുടെ അവസാനഘട്ട പരിശീലനം. ജൂണ്‍ 16ന് ഐസ്‌ലന്‍ഡുമായാണ് ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം.

SHARE