ബ്യൂണസ് അയേഴ്‌സ്: ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റീന ടീമിന് ആശംസാ ഗാനവുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മക്കള്‍. ഇവര്‍ പാട്ടുപാടുന്ന വീഡിയോ മെസ്സി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നമുക്ക് മുന്നേറാം അര്‍ജന്റീനാ..നമുക്ക് വിജയിക്കാം.. എന്നര്‍ത്ഥം വരുന്ന ഗാനമാണ് മെസ്സിയുടെ മക്കള്‍ ആലപിക്കുന്നത്.

അതിനിടെ ലോകകപ്പ് സന്നാഹ മത്സരത്തില്‍ അര്‍ജന്റീന ഹെയ്തിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. രണ്ടാഴ്ചക്ക് ശേഷം തുടങ്ങാനിരിക്കുന്ന ലോകകപ്പ് കാത്തിരിക്കുന്ന അര്‍ജന്റീനന്‍ ആരാധകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് അര്‍ജന്റീനയുടെ മികച്ച വിജയം.

മത്സരത്തിന്റെ പതിനേഴാം മിനിറ്റില്‍ തന്നെ മെസ്സി ആദ്യ ഗോള്‍ നേടി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കിയ അര്‍ജന്റീനക്ക് വേണ്ടി 57ാം മിനിറ്റില്‍ മെസ്സി വീണ്ടും വല കുലുക്കി. 65ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി മെസ്സി ഹാട്രിക് പൂര്‍ത്തിയാക്കി. സെര്‍ജിയോ അഗ്യൂറോയാണ് അര്‍ജന്റീനയുടെ നാലാം ഗോള്‍ നേടിയത്.

പരിക്കില്‍ നിന്ന് മോചിതനായി മാഞ്ചസ്റ്റര്‍ സിറ്റി താരം അഗ്യൂറോ ടീമിലെത്തിയത് ആരാധകര്‍ക്ക് ആശ്വാസം പകരുന്നതാണ്. ഈ മത്സരത്തോടെ അര്‍ജന്റീന നാട്ടിലുള്ള പരിശീലനം പൂര്‍ത്തിയാക്കി സ്‌പെയിനിലേക്ക് തിരിക്കും. ബാഴ്‌സലോണയില്‍ വെച്ചാണ് അര്‍ജന്റീനയുടെ അവസാനഘട്ട പരിശീലനം. ജൂണ്‍ 16ന് ഐസ്‌ലന്‍ഡുമായാണ് ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം.