Connect with us

kerala

സംസ്ഥാനത്ത് വീണ്ടും കുതിച്ച് സ്വര്‍ണവില; പവന് 280 രൂപ കൂടി

ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍ എത്തി. ഇന്നലെ ആദ്യമായി ഒരു ലക്ഷം രൂപ കടന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയരുകയായിരുന്നു. ഇന്ന് പവന് 280 രൂപ കൂടി 1,01,880 രൂപയായി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,735 രൂപയിലെത്തി. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.

പവന് 1,760 രൂപ വര്‍ധിച്ചതോടെയായിരുന്നു ആ ചരിത്രനേട്ടം. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ 9ാം തീയതി 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളിലായി വില ഉയരുന്നതാണ് ദൃശ്യമായത്.ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ്.

ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നു. അതിനാല്‍ ആഗോള വിപണിയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കും. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞാലും ഇന്ത്യയില്‍ വില കുറയണമെന്നില്ല. രൂപയുടെ മൂല്യം, പ്രാദേശിക ആവശ്യകത, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങളാണ് ആഭ്യന്തര വിപണിയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്.

kerala

കണ്ണൂരില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മയും മക്കളും മരിച്ചു

ഇടിയുടെ ആഘാതത്തില്‍ അടിഭാഗത്ത് കുടുങ്ങിയ സ്‌കൂട്ടറുമായി 50 മീറ്ററോളം കാര്‍ മുന്നോട്ടുനീങ്ങി.

Published

on

കണ്ണൂര്‍ മട്ടന്നൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ അമ്മയും മക്കളും മരിച്ചു. മട്ടന്നൂര്‍ നെല്ലൂന്നി സ്വദേശികളായ നിവേദിത(44), മക്കളായ സാത്വിക്(9), ഋഗ്വേദ്(11) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറാണ് അപകടത്തില്‍ പെട്ടത്.

മട്ടന്നൂര്‍ ശങ്കര വിദ്യാപീഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മരിച്ച സാത്വിക്കും ഋഗ്വേദും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എടയന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വെച്ച് ചാലോട് നിന്ന് മട്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ അടിഭാഗത്ത് കുടുങ്ങിയ സ്‌കൂട്ടറുമായി 50 മീറ്ററോളം കാര്‍ മുന്നോട്ടുനീങ്ങി. കാറിനടിയില്‍ കുടുങ്ങിയ സാത്വികിനെ വാഹനം ഉയര്‍ത്തിയാണ് പുറത്തെടുത്തത്.

കുറ്റിയാട്ടൂരില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പോയ നിവേദയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടത്തില്‍പ്പട്ടത?. കുഞ്ഞമ്പുവിന്റെയും കമലയുടെയും മകളാണ് മരിച്ച നിവേദിത. ഖത്തറില്‍ ജോലി ചെയ്യുന്ന കെപി രഘുനാഥാണ് ഭര്‍ത്താവ്.

Continue Reading

kerala

യുവ ഡോക്ടര്‍മാര്‍ നടുറോഡില്‍ ബ്ലേഡും സ്‌ട്രോയും ആയുധമാക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു

പത്താനാപുരം സ്വദേശി വി.ഡി. ലിനു ആണ് ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങിയത്.

Published

on

കൊച്ചി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റോഡരികില്‍ മരണത്തോട് മല്ലിട്ട യുവാവിന് മൂന്ന് യുവ ഡോക്ടര്‍മാര്‍ നല്‍കിയ അടിയന്തര ചികിത്സയുണ്ടായിരുന്നിട്ടും ജീവന്‍ രക്ഷിക്കാനായില്ല. പത്താനാപുരം സ്വദേശി വി.ഡി. ലിനു (40) ആണ് ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങിയത്.

ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു എറണാകുളം ഉദയംപേരൂര്‍ വലിയകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം നടന്നത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതില്‍ ലിനുവിനാണ് ഏറ്റവും ഗുരുതരമായ പരിക്കുകള്‍ ഉണ്ടായത്. അമിതമായി രക്തം വാര്‍ന്നും ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു അദ്ദേഹം.

അപകടസ്ഥലത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന ഡോക്ടര്‍മാരാണ് ലിനുവിന് അടിയന്തര വൈദ്യസഹായം നല്‍കിയത്. എറണാകുളം ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഡോ. തോമസ് പീറ്റര്‍, ഓര്യയിലെ ഡോ. ദിദിയ, കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോവാസ്‌കുലര്‍ തൊറാസിക് സര്‍ജന്‍ ഡോ. മനൂപ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മൊബൈല്‍ ഫ്‌ളാഷ് ലൈറ്റുകളുടെ വെളിച്ചത്തില്‍, നാട്ടുകാര്‍ എത്തിച്ച ബ്ലേഡും പ്ലാസ്റ്റിക് സ്‌ട്രോയും ഉപയോഗിച്ച് ലിനുവിന്റെ കഴുത്തില്‍ ചെറിയ മുറിവുണ്ടാക്കി ശ്വാസനാളത്തിലേക്ക് സ്‌ട്രോ കടത്തിയാണ് ഡോക്ടര്‍മാര്‍ ശ്വാസം വീണ്ടെടുക്കാന്‍ ശ്രമിച്ചത്. പൊലീസുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരും രക്ഷാപ്രവര്‍ത്തനത്തിന് ഒപ്പം നിന്നു.

തുടര്‍ന്ന് ലിനുവിനെ ഉടന്‍ തന്നെ എറണാകുളത്തെ ആശുപത്രിയിലെത്തിച്ചു. ‘എങ്ങനെയെങ്കിലും യുവാവിന്റെ ശ്വാസം വീണ്ടെടുത്ത് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കണമെന്നതായിരുന്നു ആ സമയത്ത് മനസിലുണ്ടായിരുന്നത്,’ എന്ന് ഡോ. തോമസ് പിന്നീട് പ്രതികരിച്ചു. ഭാര്യയോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടം കണ്ടതെന്നും, പ്രാഥമിക ശുശ്രൂഷ നല്‍കാനാണ് കാറിനിന്ന് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

അവിടെ ഡോ. മനൂപും ഉണ്ടായിരുന്നതോടെ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും വ്യക്തമാക്കി. യുവ ഡോക്ടര്‍മാരുടെ ധൈര്യവും മനുഷ്യസ്‌നേഹവും സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം നിരവധി പേര്‍ ഡോക്ടര്‍മാരെ അഭിനന്ദിച്ച് പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകളെയും വിഫലമാക്കി, ഇന്നലെ ഉച്ചയോടെയാണ് ലിനു മരണത്തിന് കീഴടങ്ങിയത്.

Continue Reading

kerala

കോട്ടയം മെഡിക്കല്‍ കോളജില്‍ തറയില്‍ പാകിയിരുന്ന ടൈലുകള്‍ പൊട്ടിത്തെറിച്ചു

ആശുപത്രിയിലെ ഒപി വിഭാഗത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 18ാം വാര്‍ഡായ ഇഎന്‍ടി വിഭാഗത്തിലാണ് സംഭവം.

Published

on

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തറയില്‍ പാകിയിരുന്ന ടൈലുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി പരാതി. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. ആശുപത്രിയിലെ ഒപി വിഭാഗത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 18ാം വാര്‍ഡായ ഇഎന്‍ടി വിഭാഗത്തിലാണ് സംഭവം. ഈ സമയത്ത് ഇരുപതോളം രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരും വാര്‍ഡില്‍ ഉണ്ടായിരുന്നു.

ശബ്ദം കേട്ട് പരിഭ്രാന്തരായ രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്കോടി. വിവരം അറിഞ്ഞെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ ഒപി വിഭാഗത്തിലെ സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റി. കെട്ടിടത്തിനു തകരാര്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ പരിശോധനകള്‍ നടന്നു വരികയാണ്. 18ാം വാര്‍ഡ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് ഇവിടത്തെ രോഗികളെ ഉടന്‍ തന്നെ മാറ്റാനായിരുന്നു തീരുമാനം. ഇവിടെ 1975 കാലഘട്ടത്തില്‍ നിര്‍മിച്ച മൂന്നു കെട്ടിടങ്ങളില്‍ ഒന്നാണ് ഒപി ബ്ലോക്ക്. ഇതിനൊപ്പം നിര്‍മിച്ചിരുന്ന സര്‍ജിക്കല്‍ ബ്ലോക്കിലെ കെട്ടിടം ഇടിഞ്ഞാണ് കഴിഞ്ഞ ജൂലൈ 3ന് ഒരാള്‍ മരിച്ചത്. ആ കെട്ടിടം, പൊളിക്കുന്നതിനുവേണ്ടി അടച്ചിട്ടിരിക്കുകയാണ്. ആര്‍എംഒ ഡോ. സാം ക്രിസ്റ്റി മാമ്മന്‍ രാത്രി സ്ഥലത്തെത്തി രോഗികളെ മാറ്റുന്നതിനു നേതൃത്വം നല്‍കി.

Continue Reading

Trending