തുര്‍ക്കിയുടെ റഷ്യന്‍ ബന്ധം നാറ്റോയില്‍ വിള്ളല്‍


കെ. മൊയ്തീന്‍കോയ
എഴുപത് വര്‍ഷം ചരിത്രമുള്ള നാറ്റോ സൈനിക സഖ്യം കടുത്ത പ്രതിസന്ധി നേരിടുന്നു. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ സൈനിക സഖ്യമായ ‘വാഴ്‌സ’ക്ക് എതിരായി പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക കൂട്ടായ്മയാണ് നാറ്റോ സഖ്യം. ഈ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തി, ഏറ്റവും കൂടുതല്‍ സൈനിക ബലമുള്ള രണ്ടാമത് രാജ്യം തുര്‍ക്കി വെല്ലുവിളി ഉയര്‍ത്തുകയാണ്. നാറ്റോ സംഖ്യത്തിന്റെ നേതൃസ്ഥാനമുള്ള അമേരിക്കയുടെ ഭീഷണി അവഗണിച്ച്, സോവിയറ്റ് യൂണിയന്റെ പിന്‍മുറക്കാരായ റഷ്യയുമായി ആയുധ ഇടപാടില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് തുര്‍ക്കി. നാറ്റോ സഖ്യത്തിലെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളുമായി തുര്‍ക്കിയുടെ ബന്ധം വഷളായിട്ടുണ്ട്. എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്ന തുര്‍ക്കിയുടെ നിലപാടില്‍ അമേരിക്ക കടുത്ത അമര്‍ഷം പ്രകടിപ്പിക്കുന്നു. നാറ്റോ സഖ്യത്തിലെ ഏക മുസ്‌ലിം രാജ്യമായ തുര്‍ക്കിയുമായി സൈനിക ഇടപാട് അവസാനിപ്പിക്കുക മാത്രമല്ല, സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നാറ്റോ രാജ്യമായ തുര്‍ക്കിയുടെ റഷ്യന്‍ ബന്ധം അമേരിക്കയെ മാത്രമല്ല, യൂറോപ്പിനും അതൃപ്തിയുളവാക്കി കഴിഞ്ഞു. അതേസമയം എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം റഷ്യയില്‍നിന്ന് വാങ്ങാന്‍ ഇന്ത്യയും സഊദി അറേബ്യയും തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയുടെ വിലക്ക് നമുക്ക് നേരെയും ഉയരുമെന്നാണ് സൂചന.
ലോകത്തെ ഏറ്റവും മികച്ച മിസൈല്‍ സംവിധാനം (എസ്-400) റഷ്യയുടേതാണ്. ഇവ സ്വന്തമാക്കുന്നതിലൂടെ തുര്‍ക്കി മേഖലയിലെ പ്രബല സൈനിക ശക്തിയായിത്തീരുമെന്നത് അമേരിക്കയേക്കാള്‍ ഏറെ ഇസ്രാഈലിന് അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നതാണ് വസ്തുത. അത്‌കൊണ്ടാണ് അമേരിക്കയുടെ ഭീഷണിയെന്നാണ് നയതന്ത്ര വിദഗ്ധരുടെ നിരീക്ഷണം. റഷ്യന്‍ മിസൈല്‍ വാങ്ങുകയാണെങ്കില്‍ അമേരിക്കയുടെ അത്യാധുനിക പോര്‍വിമാനം (എഫ്-35) നല്‍കില്ലെന്നും ഡൊണാള്‍ഡ് ട്രംപ് ശഠിക്കുന്നു. ഈ പോര്‍ വിമാനത്തിലേക്ക് തുര്‍ക്കി പൈലറ്റുമാര്‍ക്ക് അമേരിക്കയില്‍ നല്‍കിവന്ന പരിശീലനം നിര്‍ത്തിവെച്ചിരിക്കുകയുമാണ്. എഫ്-35ന്റെ രഹസ്യങ്ങള്‍ തുര്‍ക്കി വഴി റഷ്യ ചോര്‍ത്തിയെടുക്കുമെന്നാണത്രെ അമേരിക്കയുടെ ആശങ്ക. എഫ്-35 പോര്‍ വിമാനങ്ങള്‍ തകര്‍ക്കാനുള്ള ശേഷി എസ്-400ന് ഉണ്ടെന്നും ട്രംപ് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നു. 2017ലാണ് തുര്‍ക്കി റഷ്യയുമായി എസ്- 400 വാങ്ങാന്‍ 250 കോടി ഡോളറിന്റെ കരാറില്‍ ഏര്‍പ്പെട്ടത്. അതിനുംമുമ്പ് എഫ്-35 വാങ്ങാന്‍ അമേരിക്കയുമായി ധാരണയുണ്ട്. എസ്-400 സംവിധാനത്തിന്റെ ആദ്യഘട്ടം ഉപകരണങ്ങള്‍ തുര്‍ക്കിയില്‍ കഴിഞ്ഞ ആഴ്ച എത്തി. 2020 ഏപ്രില്‍ സംവിധാനമൊരുക്കുമെന്നാണ് തുര്‍ക്കി അവകാശപ്പെടുന്നത്.
അമേരിക്കയുമായി തുര്‍ക്കിക്കുള്ള ബന്ധം വഷളായതിന് റഷ്യന്‍ ബന്ധം മാത്രമല്ല കാരണം. 2016 ജൂലൈ 15-ന് തുര്‍ക്കി ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന മതപണ്ഡിതന്‍ ഫത്തഹുല്ല ഗുലന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സൈനികര്‍ ശ്രമിച്ചുവെന്നാണ് പ്രസിഡണ്ട് റജബ് തയ്യിബ് ഉറുദുഗാന്റെ ആരോപണം. മണിക്കൂറുകള്‍ക്കകം അട്ടിമറി പരാജയപ്പെട്ടു. ജനങ്ങള്‍ തെരുവില്‍ ഇറങ്ങി അട്ടിമറിക്കാരായ സൈനികരെ നേരിട്ടു. 250 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഫത്തഹുല്ല ഗുലനെ വിട്ടുനല്‍കണമെന്ന് ഉറുദുഗാന്‍ നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും ട്രംപ് ഭരണകൂടം അവഗണിച്ചു. സിറിയയില്‍ ബഷാറുല്‍ അസദ് ഭരണകൂടത്തിന് എതിരെ രംഗത്ത് വന്ന പ്രതിപക്ഷ സഖ്യത്തെ അമേരിക്കയും തുര്‍ക്കിയും സഊദി അറേബ്യയും സംയുക്തമായി സഹായിച്ചു. ഇടക്കാലത്ത് അമേരിക്കയുടെ സൈനിക സഹായം തുര്‍ക്കി വിരുദ്ധരായ കുര്‍ദ്ദിഷ് സായുധ ഗ്രൂപ്പി (വൈ.പി.ജി) ന് നല്‍കിയത് തുര്‍ക്കിയെ ചൊടിപ്പിച്ചു. തുര്‍ക്കിയില്‍ കുര്‍ദ്ദിഷ് സ്വാതന്ത്ര്യ രാജ്യത്തിനുവേണ്ടി സായുധ പോരാട്ടം നടത്തുന്ന പി.കെ.കെയും വൈ.പി.ജിയും കൈകോര്‍ത്താണ് തുര്‍ക്കി അതിര്‍ത്തി പ്രവിശ്യകളില്‍ കുഴപ്പം ഉണ്ടാക്കുന്നതെന്നാണ് തുര്‍ക്കിയുടെ ആരോപണം. തുര്‍ക്കിയുടെ എതിര്‍പ്പ് മറികടന്നും വൈ.പി.ജിയെ അമേരിക്ക ആയുധമണിയിച്ചു.
സിറിയയിലെ ഐ.എസ് പോരാളികളെ തകര്‍ക്കാന്‍ വേണ്ടിയാണ് കുര്‍ദ്ദു ഗ്രൂപ്പിനെ സഹായിക്കുന്നതെന്ന അമേരിക്കയുടെ വാദം തുര്‍ക്കിക്ക് സ്വീകാര്യമല്ല. മാത്രമല്ല, സിറിയന്‍ സമാധാന ചര്‍ച്ചയില്‍ അമേരിക്കയെ മാറ്റിനിര്‍ത്തിയതും ബന്ധം വഷളാക്കി. കിര്‍ഗിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ നിരവധി തവണ ചര്‍ച്ച നടന്നു. റഷ്യ, സിറിയ, ഇറാന്‍, തുര്‍ക്കി എന്നീ രാഷ്ട്ര പ്രതിനിധികള്‍ മാത്രം സമാധാന സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടു. അമേരിക്കയെയും അറബ് രാഷ്ട്രങ്ങളെയും മാറ്റിനിര്‍ത്തുന്നതില്‍ തുര്‍ക്കി താല്‍പര്യം കാണിച്ചുവെന്നാണ് വിമര്‍ശനം. തുര്‍ക്കിയിലെ ഇസ്തംബൂളില്‍ സഊദി അറേബ്യ എംബസിയില്‍ ജമാല്‍ ഖഷോഗി എന്ന മാധ്യമപ്രവര്‍ത്തകന്‍ വധിക്കപ്പെട്ട സംഭവത്തില്‍ അമേരിക്കയുടെ നിലപാട് വിവാദമായി. തുര്‍ക്കി സംഭവം ഗൗരവമായി കൈകാര്യം ചെയ്തുവെങ്കില്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിച്ചുവന്ന ഖഷോഗിയുടെ കൊലയാളികളെ കണ്ടെത്താന്‍ അമേരിക്ക സഹായം നല്‍കിയില്ല. അതിലിടക്ക് തുര്‍ക്കിയില്‍ ചാരപ്രവര്‍ത്തനം ആരോപിച്ച് അമേരിക്കന്‍ പൗരനായ ക്രിസ്ത്യന്‍ മിഷ്യനറി പ്രവര്‍ത്തകന്‍ ആന്‍ഡ്രു ബ്രൂഷണെ തുര്‍ക്കി തടവിലാക്കിയതും തര്‍ക്കവിഷയമായി.
ഒന്നര പതിറ്റാണ്ട് കാലമായി തുര്‍ക്കിയില്‍ ഭരണം നടത്തുന്ന ഉറുദുഗാനും എ.കെ പാര്‍ട്ടിയും അമേരിക്കക്ക് അനഭിമതരായികൊണ്ടിരിക്കെയാണ് റഷ്യന്‍ ചങ്ങാത്തം. ഇപ്പോഴത്തെ ഇടപാടില്‍ റഷ്യക്ക് വന്‍ നേട്ടമുണ്ട്. പ്രതിരോധ വ്യാപാരവും ഒപ്പം തന്നെ ‘ശത്രുപക്ഷ’ത്തുള്ള നാറ്റോ സഖ്യത്തില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുന്നതും. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ നാറ്റോ സൈനിക സഖ്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു. നാറ്റോ സഖ്യത്തിന്റെ ഘടനയിലും സ്വഭാവത്തിലും മാറ്റം പ്രതീക്ഷിച്ചതുമാണ്. സോവിയറ്റ് സഖ്യത്തിലെ പഴയ കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മിക്കവയും നാറ്റോ സഖ്യത്തിലെത്തിയെന്നത് ഒഴിച്ചാല്‍ മാറ്റമൊന്നും പ്രകടമായില്ല. യൂറോപ്യന്‍ യൂണിയനില്‍ പത്ത് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ ചേര്‍ക്കുകയും ചെയ്തു. ഇവയൊക്കെയാണെങ്കിലും 1951 മുതല്‍ നാറ്റോ സഖ്യത്തിന്റെ ഭാഗമായ തുര്‍ക്കിയുമായുള്ള ബന്ധം വഷളാകുന്നത് അമേരിക്കയുടെയും യൂറോപ്പിന്റെയും ഉറക്കം കെടുത്തും.
തുര്‍ക്കിയെ മുന്‍കാലത്തെ പോലെ സമ്മര്‍ദ്ദം ചെലുത്തി കീഴ്‌പ്പെടുത്താന്‍ കഴിയില്ല. സാമ്പത്തികമായ പ്രയാസമുണ്ടെങ്കിലും ശക്തമായ രാഷ്ട്ര നേതൃത്വമാണ് തുര്‍ക്കിയെ നയിക്കുന്നത്. ഏതൊരു രാജ്യത്തിന്റെയും പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ ആരും സമ്മതിക്കില്ല. സ്വതന്ത്ര വ്യാപാരവും ആയുധ ഇടപാടും വിദേശനയവും സ്വതന്ത്ര രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഭാഗം. ലോക പൊലീസിന്റെ ഭീഷണി എക്കാലവും ശിരസ്സ് കുനിച്ച് മറ്റ് രാജ്യങ്ങള്‍ അംഗീകരിക്കണമെന്ന് ശഠിക്കുന്നത് ധിക്കാരമാണ്.

SHARE