കെ.എ.എസ് വരുമ്പോള്‍ എന്തിനീ അയിത്തം മാതൃഭാഷയോട്


ഫിര്‍ദൗസ് കായല്‍പ്പുറം
ഒരു പുതിയ കാലത്തേക്ക് കേരളം കാലെടുത്തുവെക്കുമ്പോള്‍ അതില്‍ ഏറെ സുപ്രധാനമായ ഒരു വിളക്കായി വേണം കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് അഥവാ കെ.എ.എസിനെ കാണേണ്ടത്. കേരള അഡ്മിനിസ്‌ടേറ്റീവ് സര്‍വീസ് എന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഉദ്യോഗസ്ഥ കേഡര്‍ നിലനില്‍വരാനിരിക്കെ മലയാളത്തോട് അയിത്തം പ്രഖ്യാപിച്ചിരിക്കുകയാണ് പി.എസ്.സി. കെ.എ.എസിന്റെ പരീക്ഷകള്‍ക്കുള്ള ചോദ്യങ്ങള്‍ മലയാളത്തില്‍ കൂടി നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ നവംബര്‍ ഒന്നാം തീയതിയിലെ കെ.എ.എസ് വിജ്ഞാപനത്തില്‍ ഈ നിര്‍ദേശത്തെ അവഗണിച്ചുകൊണ്ട് ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ തന്നെ ആയിരിക്കും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പി.എസ്.സി.
പരീക്ഷക്ക് മലയാളം ചോദ്യം കൂടി നല്‍കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. മറ്റൊരു മേഖലയില്‍ നിന്നും ഇക്കാര്യത്തില്‍ എതിരഭിപ്രായം ഉയര്‍ന്നിട്ടുമില്ല. എന്നിട്ടും പി.എസ്.സിക്ക് എന്താണ് മലയാളത്തോട് ഈ അയിത്തം?. സാമൂഹ്യപുരോഗതിക്ക് ആധാരമായി വിലയിരുത്തപ്പെടുന്ന വിവിധ ഘടകങ്ങളില്‍ മുഖ്യമാണ് ഭാഷ. അന്യമാകുന്ന സാംസ്‌കാരിക മൂല്യങ്ങളുടെ വേദനയിലും മാതൃഭാഷയുടെ മഹത്വം നെഞ്ചോടുചേര്‍ക്കുന്നതാണ് നമ്മുടെ നന്മ. മലയാളം അറിയാത്ത, മലയാളം പറയാത്ത ഒരു തലമുറയെ മാതൃഭാഷയുടെ മടിയിലിരുത്താന്‍ ഒരുപക്ഷേ, കെ.എ.എസിനും ഒരു പങ്ക് വഹിക്കാന്‍ കഴിഞ്ഞേക്കും. ഭരണഭാഷ മലയാളമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ പരീക്ഷകളും ഇടപാടുകളും മലയാളത്തിലാകേണ്ടതുണ്ട്. അല്ലെങ്കില്‍ മറ്റ് ഭാഷകള്‍ ഉപയോഗിക്കുന്നതിനൊപ്പം മലയാളം കൂടി ചേര്‍ക്കേണ്ടതുണ്ട്. നിസാരമെന്നു തോന്നാമെങ്കിലും വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണിത്. പി.എസ്.സിയുടെ മാതൃഭാഷാ അയിത്തത്തിനെതിരെ മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യപ്രതിഭകള്‍ തന്നെ രംഗത്തെത്തിയത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. എം.ടി. വാസുദേവന്‍നായര്‍, സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍, എം.മുകുന്ദന്‍ തുടങ്ങിയവര്‍ പി.എസ്.സി നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് തുടക്കം മുതല്‍ ഒട്ടേറെ ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. ന്യൂനപക്ഷ, പിന്നാക്ക, ദലിത് വിഭാഗങ്ങള്‍ക്ക് കെ.എ.എസിന്റെ രണ്ടും മൂന്നും സ്ട്രീമുകളില്‍ സംവരണം നിഷേധിച്ചുകൊണ്ടായിരുന്നു ആദ്യ വിജ്ഞാപനം. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് ഒന്നരവര്‍ഷത്തോളം മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ സമരം ചെയ്തു. 2017 നവംബര്‍ 24ന് ‘കെ.എ.എസില്‍ സംവരണ അട്ടിമറി’ എന്ന തലക്കെട്ടില്‍ ചന്ദ്രിക പ്രധാന വാര്‍ത്തയായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് തുടര്‍ച്ചയായ സമരപരമ്പരകള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് സംവരണം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇപ്പോള്‍ കെ.എ.എസ് പരീക്ഷയില്‍ മാതൃഭാഷയില്‍ ചോദ്യം നല്‍കണമെന്ന ആവശ്യവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങളും പ്രസക്തമാണ്.
ഇന്ത്യയിലെ മറ്റു പി.എസ്.സികളെല്ലാം അവരുടെ തൊഴില്‍പരീക്ഷകള്‍ നടത്തുന്നത് മാതൃഭാഷയില്‍ ചോദ്യങ്ങള്‍ നല്‍കിക്കൊണ്ടാണ്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി ചോദ്യങ്ങളുടെ ഇംഗ്ലീഷ് തര്‍ജ്ജമയും അവര്‍ നല്‍കുന്നുണ്ട്. കേരളത്തിലും അത്തരം മാതൃഭാഷാവകാശം വേണമെന്നത് ന്യായമാണ്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സംയുക്ത സമരസമിതി ഇക്കഴിഞ്ഞ ആഗസ്റ്റ് 29 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു. സെപ്തംബര്‍ 11ന് തിരുവോണനാളില്‍ പോലും കേരളത്തില്‍ 17 കേന്ദ്രങ്ങളിലായി സാംസ്‌കാരിക നായകരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ ഉപവാസമനുഷ്ഠിച്ചു. ഇതിന് ശേഷമാണ് സെപ്തംബര്‍ 16ന് ഇനിമുതല്‍ പി.എസ്.സി നടത്തുന്ന എല്ലാ പരീക്ഷകള്‍ക്കും ചോദ്യങ്ങള്‍ മലയാളത്തില്‍ കൂടി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. പക്ഷേ, പി.എസ്.സിയുടെ കാതില്‍ ഈ പ്രഖ്യാപനം ഇതുവരെ പതിഞ്ഞിട്ടില്ല. അതുകൊണ്ടാണല്ലോ നവംബര്‍ ഒന്നാം തീയതിയിലെ കെ.എ.എസ് വിജ്ഞാപനത്തില്‍ ഈ നിര്‍ദേശത്തെ അവഗണിക്കുകയും ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ തന്നെ ആയിരിക്കും എന്ന് പി.എസ്.സി വ്യക്തമാക്കുകയും ചെയ്തത്.
കെ.എ.എസ് നിലവില്‍ വരുന്നത് ഭരണം കൂടുതല്‍ സുതാര്യവും വികേന്ദ്രീകൃതവും ആക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമാണ്. പൊതുവേ വിലയിരുത്തുമ്പോള്‍ വിപ്ലവകരമായ മാറ്റത്തിന്റെ തുടക്കമാണിത്. മാതൃഭാഷയില്‍ കൂടി ചോദ്യം നല്‍കി പരീക്ഷ നടത്തുമ്പോഴാണ് ഈ ആശയം അര്‍ത്ഥപൂര്‍ണമാവുന്നത്. മലയാളം മാധ്യമമാക്കി പഠിച്ചുവരുന്ന ബഹുഭൂരിപക്ഷം ഉദ്യോഗാര്‍ത്ഥികളെ ഭാഷയുടെ പേരില്‍ വിവേചനപൂര്‍വ്വം അകറ്റി നിര്‍ത്തുന്ന പി.എസ്.സി നിലപാട് നല്‍കുന്ന സൂചന എന്താണ്?
സംവരണ സമരം വിജയം കണ്ടതിന് ശേഷം മാതൃഭാഷക്കുവേണ്ടിയും സമരം ചെയ്യേണ്ടിവന്നതിലൂടെ കെ.എ.എസ് പുതിയൊരു സമരചരിത്രമാവുകയാണ്. കേരള പി.എസ്.സി പരീക്ഷ നടത്തുന്ന, സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കുന്ന ഏറ്റവും വലിയ ഉദ്യോഗസംവിധാനമായ കെ.എ.എസില്‍ സ്വന്തം ഭാഷയില്‍ ചോദ്യം വേണമെന്ന ആവശ്യത്തോട് പി.എസ്.സി എന്തിനാണ് മുഖം തിരിക്കുന്നത്?.
പി.എസ്.സിയും ഭരണവും സ്വന്തം ഭാഷയില്‍ സംസാരിക്കുന്നതിനെ ഭാഷാമൗലികവാദമായി കാണേണ്ടതില്ല. ഭാഷകള്‍ക്കെല്ലാം തുല്യാവകാശം വേണമെന്ന, ജനങ്ങളുടെ ഭാഷയില്‍ ജനാധിപത്യ സംവിധാനങ്ങള്‍ സംസാരിക്കണമെന്ന അടിസ്ഥാന ജനാധിപത്യ സങ്കല്‍പം തന്നെയാണ് ഇവിടെ മുന്നോട്ടുവെക്കുന്ന ആശയം. മറ്റ് സംസ്ഥാനങ്ങളില്‍ വളരെ പണ്ടേ നടപ്പാക്കിയ ഒരു കാര്യം വിദ്യാഭ്യാസ, സാംസ്‌കാരിക പുരോഗതിയുള്ള കേരളത്തിലെ പി.എസ്.സിക്ക് നടപ്പാക്കാനാവിലെങ്കില്‍ അതിനര്‍ത്ഥം കൊളോണിയല്‍ ഭൂതത്തില്‍ നിന്നും മോചിതമാകാത്ത ഒരു ഭരണസംസ്‌കാരത്തെ പി.എസ്.സി ഇപ്പോഴും ചുമക്കുന്നുണ്ട് എന്നുതന്നെയാണ്.
ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി.സി പരീക്ഷകളിലൊഴികെ എല്ലാ പരീക്ഷയിലും ചോദ്യങ്ങള്‍ ഇംഗ്ലീഷിലാണ്. സെക്രട്ടറിയേറ്റ് ഗുമസ്തനാകാനും വേണം ഇംഗ്ലീഷ്. ജോലികിട്ടിയാല്‍ ഭരണഭാഷയായ മലയാളത്തില്‍ വേണം ഫയലെഴുതാനും ഉത്തരവുണ്ടാക്കാനും. ഈ വൈരുധ്യം മാറ്റണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പി.എസ്.സിയുടെ എല്ലാ പരീക്ഷകളിലും മലയാളത്തില്‍ ചോദ്യം ഉണ്ടാവുകയും മലയാളത്തില്‍ ഉത്തരം എഴുതാന്‍ അവസരം നല്‍കുകയും വേണം. എഴുപത് സംവത്സരങ്ങരങ്ങള്‍ക്ക് മുന്‍പുതന്നെ മാതൃഭാഷക്ക് അംഗീകാരം നല്‍കി രാജ്യമാണ് ഭാരതം. എന്നാല്‍ കേരളം ഇക്കാര്യത്തില്‍ വളരെ പിന്നിലായിപ്പോയി. 1937ല്‍ തന്നെ പഠനമാധ്യമം മാതൃഭാഷയാകണമെന്ന് നിര്‍ദേശിച്ചുകൊണ്ട് ഗാന്ധിജി ഭാഷാ നവോത്ഥാനത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കിയിരുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടപ്പോഴും പ്രാദേശിക ഭാഷകളുടെ വികസനവും വ്യാപനവും രാജ്യമാകെ നടന്നപ്പോഴും ഭരണഭാഷ മാറ്റാതെ കേരളം ഇംഗ്ലീഷിനെ ചേര്‍ത്തുപിടിച്ചു. ഏറെ നാളത്തെ മുറവിളികള്‍ക്കൊടുവിലാണ് ഭാരണഭാഷ മലയാളമാക്കിയുള്ള ഉത്തരവ് ഇറങ്ങിയത്. 2015 ഡിസംബര്‍ 17ന് മാത്രമാണ് മലയാളം ഔദ്യോഗിക ഭാഷയാണെന്ന ബില്‍ കേരള നിയമസഭ പാസാക്കിയത്.
കെ.എ.എസിനെ ഇനിയെങ്കിലും വിവാദച്ചുഴിയില്‍ നിന്ന് മോചിപ്പിക്കണം. സംവരണ വിരുദ്ധ ലോബിയാണ് ആദ്യം കെ.എ.എസിനെ അട്ടിമറിക്കാന്‍ ശ്രമിച്ചത്. സംവരണം ഔദാര്യമല്ല, അവകാശമാണെന്ന ബോധത്തിലേക്ക് സര്‍ക്കാരിനെ ചിന്തിപ്പിക്കാന്‍ നിരവധി സമരങ്ങള്‍ വേണ്ടിവന്നു. മൂന്ന് സ്ട്രീമുകള്‍ക്കും സംവരണം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുന്നതുവരെ അത് നീണ്ടു. ‘ഒരിക്കല്‍ സംവരണത്തിന്റെ ആനുകൂല്യം നേടി സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് പിന്നെന്തിനാണ് സംവരണം’? എന്ന മറുചോദ്യം ഉന്നയിച്ചാണ് കെ.എ.എസിലെ സംവരണ ആവശ്യത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ എതിര്‍ത്തത്. ആദ്യത്തെ സ്ട്രീമില്‍ മാത്രം സംവരണം നല്‍കാമെന്ന ‘ഔദാര്യ’വും സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. എന്നാല്‍ രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം നല്‍കിയേ മതിയാവൂ എന്ന ഉറച്ചനിലപാടുമായി മുസ്‌ലിം ലീഗും പോഷക സംഘടനകളും സമരരംഗത്തിറങ്ങി. മുസ്‌ലിം, ക്രൈസ്തവ, ഈഴവ, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് കെ.എ.എസിലൂടെ കനത്ത സംവരണ നഷ്ടം ഉണ്ടാകാതെ അവകാശങ്ങള്‍ അംഗീകരിക്കപ്പെട്ടു. 2018 മാര്‍ച്ച് 15ന് കെ.എ.എസ് അമെന്റ്‌മെന്റ് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് നിയസഭയില്‍ പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗിലെ ഡോ. എം.കെ മുനീര്‍, ടി.വി ഇബ്രാഹിം, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, എം. ഉമ്മര്‍, അഡ്വ.എന്‍ ഷംസുദ്ദീന്‍, പി. ഉബൈദുള്ള എന്നിവരാണ് ബില്ലില്‍ ഏറ്റവും കൂടുതല്‍ ഭേദഗതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. 28 ഭേദഗതികളാണ് നിര്‍ദേശിച്ചത്. രണ്ട് ഭേദഗതികള്‍ അംഗീകരിക്കുകയും ചെയ്തു.
സംവരണം അനുവദിച്ചു. ഇനി മാതൃഭാഷയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കൂടി പി.എസ്.സി തയാറാകണം. അപ്പോള്‍ മാത്രമേ കെ.എ.എസ് എന്ന വലിയ ലക്ഷ്യവും ആയിരക്കണക്കിന് യുവാക്കളുടെ തൊഴില്‍ സ്വപ്‌നവും യാഥാര്‍ത്ഥ്യമാകൂ.

SHARE