Connect with us

Video Stories

മതേതര മൂല്യങ്ങള്‍ കൈവിടാത്ത വ്യക്തിത്വം

Published

on

 

രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ്

എം.ഐ ഷാനവാസ് സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല. സഹോദരനായിരുന്നു. ഉപദേശിക്കുകയും സ്‌നേഹപൂര്‍വം ശാസിക്കുകയും ഒക്കെ ചെയ്യുന്ന സഹോദരന്‍. ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധത്തിന് നാല് ദശാബ്ദങ്ങളോളം പഴക്കമുണ്ട്. 1970 കളുടെ അവസാനം കെ.എസ്.യു ഭാരവാഹിയായിരുന്നപ്പോള്‍ തുടങ്ങിയ കൂട്ടുകെട്ട് അദ്ദേഹത്തിന്റെ അവസാന നിമിഷംവരെയും തുടര്‍ന്നു. ഷാജി എന്നാണ് ഞാനദ്ദേഹത്തെ വിളിച്ചിരുന്നത്. ദിവസങ്ങള്‍ക്ക്മുമ്പ് ചെന്നൈയിലെ ഡോ. റെയ്‌ലാ ആസ്പത്രിയില്‍ കാണാനെത്തുമ്പോള്‍ മയക്കത്തിലായിരുന്നു അദ്ദേഹം. എന്നിട്ടും എന്റെ ശബ്ദം കേട്ട് കണ്ണുതുറന്നു. കൈകള്‍ എനിക്ക് നേരെ നീട്ടി. ഞാന്‍ തിരിച്ചുവരും എന്ന സന്ദേശത്തോടെ എന്റെ കൈകളില്‍ മുറകെപിടിച്ചു. അതായിരുന്നു എന്നും ഷാനവാസ്. അടിമുടി പോരാളിയായിരുന്നു അദ്ദേഹം.
1978 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പില്‍ ഞാനും ഷാനവാസും ജി കാര്‍ത്തികേയനും ലീഡര്‍ കരുണാകരന്റെ നേതൃത്വത്തില്‍ ഇന്ദിരാജിക്ക് പിന്നില്‍ അടിയുറച്ച്‌നിന്നു. മറ്റൊരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലും ഞങ്ങള്‍ ഒരുമിച്ച് ഒറ്റക്കെട്ടായി നിന്നു. അത് കേരള രാഷ്ട്രീയത്തിന്റെ ഗതിയെയും മാറ്റി. ശക്തമായ ദേശീയ ബോധമുള്ള, കോണ്‍ഗ്രസിന്റെ അടിസ്ഥാന ആദര്‍ശങ്ങളിലും പ്രത്യയ ശാസ്ത്രത്തിലും അടിയുറച്ച് വിശ്വസിക്കുന്ന ദൃഢമായ മതേതര ബോധ്യമുള്ള നേതാവായിരുന്നു എം.ഐ ഷാനവാസ്. മത ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും എക്കാലത്തെയും വലിയ ആശാകേന്ദ്രമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരിക എന്നതാണ് ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരമെന്നും ഷാനവാസ് ഉറച്ച് വിശ്വസിച്ചിരുന്നു. തന്റെ അഭിപ്രായങ്ങള്‍ ആരുടെ മുമ്പിലും തുറന്നുപറയാന്‍ ഷാനവാസിന് ഒരു മടിയുമുണ്ടായിരുന്നില്ല. പാര്‍ട്ടിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് അതുല്യമായിരുന്നു.
മികച്ച വാഗ്മി കൂടിയായിരുന്ന അദ്ദേഹം മണിക്കൂറുകളോളം പ്രസംഗിക്കുമായിരുന്നു. എതിരാളികള്‍ ആ വാക്ശരങ്ങളേറ്റ് പുളയുമായിരുന്നു. കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി എന്നോടൊപ്പം ഒമ്പത് വര്‍ഷം പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തെ മുന്നോട്ട് നയിക്കുന്നതില്‍ അതുല്യ നേതൃശേഷിയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ആ കാലഘട്ടങ്ങളിലൊക്കെ അദ്ദേഹം നല്‍കിയ ശക്തമായ പിന്തുണ ഇന്നും മനസില്‍ പച്ചപിടിച്ച് നില്‍ക്കുകയാണ്. പ്രയാസകരമായ ഘട്ടങ്ങളില്‍ പെട്ടെന്ന് ശരിയായ തീരുമാനങ്ങളെടുക്കുന്നതിന് ഷാനവാസിന്റെ ഉപദേശങ്ങള്‍ ചെറുതായിട്ടല്ല സഹായിച്ചിരുന്നത്. പാര്‍ട്ടിക്കുള്ളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരം കണ്ടെത്തുന്നതില്‍ അസാധാരണ മിടുക്കുണ്ടായിരുന്നു അദ്ദേഹത്തിന്. മികച്ച പാര്‍ലെമന്റേറിയനായിരുന്നു ഷാനവാസ്. കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. അത് അദ്ദേഹത്തെ ശ്രദ്ധേയനാക്കി. വയനാട്ടിലെ രാത്രികാല യാത്രാ നിരോധനം നീക്കുന്ന വിഷയത്തില്‍ തീരുമാനമുണ്ടാക്കാന്‍ എന്നെയും കൂടെ കൂട്ടിക്കൊണ്ടാണ് അദ്ദേഹം ബാംഗ്‌ളൂരിലേക്ക് പോയത്. വയനാട്ടില്‍ എയിംസിന്റെ ശാഖ സ്ഥാപിക്കുന്ന കാര്യത്തിനായി ഡല്‍ഹിയിലും പലതവണ ഞങ്ങള്‍ ഒരുമിച്ച് പോയി. തന്റെ നിയോജക മണ്ഡലത്തിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നടത്തിയിരുന്ന ഡല്‍ഹി യാത്രകളിലും കൂടെ വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. താന്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റെ പുരോഗതിയും വളര്‍ച്ചയും എന്നും അദ്ദേഹത്തിന്റെ മുന്‍ഗണനകളായിരുന്നു.
പരാജയങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ തളര്‍ത്തിയിരുന്നില്ല. കോണ്‍ഗ്രസ് പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച എല്ലാ മൂല്യങ്ങള്‍ക്കുവേണ്ടിയും എം. ഐ ഷാനവാസ് എന്ന കോണ്‍ഗ്രസുകാരന്‍ വിട്ടുവിഴ്ചയില്ലാതെ പോരാടി. കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും കെ.പി.സി.സിയുടെയും നേതൃനിരയില്‍ ഏതാണ്ട് നാല് ദശാബ്ദക്കാലം നിറഞ്ഞുനിന്നു ഷാനവാസ്. അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്ന് പറയുമ്പോഴും ഹൃദയത്തില്‍ സ്‌നേഹം മാത്രം നിറച്ചു വച്ച മനുഷ്യനായിരുന്നു അദ്ദേഹം. പൊതു പ്രവര്‍ത്തനത്തിലെ ഏറ്റവും വിഷമതയേറിയ കാലഘട്ടത്തിലും ഏറ്റവും സംതൃപ്തി നിറഞ്ഞ കാലഘട്ടത്തിലും ഷാനവാസ് ഒപ്പമുണ്ടായിരുന്നു. ആറ് വര്‍ഷം മുമ്പ് അദ്ദേഹത്തിന് അസുഖം കൂടിയപ്പോള്‍ ഇടപ്പള്ളിയില്‍ അമൃതാ ആസ്പത്രിയില്‍നിന്നും മുംബൈയിലേക്ക് കൊണ്ടുപോയപ്പോഴും കൂടെയുണ്ടായിരുന്നു. ഇപ്പോള്‍ അനിവാര്യമായ വിധിക്ക് പ്രിയ സുഹൃത്തും കീഴടങ്ങി. നമ്മളെ ഇഷ്ടപ്പെടുന്നവര്‍, നമ്മളുടെ നന്മ ആഗ്രഹിക്കുന്നവര്‍ കടന്ന്‌പോകുമ്പോള്‍ വലിയ ശൂന്യതയാണ് അനുഭവപ്പെടുക. കാര്‍ത്തികേയന്‍ നേരത്തെ പോയി. ഇപ്പോള്‍ ഷാനവാസും. മറ്റുള്ളവരെ സ്‌നേഹിക്കാനും അവരെ ഉള്‍ക്കൊള്ളാനുമുള്ള മനസ് എന്നും ഷാനവാസിനുണ്ടായിരുന്നു.

Video Stories

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റസ് യൂണിയൻ തിരഞ്ഞെടുപ്പ്: മികച്ച പ്രകടനം കാഴ്ച്ച വെച്ച് എം.എസ്.എഫ്

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് എം എസ് എഫ്.

Published

on

ഹൈദരാബാദ് യൂണിവേഴ്സിറ്റി എം എസ് എഫ് പ്രവർത്തകർ ക്യാമ്പസിൽ വിജയാഘോഷത്തിൽ

ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് എം എസ് എഫ്. സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ കൗൺസിലർ സ്ഥാനത്ത് എം.എസ്.എഫ് സ്ഥാനാർത്ഥിയായ ഹാദി മുഹമ്മദ് വിജയിച്ചത് സംഘടനയ്ക്ക് അഭിമാന നേട്ടമായി.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എം.എസ്.എഫ് സ്ഥാനാർഥി ഷാദിൽ ആയിരത്തിലധികം വോട്ടുകൾ നേടി ശ്രദ്ധേയമായ മുന്നേറ്റം നടത്തി. ഫാസിസ്റ്റ് ശക്തികളുമായി കഠിനമായ മത്സരം നിലനിന്ന തെരഞ്ഞെടുപ്പിൽ, വിദ്യാർത്ഥികളുടെ വലിയ പിന്തുണയായിരുന്നു ഷാദിലിന്റെ വോട്ടെടുപ്പിൽ പ്രതിഫലിച്ചത്.

മെഡിക്കൽ സയൻസസ് സ്കൂളിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച ഹാദിയും, ഇന്റഗ്രേറ്റഡ് സ്റ്റഡീസിലെ സോഷ്യൽ സയൻസ് വിഭാഗത്തിൽ സ്കൂൾ ബോർഡ് മെമ്പർ സ്ഥാനത്തേക്ക് മത്സരിച്ച നദാ ഫാത്തിമയും മികച്ച മത്സരം കാഴ്ചവെച്ചു. രാജ്യത്തെ പ്രധാന ക്യാമ്പസുകളിൽ എം എസ് എഫ് അതിന്റെ ശക്തമായ സാനിധ്യവുമായി മുന്നോട്ട് പോകുന്നത് ഇന്ത്യയുടെ മതേതര ജനാധിപത്യ സത്തയുടെ ഉയിർത്തെഴുന്നേൽപ്പിനും ന്യൂനപക്ഷ ജനതയുടെ നിലനിൽപ്പിനും ഇന്നിന്റെ അനിവാര്യതയാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ്‌ പി വി അഹമ്മദ് സാജു പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഡൽഹി യൂണിവേഴ്സിറ്റി തെരഞ്ഞടുപ്പിലും എം എസ് എഫ് മികച്ച പ്രകടനം കാഴ്ചവെച്ചിരിന്നു .
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവർത്തകരെ എം എസ് എഫ് ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.

Continue Reading

kerala

അക്രമകാരികളായ മൃഗങ്ങളെ വെടിവെക്കാന്‍ അനുമതി; വന്യജീവി ഭേദഗതി ബില്‍ സഭയില്‍

സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്‍കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.

Published

on

തിരുവനന്തപുരം: മനുഷ്യജീവന് ഭീഷണിയാകുന്ന അക്രമകാരികളായ മൃഗങ്ങളെ നേരിട്ട് വെടിവെച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് അധികാരം നല്‍കുന്ന വന്യജീവി ഭേദഗതിബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.

സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്‍കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.

1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ കടുത്ത നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിന് വേണ്ടിയാണ് ഭേദഗതി. നിലവിലെ നിയമപ്രകാരം ക്യാമറ നിരീക്ഷണം, കെണിവെക്കല്‍ എന്നിവക്ക് ശേഷമേ വെടിവെക്കാന്‍ കഴിയൂ. പുതിയ ഭേദഗതിയോടെ ജില്ലാ കലക്ടറോ വനംവകുപ്പിലെ ഉദ്യോഗസ്ഥരോ വിവരം നല്‍കിയാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് നേരിട്ട് ഉത്തരവ് നല്‍കാനാകും.

നിയമസഭ ബില്ലിന് അംഗീകാരം നല്‍കിയാലും കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനാല്‍ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നിയമ ഭേദഗതിയുമായി സര്‍ക്കാര്‍ എത്തിയത്.

അതേസമയം, മലപ്പുറം മണ്ണാര്‍മലയിലിറങ്ങിയ പുലിയെ പിടികൂടാത്തതിനെതിരെ നിയമസഭയില്‍ സബ്മിഷനായി ഉയര്‍ന്നപ്പോള്‍ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉണ്ടായി. പുലിയെ മയക്കുവെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ മറുപടി നല്‍കി.

Continue Reading

Auto

പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്

Published

on

പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വ്യത്യാസങ്ങള്‍ പ്രകടമല്ലെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ മാറ്റം അറിയാന്‍ കഴിയും. ബിഎംഡബ്ല്യു ഇലക്ട്രിക് ഐഎക്‌സ്3 അവതരണത്തിനൊപ്പമാണ് പുതിയ ലോഗോയും കമ്പനി കൊണ്ടുവന്നത്.

ഒറ്റനോട്ടത്തില്‍, ബ്രാന്‍ഡിന്റെ ഇനീഷ്യലുകള്‍ക്കൊപ്പം കറുപ്പ് ലുക്കില്‍ നീലയും വെള്ളയും നിറങ്ങള്‍ പൊതിഞ്ഞ അതേ വൃത്താകൃതിയിലുള്ളതായി തോന്നുന്നു. കൂടുതല്‍ പരിശോധനയില്‍ ക്രോമിന്റെ ഉപയോഗം കുറച്ചതായി കാണാം. പ്രത്യേകിച്ചും, അകത്തെ ക്രോം റിംഗ് ഒഴിവാക്കിയിരിക്കുന്നു, ഇത് നീലയും വെള്ളയും കറുപ്പില്‍ നിന്ന് വേര്‍തിരിക്കുന്നു.

ലോഗോയിലെ അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റങ്ങള്‍ കാണാം. ഐഎക്‌സ്3 ഉള്‍പ്പെടെയുള്ള പുതിയ വാഹന നിരയ്ക്ക് ഇനി പുതിയ ലോഗോയായിരിക്കും ഉപയോഗിക്കുക. നേരത്തെയുണ്ടായിരുന്ന മോഡലുകളില്‍ പഴയ ലോഗോ തന്നെ തുടരും.

Continue Reading

Trending