‘വാര്‍ത്ത നല്‍കാന്‍ പത്രക്കാര്‍ പണം ചോദിച്ചു’; അശോകന്‍ ചെരുവിലിന്റെ ആരോപണം അടിസ്ഥാന രഹിതം

ചെന്നൈ: വാര്‍ത്ത നല്‍കാന്‍ പത്രക്കാര്‍ പണം ചോദിച്ചുവെന്ന എഴുത്തുകാരന്‍ അശോകന്‍ ചെരുവിലിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് തെളിയുന്നു. അശോകന്‍ ചെരുവില്‍ പങ്കെടുത്ത പുസ്തകോത്സവത്തിന്റെ സംഘാടകന്‍ നാഗരാജ് ആരോപണങ്ങളെ തള്ളി രംഗത്തെത്തി.

പത്രക്കാര്‍ പണം ചോദിച്ച കാര്യം തനിക്കറിയില്ലെന്ന് നാഗരാജ് പറഞ്ഞു. ഗസ്റ്റ്മുറിയില്‍ ആരും അദ്ദേഹത്തെ കാണാന്‍ ചെന്നിട്ടില്ലെന്നും നാഗരാജ് പറഞ്ഞു. പുസ്തകോത്സവം റിപ്പോര്‍ട്ട് ചെയ്യാന്‍ മലയാളമാധ്യമങ്ങളോ മറ്റു മുഖ്യധാരാ മാധ്യമങ്ങളോ എത്തിയിരുന്നില്ല. പരിപാടി കഴിഞ്ഞതിനുശേഷം ഇങ്ങനെയൊരു കാര്യം അദ്ദേഹം പറഞ്ഞിട്ടുമില്ല. പരിപാടി കഴിഞ്ഞു രണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് ആരോപണം ഉയരുന്നതെന്നും നാഗരാജ് വ്യക്തമാക്കി.

കഴിഞ്ഞ മാസം 21 മുതല്‍ 31വരെയായിരുന്നു പുസ്തകോത്സവം നടന്നത്. പുസ്തകോത്സവത്തിന്റെ സമാപനത്തിനെത്തിയ അശോകന്‍ ചെരുവിലിനോട് പത്രക്കാര്‍ വാര്‍ത്ത നല്‍കണമെങ്കില്‍ പണം നല്‍കണം എന്ന് പറഞ്ഞുവെന്നായിരുന്നു വാദം. അവരോട് കടക്കുപുറത്തെന്ന് പറഞ്ഞെന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. മുഖ്യമന്ത്രിയുടെ മാധ്യമപ്രവര്‍ത്തകരോടുള്ള ആക്രോശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കുറിപ്പ്.

SHARE