ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി വീണ്ടും കോണ്‍ഗ്രസ്

പനാജി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ബി.ജെ.പിക്ക് ഷോക്ക് ട്രീറ്റ്‌മെറ്റ് നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവേല്‍ക്കര്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹക്ക് കത്തയച്ചു. ബി.ജെ.പി സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

നിലവില്‍ കോണ്‍ഗ്രസിന് 14 എം.എല്‍.എമാരുടെ പിന്തുണയാണുള്ളത്. ബി.ജെ.പിക്ക് 13 എം.എല്‍.എമാരാണുള്ളത്. രണ്ട് അംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടി, എം.ജി.പി പാര്‍ട്ടികളും ഒരു സ്വതന്ത്രനും എന്‍.സി.പി അംഗവും ബി.ജെ.പിയെ പിന്തുണക്കുന്നു.

ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ മറികടന്നാണ് ബി.ജെ.പി ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറെ തിരിച്ചുകൊണ്ടുവന്നാണ് മറ്റ് കക്ഷികളുടെ പിന്തുണ ഉറപ്പാക്കിയത്.

പരീക്കര്‍ കാന്‍സര്‍ ബാധിതനായതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. പരീക്കര്‍ അല്ലാത്ത മറ്റൊരു ബി.ജെ.പി നേതാവിനെ അംഗീകരിക്കാന്‍ ഘടകകക്ഷികള്‍ തയ്യാറല്ല. ഒപ്പം കോണ്‍ഗ്രസ് കോടതിയെ സമീപിച്ചാല്‍ തിരിച്ചടി കിട്ടിയേക്കുമെന്ന ഭയവും ബി.ജെ.പിക്കുണ്ട്. അതുകൊണ്ട് ആരോഗ്യനില അതീവ ഗുരുരതമായി തുടരുമ്പോഴും പരീക്കറെ മാറാന്‍ അനുവദിക്കാതെ അധികാരത്തില്‍ തുടരുകയാണ് ബി.ജെ.പി.

കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണ നീക്കം ശക്തമാക്കിയതോടെ ബി.ജെ.പി കേന്ദ്രങ്ങള്‍ ആശങ്കയിലാണ്. എം.എല്‍.എമാരോട് സംസ്ഥാനം വിട്ടുപോവരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഉടന്‍ ഗോവയിലെത്തുമെന്നാണ് വിവരം.

SHARE