കേരളത്തിന് സഹായമഭ്യര്‍ഥിച്ച് പത്രങ്ങളില്‍ ഡല്‍ഹി സര്‍ക്കാറിന്റെ പരസ്യം

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായമഭ്യര്‍ഥിച്ച് പത്രങ്ങളില്‍ ഡല്‍ഹി സര്‍ക്കാറിന്റെ പരസ്യം. ഓരോ ഡല്‍ഹി സ്വദേശിയും കേരളത്തിനൊപ്പം എന്ന തലക്കെട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. കേരളം പ്രളയത്തിനെതിരെ പോരാടുകയാണ്. കേരളത്തിലെ ഓരോ സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും നമ്മളാല്‍ കഴിയുന്ന സഹായം ഓരോരുത്തരും നല്‍കണമെന്ന് പരസ്യത്തില്‍ ആവശ്യപ്പെടുന്നു. ഡല്‍ഹിയിലെ എല്ലാ എസ്.ഡി.എം ഓഫീസുകളിലും സഹായങ്ങള്‍ സ്വീകരിക്കാന്‍ സൗകര്യമുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനുള്ള അക്കൗണ്ട് നമ്പറും ഓണ്‍ലൈന്‍ ഡൊണേഷന്‍ അഡ്രസും പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്. നേരത്തേ ആം ആദ്മി മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം കേരളത്തിലെ പ്രളയബാധിതര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു. അരവിന്ദ് കെജരിവാള്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

രാജ്യത്തെ നിരവധി സംസ്ഥാങ്ങള്‍ കേരളത്തിന് സഹായവുമായി രംഗത്ത് വന്നിരുന്നു. പഞ്ചാബ്, ഹരിയാന, തെലുങ്കാന, ആന്ധ്ര, കര്‍ണാടക, ബീഹാര്‍, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ കേരളത്തിന് സഹായധനം പ്രഖ്യാപിച്ചിരുന്നു.

SHARE