കേരളത്തെ ഇരുട്ടിലാക്കുന്നവര്‍

പ്രളയാനന്തര കേരളം ഉയര്‍ത്തെഴുന്നേല്‍പ്പിനായി കഠിനാദ്ധ്വാനം നടത്തുമ്പോള്‍ അതിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്ന ദൃശ്യങ്ങള്‍ക്കാണ് വര്‍ത്തമാന കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രാ സമയത്ത് ഒരു പകരക്കാരനെ നിശ്ചയിക്കാന്‍ കഴിയാത്തത് മുതല്‍ ഈ ദുരിതകാലത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തി ജനങ്ങളെ വെല്ലുവിളിക്കാനൊരുങ്ങി നില്‍ക്കുന്ന വൈദ്യുതി വകുപ്പിന്റെ നീക്കങ്ങള്‍ വരെ ഭരണകൂടത്തിന്റെ പിടിപ്പുകേടിന്റെ മകുടോദാഹരണങ്ങളായി നിലകൊള്ളുന്നു. മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നു എന്ന് മാത്രമല്ല അതില്‍ ഉദ്യോഗസ്ഥന്മാര്‍ വരെ ഭാഗവാക്കാകുന്ന സാഹചര്യം സംജാതമായി. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ പതിവു ബ്രീഫിങ് ആര് നടത്തും എന്ന അവ്യക്തതയുടെ പേരില്‍ മന്ത്രിസഭാ യോഗം തന്നെ ചേരാതിരിക്കുകയും ചെയ്യുകയുണ്ടായി.
ചെലവുചുരുക്കലിന്റെ ഭാഗമായി ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ചെലവില്‍ ആഘോഷ പരിപാടികളൊന്നും വേണ്ടെന്ന പൊതുഭരണവകുപ്പിന്റെ ഉത്തരവ് പുറത്തുവന്നതോടെ അതിനെതിരെ മന്ത്രിമാരായ എ.കെ ബാലനും കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിക്കൊണ്ടാണ് തമ്മില്‍തല്ലിന്റെ തുടക്കം. ഉത്തരവുവഴി തങ്ങളുടെ വകുപ്പുകളില്‍ അനാവശ്യ ഇടപെടലിന് ശ്രമമുണ്ടാകുന്നു എന്നതാണ് ഇരുവരെയും പ്രകോപിപ്പിച്ചത്. വിഷയത്തിലുള്ള ഇരുവരുടെയും എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്ന് മന്ത്രി ഇ.പി ജയരാജനും പൊതു ഭരണ വകുപ്പും നിലപാടെടുത്തതോടെ രംഗം കൂടുതല്‍ വഷളായി. എന്നാല്‍ പൊതുഭരണവകുപ്പിന്റെ ഉത്തരവുകള്‍ തന്റെ വകുപ്പില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രിയും വിവാദത്തില്‍ പങ്കാളിയാവുകയുണ്ടായി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെപോലും താളം തെറ്റിക്കുന്ന രീതിയിലാണ് നിലവില്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. മന്ത്രിസഭ ചേരുന്നതിന് പകരം സര്‍ക്കാറിന്റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ഉപസമിതിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ ഉപസമിതിയിലാകട്ടെ ധനമന്ത്രി തോമസ് ഐസക്കിനെ ഉള്‍പ്പെടുത്തിയിട്ടുമില്ല. അതിനാല്‍ അദ്ദേഹം സ്വന്തം വഴിക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കുട്ടനാട്ടിലെ പമ്പിങ്ങിന്റെ പേരില്‍ ധനമന്ത്രിയും മന്ത്രി ജി.സുധാകരനും തമ്മിലുണ്ടായ പരസ്യമായ വിഴുപ്പലക്കല്‍ ഈ അനൈക്യം പുറത്തുകൊണ്ടു വരികയുണ്ടായി. കൃഷി മന്ത്രി വി.എസ് സുനില്‍കുമാറും ഈ വിവാദത്തില്‍ പങ്കാളിയായി. കൃഷിമന്തിയേയും നിയമപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്ചുതാനന്ദനേയും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍ അധിക്ഷേപിക്കുകയും ഇടതുമുന്നണിയുടെ പ്രകടന പത്രികയെ തളളിപ്പറയുകയും ചെയ്തിട്ടുപോലും ആര്‍ക്കും അനങ്ങാന്‍ കഴിയാതിരിക്കുന്നത് മന്തിസഭയുടെ അഭിപ്രായ വ്യത്യാസത്തിന്റെ ആഴം വ്യക്തമാക്കിത്തരുന്നുണ്ട്.
കലുഷിത സാഹചര്യം മുതലെടുത്ത് മന്തി എം.എം മണി രംഗത്തെത്തിയത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ഡാം മാനേജ്‌മെന്റിങ്ങിലുള്‍പ്പെടെ വീഴ്ച വരുത്തിയെന്ന് പഴി കേള്‍പ്പിച്ച മന്ത്രി മണി നിരന്തരം വിടുവായത്തങ്ങള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഇടുക്കി ഡാം തുറക്കുമെന്ന് പറഞ്ഞ് പിന്നീട് അതില്‍ നിന്ന് പിറകോട്ട് പോയതിനെകുറിച്ച് ചോദിച്ചപ്പോള്‍ അത് പത്രക്കാരെ കബളിക്കാന്‍ വേണ്ടി പറഞ്ഞതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആയിരക്കണക്കായ ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടിയ ഒരു തീരുമാനത്തെ കുറിച്ച് വകുപ്പ് മന്ത്രി നടത്തിയ അതീവ ലാഘവത്തോടെയുള്ള പ്രസ്താവന കേരളത്തെ മുഴുവന്‍ ഞെട്ടിത്തരിപ്പിക്കുന്നതാണ്. നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ പ്രളയമുണ്ടാകും. അതില്‍കുറേ പേര്‍ മരിക്കും. കുറേപേര്‍ ജീവിക്കുകയും കുറേപേര്‍ക്ക് നഷ്ടം സംഭവിക്കുകയും ചെയ്യും. നമ്മുടെ ജീവിത യാത്ര അങ്ങനെ തുടരും. എന്നായിരുന്നു മറ്റൊരു പ്രസ്താവന. പ്രളയ ദുരന്തം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തോട് മഴ എങ്ങനെ പെയ്‌തെന്ന് അറിയാനാണോ അന്വേഷണമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അണക്കെട്ട് തുറന്നുവിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്നും ഡാമുകളിലെ അമിതജലം മാത്രമാണ് തുറന്നുവിട്ടതുമെന്നായിരുന്നു ഏറ്റവും ഒടുവിലായി അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
സാഹചര്യങ്ങള്‍ ഈ നിലയില്‍ കലങ്ങി മറിഞ്ഞു നില്‍ക്കുമ്പോഴാണ് കൂനിന്‍മേല്‍ കുരുവെന്നവണ്ണം വൈദ്യുതി വകുപ്പിന്റെ ലോഡ് ഷെഡ്ഡിങ് സ്ഥാപിച്ചുകൊണ്ടുള്ള അടുത്ത അടി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ നിന്നും കേന്ദ്ര പൂളില്‍ നിന്നുമായി 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ലോഡ് ഷെഡ്ഡിങിന് വൈദ്യുതി വകുപ്പ് ന്യായീകരണമായി ചൂണ്ടിക്കാട്ടുന്നത്. പ്രളയത്തെ തുടര്‍ന്ന് ആറ് പവര്‍ സ്‌റ്റേഷനുകള്‍ തകരാറിലായതും കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ടായതുമാണ് ഇതിന് കാരണമായി മന്ത്രി ചൂണ്ടിക്കാട്ടുന്നത്. പ്രളയ ദുരിതത്തില്‍ നിന്ന് കരകയറുന്നതിന്റെ മുമ്പുതന്നെ നടപ്പിലാക്കാന്‍ പോകുന്ന ലോഡ്ഷഡ്ഡിങ് കടുത്ത ദുരിതമായിരിക്കും കേരളീയര്‍ക്ക് സമ്മാനിക്കുക. പ്രളയാനന്തരകാലത്ത് ലോകത്ത് എല്ലായിടത്തുമുണ്ടായത് പോലെ കടുത്ത വരള്‍ച്ചയാണ് കേരളത്തേയും കാത്തിരിക്കുന്നത്. അതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ പ്രകടമാണ്. കനത്ത ചൂടിലേക്കാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ മാസം മുപ്പതോടെയാണ് കാലവര്‍ഷം അവസാനിക്കേണ്ടത്. എന്നാല്‍ അതിനുമുമ്പ് തന്നെ കടുത്ത വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന ചൂടാണ് രേഖപ്പെടുത്തപ്പെടുന്നത്. കൂടാതെ ജല സ്രോതസ്സുകള്‍ വറ്റി വരളുകയും ഭൂമി വിണ്ടുകീറുകയും ചെയ്യുന്നു. സെപ്തംബര്‍ മാസത്തില്‍ 12 ശതമാനമാണ് മഴ ലഭിക്കേണ്ടത്. എന്നാല്‍ 20 ദിവസമായിട്ടും ഒറ്റപ്പെട്ട മഴപോലും ലഭ്യമായിട്ടില്ല. കാലാവസ്ഥയിലുണ്ടാകാന്‍ പോകുന്ന അതിഗുരുതരമായ മാറ്റങ്ങളാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
എന്നാല്‍ യാതൊരു മുന്‍കരുതലുമില്ലാതെ പ്രളയകാലത്തും അതിനുമുമ്പും സ്വീകരിച്ചതുപോലെയുള്ള തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് വൈദ്യുതി വകുപ്പ് നിലവിലെ സാഹചര്യത്തോടും വെച്ചുപുലര്‍ത്തുന്നത്. ഡാമുകള്‍ ആവശ്യമായ സമയത്ത് തുറക്കാതെ, ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനു പകരം വൈദ്യുതോല്‍പ്പാദനത്തിന്റെ ലാഭം വര്‍ധിപ്പിക്കാനുള്ള അത്യാര്‍ത്തിയുടെ ഫലമാണ് ദുരന്തത്തിന്റെ ആഴം ഇത്രമേല്‍ വര്‍ധിപ്പിച്ചത് എന്നത് ശാസ്ത്രീയമായി തെളിയക്കപ്പെട്ടതാണ്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ വകുപ്പ് നടത്തിയ ശ്രമങ്ങള്‍ പാഴ്‌വേലയായി മാറുകയും ചെയ്തതാണ്. മുന്‍ അനുഭവങ്ങളില്‍ നിന്നും ഒരു പാഠവും തങ്ങള്‍ പഠിച്ചിട്ടില്ലെന്നും വരാന്‍ പോകുന്ന സങ്കീര്‍ണ സാഹചര്യങ്ങളെ നേരിടാന്‍ തങ്ങളുടെ ഭാഗത്ത് നിന്ന് ഒരു മുന്നൊരുക്കവുമില്ലെന്നുമാണ് മന്ത്രിയുടെയും മറ്റു ഉദ്യോഗസ്ഥരുടെയും വാക്കുകളില്‍ പ്രകടമാകുന്നത്. പ്രളയാനന്തര കേരളത്തെ പുനസൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നാടൊന്നാകെ ഒരുമിച്ചിരുന്ന് സ്വീകരിക്കുമ്പോള്‍ വൈദ്യുതി വകുപ്പിന്റെ നിലവിലെ നീക്കം അതിന് എത്രത്തോളം അനുഗുണമാണെന്ന് അധികാരികള്‍ വിലയിരുത്തേണ്ടതാണ്. ചുരുക്കത്തില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തെ അല്‍ഭുതകരമായ ഇഛാശക്തിയോടെ ഒരു ജനത മറികടക്കുമ്പോള്‍ അവര്‍ക്ക് താങ്ങും തണലുമായി നിലകൊള്ളേണ്ട ഭരണകൂടം അവരെ നിരാശരാക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.

SHARE