വിധിനിര്‍ണായകം

പ്രതിഛായ

നരേന്ദ്രമോദി സര്‍ക്കാര്‍ നീതിപീഠത്തെ മാത്രമല്ല, ഭരണഘടനയെയും ജനാധിപത്യ സംവിധാനങ്ങളെയും അട്ടിമറിച്ചേക്കുമെന്ന ആശങ്കക്കിടെ, വരാനിരിക്കുന്ന നിര്‍ണായക സമയങ്ങളില്‍ രാജ്യത്തിന്റെ മുഖ്യന്യായാധിപന്റെ നിലപാടുതറ ഭരണഘടനാമൂല്യങ്ങളില്‍ ഉറച്ചതായിരിക്കണമെന്ന് ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നത് സ്വാഭാവികം. നാളെ ഇന്ത്യയുടെ മുഖ്യാന്യായാധിപനായി ചുമതലയേല്‍ക്കുന്ന ജസ്റ്റിസ് ശരത് അരവിന്ദ്‌ബോബ്‌ഡെയുടെ വാക്കുകളും നീക്കങ്ങളും സസൂക്ഷ്മം വീക്ഷിക്കുകയാണ് രാജ്യവും ലോകവും. ശബരിമല സ്ത്രീപ്രവേശം, ആധാര്‍, സ്വകാര്യത, ഭാര്യയുടെ പരപുരുഷ ബന്ധം തുടങ്ങിയ ഒട്ടേറെ നിര്‍ണായക വിഷയങ്ങളില്‍ വിധി പ്രസ്താവിച്ചുകൊണ്ടാണ് ചീഫ്ജസ്റ്റിസ് ദീപക്മിശ്ര ഇന്ത്യന്‍ നീതിന്യായപീഠത്തിന്റെ ഉന്നതപദവിയില്‍നിന്ന് പടിയിറങ്ങിപ്പോയത്. ഇന്ത്യന്‍ നീതിപീഠത്തിന്റെ ചരിത്രത്തിലെ കറുത്ത ഏടായിരുന്നു ദീപക് മിശ്രയുടെ കാലം. റഫാല്‍ കോഴ, ശബരിമല, ബാബരി മസ്ജിദ്-രാമജന്മഭൂമി, എം.എല്‍.എമാരുടെ അയോഗ്യത തുടങ്ങിയ സുപ്രധാനവിഷയങ്ങളാണ് തുടര്‍ന്നുവന്ന മുഖ്യന്യായാധിപന്‍ ജസ്റ്റിസ് രഞ്ജന്‍ഗോഗോയുടെ മുന്നില്‍ വിധിക്കായി കാത്തിരുന്നത്. ഇന്ന് ഇദ്ദേഹത്തിന്റെ സേവനകാലാവധി അവസാനിക്കുമ്പോള്‍ ചീഫ്ജസ്റ്റിസിന്റെ ശിപാര്‍ശപ്രകാരം ജസ്റ്റിസ് ശരത്അരവിന്ദ് ബോബ്‌ഡെ 47-ാമത് ഇന്ത്യന്‍ ചീഫ്ജസ്റ്റിസാവുകയാണ്. അയോധ്യയടക്കം നിര്‍ണായകമായ ഒട്ടുവളരെ വിധിപ്രസ്താവങ്ങള്‍ക്ക് മഷിചലിപ്പിച്ച ന്യായാധിപനെന്നനിലക്ക് മുന്‍ഗാമികളെ പോലെതന്നെ രാഷ്ട്രീയ-നിയമവൃത്തങ്ങളിലെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ജസ്റ്റിസ് ബോബ്‌ഡെ.
ന്യായാധിപന്മാരെയും നീതിപീഠങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ സ്വാധീനിക്കുന്നുവെന്ന ശക്തമായ പരാതിക്കിടയിലാണ് ജസ്റ്റിസ് ബോബ്‌ഡെയുടെ സ്ഥാനാരോഹണമെന്നത് വലിയ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും അത്രയെളുപ്പത്തില്‍ വഴങ്ങുന്ന പ്രകൃതമുള്ളതല്ല ജസ്റ്റിസ് ബോബ്‌ഡെയുടെ പൂര്‍വകാല ചരിത്രം. ജസ്റ്റിസുമാരായ കെ.എം ജോസഫ്, എ.എ ഖുറേശി എന്നിവരുടെ സ്ഥാനക്കയറ്റത്തിന ്‌കൊളീജിയം സമര്‍പ്പിച്ച ശിപാര്‍ശകളെ തള്ളിക്കളയുകയും ന്യായാധിപന്മാര്‍ക്കെതിരെ വിദ്വേഷം മറയില്ലാതെ പ്രകടിപ്പിക്കുകയും ചെയ്ത സര്‍ക്കാര്‍ ജസ്റ്റിസ് ബോബ്‌ഡെയുടെ കാര്യത്തില്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് നിയമന ശിപാര്‍ശ അംഗീകരിച്ചിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിയമവൃത്തങ്ങളിലെ ഒരു വര്‍ത്തമാനം. അയോധ്യയില്‍ ബാബരി മസ്ജിദിന് പുതിയ സ്ഥലം അനുവദിക്കുകയും പള്ളി നിന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുകയും ചെയ്യണമെന്നാണ് പുതിയ ചുമതലയേല്‍ക്കുന്നതിന് പത്തു ദിവസംമുമ്പ് നടത്തിയ അഞ്ചംഗ ഭരണഘടനാബെഞ്ചിലെ വിധിയില്‍ ജസ്റ്റിസ് ബോബ്‌ഡെ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരുപക്ഷേ ഇത് സംഘ്പരിവാറുകാര്‍ക്ക് പുതിയ മുഖ്യന്യായാധിപനുമേലുള്ള ആശങ്കയെ നിരാകരിക്കുന്നതുമാകാം. മധ്യപ്രദേശ് ഹൈക്കോടതി മുഖ്യന്യായാധിപനായിരുന്ന ജസ്റ്റിസ് ബോബ്‌ഡെ നിലവില്‍ സൂപ്രീംകോടതി ജഡ്ജിയും ഡല്‍ഹി സര്‍വകലാശാലയുടെയും നാഗ്പൂരിലെ മഹാരാഷ്ട്ര നിയമ സര്‍വകലാശാലയുടെയും ചാന്‍സലറുമാണ്. 2013ലാണ് ജസ്റ്റിസ് അല്‍തമാസ്‌കബീര്‍ മുഖ്യന്യായാധിപനായിരിക്കെ സുപ്രീംകോടതി ന്യായാധിപനായി ജസ്റ്റിസ് ബോബ്‌ഡെ എത്തുന്നത്. ഇതിനകം എട്ടുകൊല്ലത്തെ സുപ്രീംകോടതിയുടെ വിധികളില്‍ ഒന്നിലും വിവാദപരവും പ്രകോപനപരവുമായ യാതൊന്നും ഇദ്ദേഹത്തില്‍നിന്നുണ്ടായിട്ടില്ല. മഹാരാഷ്ട്ര സ്വദേശിയായ ഈ അറുപത്തിമൂന്നുകാരന് 2021 ഏപ്രില്‍ 23വരെ നീണ്ട സേവനകാലാവധിയുണ്ട്. അതായത് ഈ സര്‍ക്കാരിന്റെ പല വിവാദ തീരുമാനങ്ങളുമുണ്ടാകാനിടയുള്ളതുവരേക്കും.
ആര്‍.എസ്.എസ് ആസ്ഥാനം നിലകൊള്ളുന്ന നാഗ്പൂരില്‍ നിന്നാണെങ്കിലും കറകളഞ്ഞ അഭിഭാഷക-ന്യായാധിപ കുടുംബത്തില്‍നിന്നാണ് ശരത് ബോബ്‌ഡെയുടെയും വരവ്. പിതാവ് മഹാരാഷ്ട്ര അഡ്വക്കറ്റ് ജനറലും സഹോദരന്‍ സുപ്രീംകോടതി അഭിഭാഷകനുമായിരുന്നതിനാല്‍ ഭരണഘടനയുടെയും നിയമങ്ങളുടെയും മര്‍മമറിഞ്ഞ പ്രതിഭാശാലിയായ നിയമവിശാരദന്‍. 1978ല്‍ മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ നിയമജ്ഞനായി ചേര്‍ന്ന ബോബ്‌ഡെ 2000ല്‍ മുംബൈ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി. 2012 ഒക്ടോബര്‍ 16നാണ് മധ്യപ്രദേശ് ഹൈക്കോടതിയില്‍ മുഖ്യന്യായാധിപനാകുന്നത്. ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് നാഗപ്പ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചില്‍ ആധാര്‍ സംബന്ധിച്ച നിര്‍ണായക വിധി രചിച്ചത് ഇദ്ദേഹംകൂടി ചേര്‍ന്നായിരുന്നു. പൗരന്റെ എല്ലാകാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുതെന്നതായിരുന്നു സര്‍ക്കാരിനെതിരായ ഉത്തരവ്. മതം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിലും നിരവധി വിധികള്‍ ജസ്റ്റിസ് ബോബ്‌ഡെയുടേതായി രേഖകളിലുണ്ട്. ഭ്രൂണം നീക്കംചെയ്യാന്‍ അനുവദിക്കണമെന്ന യുവതിയുടെ ഹര്‍ജി തള്ളിയത് 2017ല്‍ ഇദ്ദേഹവും ജസ്റ്റിസ് നാഗഗേശ്വരറാവുവും ചേര്‍ന്ന ബെഞ്ചായിരുന്നു. ഡല്‍ഹിയിലെ അന്തരീക്ഷ മാലിന്യം തടയുന്നതിന് പടക്കം പൊട്ടിക്കല്‍ തടഞ്ഞവിധിയും ഇദ്ദേഹം ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചിന്റേതാണ്. രാജ്യത്തെ അഞ്ച് മുതിര്‍ന്ന ന്യായാധിപന്മാര്‍ചേര്‍ന്ന് 2017ല്‍ മുഖ്യന്യായാധിപനെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അനിഷ്ടകരമായ അന്തരീക്ഷം നിലവിലില്ലെന്നു പറയുന്ന പുതിയചീഫ്ജസ്റ്റിസിലാണ്, മതത്തില്‍ കോടതി ഇടപെടേണ്ടതുണ്ടോ എന്നതടക്കമുള്ള അതിനിര്‍ണായകമായ സംശയദൂരീകരണത്തിന് രാജ്യം കാത്തിരിക്കുന്നത്.

SHARE