രാജ്യ സുരക്ഷയുടെ പ്രാധാന്യം ഇസ്‌ലാമില്‍

രാജ്യ സുരക്ഷയുടെ പ്രാധാന്യം ഇസ്‌ലാമില്‍

ടി.എച്ച് ദാരിമി
നബി (സ)യില്‍ നിന്നും ഇമാം ബുഖാരി തന്റെ അദബുല്‍ മുഫ്‌റദില്‍ ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ‘നിങ്ങളില്‍ ഒരാള്‍ തന്റെ ദേശത്ത്‌സുരക്ഷിതനും ശരീരത്തില്‍ ആരോഗ്യവാനും അന്നന്നത്തെ അന്നം കയ്യിലുള്ളവനുമാണെങ്കില്‍ അവന്‍ ഇഹലോകം മുഴുവനും ലഭിച്ചവനെപ്പോലെയാണ്’. ഒരു ജനതയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ നേട്ടമാണ് തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷ എന്ന ഇസ്‌ലാമിന്റെ കാഴ്ചപ്പാട് അനാവരണം ചെയ്യുകയാണ് ഈ തിരുവരുള്‍. മാത്രമല്ല ഈ ഹദീസില്‍ പറയുന്ന മൂന്നു കാര്യങ്ങളുടെ ക്രമണിക നാടിന്റെ സുരക്ഷ അന്നത്തേക്കാളുംആരോഗ്യത്തേക്കാളും പ്രധാനമാണ് എന്നുകൂടിദ്യോതിപ്പിക്കുന്നുണ്ട്. അതങ്ങനെയായതുകൊണ്ടായിരുന്നുവല്ലോ ഇബ്രാഹീം നബി തന്റെ കുടുംബത്തെ മക്കയുടെ വിജനതയില്‍വിട്ട് തിരിഞ്ഞുനടക്കുമ്പോള്‍ ചെയ്ത പ്രാര്‍ഥനയിലും ആ ക്രമണിക ഉണ്ടായത്. അദ്ദേഹം അന്ന് പ്രാര്‍ത്ഥിച്ച ആ പ്രാര്‍ത്ഥനയില്‍ ഈ നാടിനെ സുരക്ഷിത നാടാക്കണമേ എന്ന് ഇരന്നതിനുശേഷമായിരുന്നു അവര്‍ക്ക് അന്നത്തിനു വേണ്ടി തേടിയത് (വിശുദ്ധ ഖുര്‍ആന്‍ 2:126). മാത്രമല്ല, ഒരു നാടിന് വിധിച്ച സുരക്ഷയെ എടുത്തു കാണിച്ച് അല്ലാഹുഅതിനെ ഒരു അനുഗ്രഹമായി ഓര്‍മ്മിപ്പിക്കുന്നുണ്ട് അല്‍ അന്‍കബൂത്ത് അധ്യായത്തിന്റെ 67ാം സൂക്തത്തില്‍. അന്നൂര്‍ അധ്യായത്തിന്റെ 55ാം വചനത്തിലും അന്നഹ്ല്‍ അധ്യായത്തിന്റെ 112ാം വചനത്തിലും രാജ്യസുരക്ഷയെ അല്ലാഹു അനുഗ്രഹങ്ങളില്‍ എണ്ണുന്നുണ്ട്. രാജ്യത്തിന്റെ സുരക്ഷ പരമ പ്രധാനമാണ് എന്ന് പഠിപ്പിക്കുന്നതോടൊപ്പം ഈ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്ന എല്ലാ അനക്കങ്ങളും അടക്കങ്ങളും നീക്കങ്ങളും നീക്കു പോക്കുകളും ജാഗ്രതയോടെ കാണണമെന്നുമാണ് ഈ പ്രമാണങ്ങള്‍ പകരുന്ന ധ്വനി.
ഈ നിലപാടിന്റെ സാംഗത്യം സ്ഥാപിക്കാന്‍ ന്യായങ്ങളേറെയുണ്ട്. അത് മനുഷ്യരുടെ മാനസിക നിലയെ ബാധിക്കുന്ന വിഷയമാണ്. സ്വന്തം നാടിന്റെ സുരക്ഷ അവതാളത്തിലാകുന്നതോടെ ഒരാളുടെ ജീവിത ഒഴുക്കിന് ഭംഗം നേരിടുന്നു. സൈ്വരവിഹാരം മുതല്‍ കച്ചവടവും കൃഷിയും തുടങ്ങിയ ജീവിത സന്ധാരണ മേഖലകള്‍ അപകടത്തിന്റെ നിഴലിലാകുന്നു. ഇതോടെ ഏതു മനുഷ്യനും അസ്വസ്ഥനായിമാറുന്നു. ഇതാകട്ടെ ബാധിക്കുക ഒന്നാമതായി മനസ്സിനെയാണ്. യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ മൂടിക്കെട്ടിക്കിടക്കുന്ന നമ്മുടെ പ്രപഞ്ചത്തിലെ പല നാടുകളിലെയും മനുഷ്യരുടെ അവസ്ഥ അതിനുദാഹരണമാണ്. അങ്ങാടിയില്‍ പോയി എന്തെങ്കിലുമൊന്ന് വാങ്ങിക്കെണ്ടുവരാനുള്ള ധൈര്യം പോലുമില്ലാതെ കാല്‍മുട്ടുകള്‍ വിറച്ചുനില്‍ക്കുകയാണ് അന്നാട്ടുകാര്‍. മാത്രമല്ല, വിദ്യാഭ്യാസം, വിവാഹം, ആഘോഷങ്ങള്‍ തുടങ്ങിയവയെല്ലാം അവിടങ്ങളില്‍ അന്യംനില്‍ക്കുകയും ചെയ്യുന്നു. അതിനാല്‍ ഭയരഹിതമായി ജീവിക്കാനുള്ള അവസ്ഥഎന്ന് രാജ്യസുരക്ഷ നിര്‍വജിക്കപ്പെടുന്നു. മക്കയിലെ ജനങ്ങളെ അവര്‍ക്കു നിര്‍ല്ലോഭം ലഭിക്കുന്ന അന്നം, ഭയരഹിതമായ ജീവിതാവസ്ഥ എന്നീ അനുഗ്രഹങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇവ്വിധം അനുഗ്രഹിച്ച നാഥനെ ആരാധിച്ചു ജീവിക്കാന്‍ ഉദ്‌ബോധിപ്പിക്കുന്നത് ഖുറൈശ് അധ്യായത്തില്‍ കാണാം. നിരന്തരമായ ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും മൂലം അന്നവും അഭയവും നഷ്ടപ്പെടാവുന്ന സാഹചര്യത്തില്‍ നിന്നും അവരെ അല്ലാഹു സംരക്ഷിച്ചു. യമനിലേക്കും സിറിയയിലേക്കുമുള്ള അവരുടെ വാണിജ്യ യാത്രകള്‍ സുരക്ഷിതമായത് അങ്ങനെയാണ് എന്നും ഖുര്‍ആന്‍ ഓര്‍മ്മിപ്പിക്കുന്നു.
നബി(സ) തിരുമേനി മദീനയിലെത്തി ഏറ്റവുംആദ്യമായി എടുത്ത ചുവടുകള്‍ നാടിന്റെ സുരക്ഷയെ ലക്ഷ്യംവെക്കുന്നതായിരുന്നു. പ്രമുഖഗോത്രങ്ങളുടെയും മതങ്ങളുടെയും പ്രതിനിധികളെ വിളിച്ചുവരുത്തി നബി(സ) ഒരു പൊതു പെരുമാറ്റച്ചട്ടം രൂപീകരിക്കുകയായിരുന്നു. ചരിത്രത്തില്‍ മദീനാചാര്‍ട്ടര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ സന്ധി എക്കാലത്തും പ്രസക്തമാണ്. ഈ സന്ധി തന്റെ ദൗത്യമാകുന്ന ഇസ്‌ലാമിക പ്രബോധനത്തെ കുറിച്ചല്ല യത്‌രിബ് എന്ന ആ നാടിന്റെ പൊതുസുരക്ഷയെകുറിച്ചായിരുന്നു എന്നത് ശ്രദ്ധേയമാണ്. മദീന നമ്മുടെയെല്ലാം മണ്ണാണ്എന്നും മദീനയുടെ പൊതു ശത്രുവിനെ എല്ലാവരും പൊതു ശത്രുവായി കാണണമെന്നുമായിരുന്നു ആ സന്ധിയുടെ പ്രധാന ഉള്ളടക്കം. അതേസമയം ഓരോ കുടുംബത്തിന്റെയും നിലവിലുള്ള അവകാശാധികാരങ്ങളും പ്രത്യേക പരിഗണനകളും സംരക്ഷിക്കപ്പെടേണ്ടത് ഈ സന്ധിയുടെ വിജയത്തിന് അനിവാര്യമായിരുന്നതിനാല്‍ അതും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. അഞ്ച് ഉപ ഖണ്ഡികകളടക്കം മൊത്തം 52 ഖണ്ഡികകളുള്ള പ്രസ്തുത സന്ധി പഠനങ്ങളുടെ ടിപ്പണിയോടെ ഇബ്‌നു ഹിശാം തന്റെ സീറയില്‍ മുതല്‍ ഫിലിപ്പ് കെഹിറ്റി ഹിസ്റ്ററി ഓഫ് അറബ്‌സില്‍ വരെ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ ദൗത്യത്തേക്കാള്‍അതു നിര്‍വഹിക്കാനുള്ള രാജ്യത്തിന്റെ സുരക്ഷക്ക് നബി (സ) പ്രാമുഖ്യം കല്‍പ്പിക്കുന്നത്ശാന്തമായ ഒരു സാമൂഹ്യ അവസ്ഥ എല്ലാറ്റിനുമെന്ന പോലെ ഇസ്‌ലാമിക പ്രബോധനത്തിനും അനിവാര്യമാണ് എന്ന തിരിച്ചറിവു കാരണമാണ്.
ഇസ്‌ലാമിക ദര്‍ശനം ഏതു കാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും വളരെ ശാസ്ത്രീയമായ ഒരു സമീപനമാണ് പുലര്‍ത്തുന്നത്. ഒരു രാജ്യത്തിന്റെ സുരക്ഷ നേരിടുന്ന ഭീഷണിയെ രണ്ടായിതരംതിരിക്കുന്നു. ഒന്നാമത്തേത് അകത്തുനിന്നുള്ള ഭീഷണികളും രണ്ടാമത്തേത് പുറത്തുനിന്നുള്ള ഭീഷണികളും. ഇവ രണ്ടും തമ്മില്‍ പരസ്പര ബന്ധമുണ്ടുതാനും. അകത്തുനിന്നുള്ള ഭീഷണി അകറ്റാന്‍ ഇസ്‌ലാം നല്‍കുന്ന മരുന്ന് നീതിയാണ്. ഭരണാധികാരി ജനങ്ങള്‍ക്കിടയില്‍ നീതി പാലിക്കുകയും അതുവഴി ഭരണീയരുടെ മനം കവരുകയും ചെയ്യുകയാണ് എങ്കില്‍ അകം സുരക്ഷിതമായിരിക്കും. ജനങ്ങളെ തന്റെ ബാലിശമായ ഇംഗിതങ്ങള്‍ക്ക് വിധേയമായി തരംതിരിക്കുകയും ഇഷ്ടമുള്ളവരെ മാത്രം പരിഗണിക്കുകയും അല്ലാത്തവരെ ക്രൂരമായി അവഗണിക്കുകയും ചെയ്യുന്ന പക്ഷം രാജ്യം എപ്പോഴും ഒരു അഗ്‌നിപര്‍വതമായി നില്‍ക്കും. പൗരന്‍മാര്‍ക്ക് തങ്ങള്‍ അവഗണിക്കപ്പെടുന്നു എന്ന തോന്നല്‍ നില നില്‍ക്കുന്ന കാലത്തോളം ഒരു രാജ്യത്തിനും ഒന്നും നേടാനാവില്ല. ഭരണാധികാരികളുടെ ചുമതല തന്നെ നീതിക്കു കാവല്‍ നില്‍ക്കുക എന്നതാണ്. അവര്‍ ചെയ്യുന്നതെല്ലാം നീതി മാത്രമാണ്എന്നുവരികയും ഭരണീയര്‍ അവര്‍ക്കിടയില്‍ അനീതി പുലര്‍ത്തുന്നതിനെ ജാഗ്രതയോടെ കൈകാര്യം ചെയ്യുകയുമാണ് ഒരു ഭരണാധികാരിക്കുചെയ്യാനുള്ള മൊത്തത്തിലുള്ള ഉത്തരവാദിത്വം. നബി(സ) മുതല്‍ സച്ചരിതരായ ഭരണാധികാരികളുടെ ഒരു ശൃംഖല തന്നെ ഇതു പഠിപ്പിക്കാന്‍ ഇസ്‌ലാം ലോകത്തിനു മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നീതിമാനായ ഭരണാധികാരി വിചാരണ നാളില്‍ദൈവിക സിംഹാസനത്തിന്റെ തണലിലായിരിക്കും എന്നു നബി(സ) പറഞ്ഞിട്ടുണ്ട്. ഇവ്വിധം നീതി ഉറപ്പുവരുത്തുന്നതോടെ രാജ്യം ശക്തിപ്പെടുന്നു. ഭരണീയര്‍ സംതൃപ്തരാകുന്നതോടെ രാജ്യം പുഷ്പിക്കുന്നു. സകാത്ത് വാങ്ങാന്‍ ആരെയുംകിട്ടാനില്ലാത്തവിധം യമനിലും സിറിയയിലും ദാരിദ്ര്യത്തെ വിപാടനം ചെയ്തതും അംഗ രക്ഷകരുടെ കാവലില്ലാതെ ഭരണാധികാരി ഈന്തപ്പന ച്ചുവട്ടില്‍ കിടന്നുറങ്ങിയതുമെല്ലാം ചരിത്രത്തിന്റെ പുളകമായി മാറിയതിനു പിന്നിലെ പൊതുകാരണം നൈതികതയുടെ ശക്ത സാന്നിധ്യം തന്നെയായിരുന്നു.
രണ്ടാമത്തേത് പുറത്തുനിന്നുള്ള ഭീഷണികളാണ്. അത് ശക്തമായി നേരിടേണ്ടതു തന്നെയാണ്. പ്രത്യേകിച്ചും ജനവാസ കേന്ദ്രങ്ങളില്‍ ബോംബിട്ടും സൈനിക വ്യൂഹത്തിനുനേരെ ചാവേര്‍ ആക്രമണം നടത്തിയും ഭീതി വിതക്കുന്ന കാടന്‍ ഭീകരവാദങ്ങള്‍ക്കുനേരെ. രാജ്യം അസ്വസ്ഥമല്ലായിരുന്നുവെങ്കിലും ഭരണീയര്‍ സംതൃപ്തിവഴി സുശക്തരാണ്എങ്കിലും ഇങ്ങനെയൊന്നും ചെയ്യാന്‍ ഒരു ശക്തിക്കും കഴിയുകയില്ല എന്നത് വാസ്തവമാണ് എങ്കിലും അങ്ങനെ ഒന്നുസംഭവിച്ചാല്‍ പിന്നെ ആ കാടത്തത്തെ പിടിച്ചുകെട്ടുക തന്നെ വേണ്ടിവരും. ഒരു പ്രത്യയ ശാസ്ത്രത്തിനും അംഗീകരിക്കാനാവാത്തതാണ് കുടില ലക്ഷ്യങ്ങള്‍ക്കായി അലക്ഷ്യങ്ങളില്‍ ആക്രമണം നടത്തുന്നത്. ഭീതി വിതച്ച് കാര്യങ്ങളെ കൈപ്പിടിയിലൊതുക്കാനുള്ള ഈ കാപട്യം ഇസ്‌ലാമും അംഗീകരിക്കുന്നില്ല. ഇരുട്ടിന്റെ ഈ കാടന്‍ ശക്തികള്‍ക്ക് പലതും തേന്‍ പുരട്ടി എഴുന്നള്ളിക്കുവാനുണ്ടാകും. തങ്ങള്‍ ചെയ്യുന്നത് ഒരു മതത്തിന്റെയോ മതവിഭാഗത്തിന്റെയോ ആത്യന്തിക സുരക്ഷക്കു വേണ്ടിയാണ് എന്നൊക്കെ. അതൊക്കെ കേവല രാഷ്ട്രീയമാണ്. അതിന് ശരിയായമത വിശ്വാസികള്‍ക്ക് ഒരു മാര്‍ക്കും നല്‍കുക സാധ്യമല്ല. അല്ലെങ്കിലും, പട്ടാള തമ്പുകളൊന്നിന്റെ മൂലയില്‍ കൂടുകൂട്ടിയ അമ്മക്കിളിക്കും വിരിയാനിരിക്കുന്ന കുഞ്ഞിക്കിളികള്‍ക്കും ശല്യമാവുംഎന്നതിനാല്‍ ആ തമ്പ് അവിടെ വിട്ടേച്ച് പോരുന്ന അത്ര സൂക്ഷ്മത പുലര്‍ത്തിയ അംറ് ബിന്‍ ആസ്വിന്റെ പിന്‍തലമുറക്കാര്‍ക്ക് ഈ കാടന്‍ ഭീകരതയെ എങ്ങനെ സ്വീകരിക്കാനാകും.

NO COMMENTS

LEAVE A REPLY