കോഴിക്കോടന്‍ കഥ പറഞ്ഞ് നഗരവീഥികള്‍

കോഴിക്കോടന്‍ കഥ പറഞ്ഞ് നഗരവീഥികള്‍

മതിലുകളില്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍

കോഴിക്കോട്: നഗരത്തിലെത്തുന്നവര്‍ക്ക് കോഴിക്കോടിന്റെ ചരിത്രവും കഥയും പറഞ്ഞു നല്‍കുകയാണ് നഗര കവാടങ്ങള്‍. സംഘടനകളുടെ പരസ്യങ്ങളും പോസ്റ്ററുകളും കൊണ്ട് വികൃതമായ നഗരത്തിലെ ചുറ്റുമതിലുകളും മേല്‍പാലങ്ങളുടെ സ്തൂപങ്ങളും മനോഹരമായ രേഖാചിത്രങ്ങളും വര്‍ണങ്ങളുമായി പൗരബോധത്തിന്റെ ഉന്നതതലങ്ങളിലേക്ക് നോട്ടമുറപ്പിക്കുന്നു. കോഴിക്കോടിന്റെ പാരമ്പര്യവും പ്രൗഢിയും അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളാണ് ഒരു കൂട്ടം കലാകാരന്മാര്‍ ഒരുക്കിയിട്ടുള്ളത്. പരസ്യങ്ങളും പോസ്റ്ററുകളും നിറഞ്ഞ് വൃത്തികേടായ ചുമരുകള്‍ തേച്ചുമിനുക്കി വൃത്തിയാക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് ചോക്ക് കൊണ്ടും കളര്‍ പെന്‍സില്‍ കൊണ്ടും ഔട്ട്‌ലൈന്‍ വരക്കും.

തുടര്‍ന്ന് മനോഹരമായ ചിത്രങ്ങള്‍ പിറക്കുകയായി. അതോടെ ചുറ്റുമതിലുകള്‍ക്ക് അഴകും അന്തസ്സും പതിന്മടങ്ങ് വര്‍ധിക്കുന്നു. ജില്ലാ കലക്ടര്‍ യു.വി ജോസ്് നിര്‍ദേശിച്ചതനുസരിച്ച് കംപാഷണേറ്റ് എന്ന സംഘടനയാണ് മതിലുകള്‍ക്ക്് അലങ്കാരമൊരുക്കുന്നത്. നേരത്തെ ജില്ലാ കലക്ടര്‍ ആയിരുന്ന എന്‍. പ്രശാന്ത് ആണ് കംപാഷണേറ്റ് എന്ന സംഘടനക്ക് രൂപം നല്‍കിയത്. പിന്നീട് കലക്ടറായ യു.വി ജോസും സംഘടനയുടെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

എന്‍.ഐ.ടി ഉള്‍പ്പെടെ വിവിധ കോളജുകളിലെ വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥികളാണ് കംപാഷണേറ്റിനുവേണ്ടി ബ്രഷ് ഏന്തുന്നത്. പെയിന്റും ബ്രഷും മറ്റ് സാമഗ്രികളും കംപാഷണേറ്റ് വാങ്ങി നല്‍കും. ചുറ്റുമതിലുകള്‍ക്ക് പുതിയ ചാരുത കൈവരുന്നത് കണ്ട് ആവേശത്തോടെ ചിത്രം വരക്കാന്‍ എത്തുന്നവരും കുറവല്ല. ബസ് യാത്രക്കിടയില്‍ ചിത്രംവര കണ്ട് വരക്കാന്‍ ഇറങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. ഗ്രാമീണ തീന്‍മേശയിലെ വിഭവങ്ങള്‍, അടുക്കളയിലെ കാഴ്ചകള്‍, ലൈറ്റ് ഹൗസ്, തെരുവ് വിളക്കുകള്‍ എന്നിവ ചിത്രങ്ങളില്‍ കാണാം. കണ്ണൂര്‍ റോഡില്‍ സി.എച്ച് ഓവര്‍ ബ്രിഡ്ജിന്റെ തൂണില്‍ ഉസ്താദ് ഹോട്ടല്‍ എന്ന ചലച്ചിത്രത്തിലെ തിലകനെയും ദുല്‍ഖറിനെയുമാണ് വരച്ചിരിക്കുന്നത്. ബീച്ച് ഓപ്പണ്‍ സ്റ്റേഡിയം, മാവൂര്‍റോഡ് മേല്‍പ്പാലത്തിന്റെ തൂണുകള്‍, പാളയം സ്റ്റാന്‍ഡ്, മൊഫ്യൂസല്‍ സ്റ്റാന്റ് എന്നിവിടങ്ങളിലെല്ലാം ചിത്രങ്ങള്‍ ഇടം നേടിയിരിക്കുകയാണ്.

കഴിഞ്ഞ മൂന്ന്്് വര്‍ഷമായി പൊതു ഇടങ്ങളായ ചുറ്റുമതിലുകളും മേല്‍പാലത്തിന്റെ തൂണുകളും മറ്റും മണിച്ചിത്രത്തൂണുകളാക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. അലങ്കാരചിത്രങ്ങള്‍ നിറഞ്ഞ ചുറ്റുമതിലുകള്‍ വീണ്ടും വൃത്തികേടാക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നാണ് കലാകാരന്മാര്‍ക്ക് പറയാനുള്ളത്.

NO COMMENTS

LEAVE A REPLY