മുക്കത്ത് വീട്ടമ്മയെ വെട്ടിപരിക്കേല്‍പ്പിച്ചു; യുവാവ് പിടിയില്‍

മുക്കം: പട്ടാപകല്‍ വീട്ടമ്മയെ വെട്ടിപരിക്കേല്‍പ്പിച്ച പരാതിയില്‍ യുവാവ് പൊലീസിന്റെ പിടിയിലായി. മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയില്‍ ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. മണാശ്ശേരി സ്‌കൂളിന് സമീപം താമസിക്കുന്ന ഷീബ ഫൈസല്‍ (45) നെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊറ്റശ്ശേരി സ്വദേശിയായ സുജിത് അമ്പാടി എന്നയാള്‍ പിടിയിലായിട്ടുണ്ട്. ഷീബ വീടിന്റെ സിറ്റൗട്ടില്‍ ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ അതിക്രമിച്ചു കയറിയ പ്രതി കൊടുവാള്‍ ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നുവെന്നാണ് പരാതി. ഒഴിഞ്ഞ് മാറിയതിനാല്‍ വെട്ട് കൈക്കാണ് കൊണ്ടത്.വീടിന്റെ പിറക് വശത്ത് കൂടിയാണ് പ്രതി എത്തിയത്. സംഭവ ശേഷം വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ കാറിന്റെ ചില്ലും പ്രതി തകര്‍ത്തതായി പറയുന്നു. തുടര്‍ന്ന് മണാശ്ശേരി ഭാഗത്തേക്ക് പോയ ഇയാളെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.ഫൈസലിന്റെ വീടിന് സമീപം നിര്‍ത്തിയിട്ട തന്റെ ബൈക്ക് തിരിച്ചു വന്നപ്പോള്‍ കാണാതായതില്‍ പ്രകോപിതനായാണ് കൃത്യം നടത്തിയതെന്ന് സുജിത്ത് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇയാള്‍ തന്റെ ബൈക്ക് ഫൈസലിന്റെ വീടിന് സമീപമായിരുന്നില്ല നിര്‍ത്തിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതെന്നും ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. തെങ്ങ് കയറ്റ തൊഴിലാളിയാണ് പ്രതി. പരിക്കേറ്റ ഷീബ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്‌

SHARE