പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭാര്യ കുല്‍സും അന്തരിച്ചു

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭാര്യ കുല്‍സും അന്തരിച്ചു

ലണ്ടന്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭാര്യ കുല്‍സും നവാസ് (68) അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂണിലാണ് ഇവരെ ചികിത്സക്കായി ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച രാത്രി ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് അവരുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ശരീഫിന്റെ സഹോദരനും പാക്കിസ്ഥാന്‍ മുസ്‌ലിംലീഗ് അധ്യക്ഷനുമായ ഷെഹ്ബാസ് ശരീഫ് ട്വിറ്ററിലൂടെ മരണ വാര്‍ത്ത സ്ഥിരീകരിച്ചു. നവാസ് ശരീഫ്, മകള്‍ മറിയം ശരീഫ്, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പെട്ട് റാവല്‍ പിണ്ടിയിലെ അദിയാല ജയിലില്‍ ശിക്ഷയനുഭവിക്കുകയാണ്.

സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതശരീരം പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകും. 1971ലാണ് നവാസ് ശരീഫും കുല്‍സൂം നവാസും തമ്മിലുള്ള വിവാഹം നടന്നത്. നവാസ് ശരീഫിന്റെ പാര്‍ട്ടിയായ പി.എം.എല്‍-എന്‍ മുന്‍ പ്രസിഡണ്ട് കൂടിയാണ് കുല്‍സൂം.

NO COMMENTS

LEAVE A REPLY