മുന്നണി രാഷ്ട്രീയവും മുസ്‌ലിംലീഗും

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലാണ് ഇപ്പോഴുള്ളത്. സ്വതന്ത്ര ഇന്ത്യയില്‍ ഇത്ര വലിയ ആശങ്ക ഉയര്‍ത്തിയിട്ടുള്ള ഒരു പൊതുതെരഞ്ഞെടുപ്പ് ഇതിനു മുമ്പ് നടന്നിട്ടില്ല. രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിച്ചുകൊണ്ടാണ് സംഘ്പരിവാര്‍ ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഭരണം നടത്തിയത്. യാതൊരു കാരണവശാലും ഇത് തുടരാന്‍ പാടുള്ളതല്ല. ഇതിനെതിരായി എല്ലാ മതേതര ശക്തികളും ഒറ്റക്കെട്ടായി നില്‍ക്കണം. അതിനു നേതൃത്വം കൊടുക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എയും ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയുമാണ് ഏറ്റുമുട്ടുന്നത്.
ഇതിനകം തന്നെ എല്ലാവരുടെയും പ്രതീക്ഷയായി ഉയര്‍ന്ന, പുതു തലമുറയുടെ കരുത്തും പ്രത്യാശയുമായി വളര്‍ന്നു വന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു പിന്നില്‍ മതേതര ശക്തികള്‍ അണിനിരക്കുകയാണ് വേണ്ടത്. തന്റെ മുത്തശ്ശിയുടെയും പിതാവിന്റെയും ദാരുണാന്ത്യങ്ങള്‍ക്ക് മുമ്പിലും പതറാത്ത, ഉറച്ച സ്ഥൈര്യവും പോരാട്ട വീര്യവുമായി മതേതര ശക്തികളുടെ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാഹുല്‍ ഗാന്ധിക്കു പിന്നില്‍ എല്ലാവരും ഉറച്ചു നില്‍ക്കണം.
മുന്നണി രാഷ്ട്രീയത്തില്‍ ഐക്യവും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കുന്നുവെന്നത് മുസ്‌ലിം ലീഗിന്റെ എക്കാലത്തേയും മുഖമുദ്രയാണ്. ”സ്വന്തം സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷത്തേക്കാള്‍ സഖ്യകക്ഷി സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഞാന്‍ പ്രാമുഖ്യം നല്‍കുന്ന”തെന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പ്രഖ്യാപനം ഇപ്പോഴും മാതൃകയാണ്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും മുസ്‌ലിംലീഗിന്റെ സ്വന്തം സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നതെന്ന ബോധ്യത്തില്‍ അവരുടെ വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് ഓരോ മുസ്‌ലിംലീഗുകാരനും മുന്നിട്ടിറങ്ങണം. ഇവിടെ കൂടിയിട്ടുള്ള ഓരോരുത്തരും നിങ്ങളുടെ ബൂത്തുകളില്‍ നിശ്ചിത എണ്ണം അധികം വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനു വേണ്ടി ഉറപ്പാക്കണം.
ആശയ സംവാദങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും എല്ലാവര്‍ക്കുമുള്ള അവസരങ്ങളാണ് ജനാധിപത്യ വ്യവസ്ഥിതി തുറന്നു തരുന്നത്. ജനങ്ങളുടെ മുമ്പില്‍ ആശയ പ്രചാരണത്തിനുള്ള പിന്‍ബലം നഷ്ടപ്പെടുമ്പോഴാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമത്തിന്റെ പാത പിന്തുടരുക. തെരഞ്ഞെടുപ്പ് മുന്നിലെത്തിയിട്ടും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വില കല്‍പിക്കാതെ കൊലപാതക രാഷ്ട്രീയം ഇപ്പോഴും പിന്തുടരുന്നവര്‍ക്കെതിരെ അക്രമത്തിനു പകരം വ്യവസ്ഥാപിത മാര്‍ഗങ്ങളില്‍ പോരാടുന്നതിന് മുസ്‌ലിം ലീഗ് എന്നും മുന്നില്‍ നില്‍ക്കും.
തളിപ്പറമ്പിലെ അരിയില്‍ ഷുക്കൂറിന്റെ കൊലപാതകത്തിനു പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും വിചാരണക്ക് വിധേയമാക്കുന്നതിനും കഴിയുന്നത് മുസ്‌ലിംലീഗ് ഈ വഴിയില്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ്. അരിയില്‍ ഷുക്കൂറും ശുഐബും ശരത്‌ലാലും കൃപേഷും ഉള്‍പ്പെടെയുള്ള ചെറു മക്കളുടെ ജീവനുകളെടുത്ത് രാഷ്ട്രീയ കൊലവിളി നടത്തുന്നവര്‍ക്കെതിരെ ജനം ശക്തമായ തിരിച്ചടി നല്‍കുക തന്നെ ചെയ്യും. ഈ കൗമാരക്കാരുടെ അമ്മമാരുടെ ചുടു കണ്ണീരില്‍ അക്രമ രാഷ്ട്രീയത്തിന്റെ കൊടിക്കൂറകള്‍ കത്തിച്ചാമ്പലാവുക തന്നെ ചെയ്യും.
മത വിശ്വാസങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്യാനും ഇല്ലാതാക്കാനും ചിലരുടെ ശ്രമങ്ങള്‍ സമീപ കാലത്ത് വ്യാപകമാണ്. ശബരിമലയിലും മറ്റും നമ്മള്‍ കണ്ടത് അതാണ്. വിശ്വാസാചാരങ്ങള്‍ ഏതു മതക്കാരുടേതായാലും അത് സംരക്ഷിക്കുന്നതിന് മുസ്‌ലിം ലീഗ് ഒപ്പമുണ്ടാകും. മത സൗഹാര്‍ദ്ദവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്തിന്റെ പൊതു നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം.
സമുദായത്തിന്റെ പുരോഗതിയും രാജ്യത്തിന്റെ നന്മയും ലക്ഷ്യമാക്കി മുസ്‌ലിംലീഗിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തില്‍ വലിയ മുന്നേറ്റങ്ങളാണ് നടത്തിയുട്ടുള്ളത്. ഐക്യവും അഖണ്ഡതയും തകര്‍ക്കാനും രാജ്യത്തെ തന്നെ ശിഥിലമാക്കാനുമുള്ള ഭീകരവാദികളുടെ കൊടിയ ശ്രമമാണ് കശ്മീരിലെ പുല്‍വാമയില്‍ കുറച്ച് ദിവസം മുമ്പ് ലോകം കണ്ടത്. രാജ്യത്തിന് വേണ്ടി 40 ധീര യോദ്ധാക്കളുടെ ജീവന്‍ അവിടെ ഹോമിക്കപ്പെടുകയുണ്ടായി.
മലയാളിയായ വി.വി വസന്തകുമാറടക്കം കശ്മീരില്‍ വീരമൃത്യു വരിച്ച 40 ധീര സൈനികര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഭീകരവാദത്തിന് മതമില്ല; അത് ഏത് ഭാഗത്ത് നിന്നാണെങ്കിലും എതിര്‍ക്കപ്പെടേണ്ടതാണ്.
സമുദായത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയും രാജ്യത്തിന്റെ പൊതു നന്മയും ലക്ഷ്യമാക്കിയാണ് കഴിഞ്ഞ 70 വര്‍ഷം നമ്മള്‍ പ്രവര്‍ത്തിച്ചത്. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നതിനു വേണ്ടിയെന്ന വിശുദ്ധ ഖുര്‍ആന്‍ വചനം നമ്മള്‍ എപ്പോഴും മുന്നില്‍ നിര്‍ത്തണം. അവശരും ദുര്‍ബലരുമായ ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗത്തെ ഒരു ഉത്തമ സമൂഹമാക്കി വളര്‍ത്തി വലുതാക്കുന്നതിന് മുസ്‌ലിം ലീഗ് എന്ന സംഘടനയിലൂടെ ലക്ഷ്യം കൈവരിക്കാന്‍ നമ്മുടെ പൂര്‍വ്വകാല നേതാക്കന്മാര്‍ വലിയ ത്യാഗങ്ങളും പരിശ്രമങ്ങളുമാണ് നടത്തിയിട്ടുള്ളത്.
ഖാഇദെ മില്ലത്തും ബാഫഖി തങ്ങളും സീതി സാഹിബും സി.എച്ച് മുഹമ്മദ് കോയ സാഹിബും പി.എം.എസ്.എ പൂക്കോയ തങ്ങളും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയിട്ടുള്ള പരിശ്രമങ്ങളെ ഓര്‍ക്കേണ്ടതുണ്ട്. ഈ നേതാക്കള്‍ക്കു പിന്നില്‍ അണിനിരക്കാനും അവരുടെ ആഹ്വാനങ്ങള്‍ ശിരസ്സാവഹിക്കാനും സാധാരണക്കാരായ ജനങ്ങള്‍ മുന്നോട്ടു വന്നതാണ് സംഘടനക്ക് വലിയ തോതിലുള്ള പിന്‍ബലവും ഊര്‍ജ്ജവും നല്‍കിയത്. സാമുദായിക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയും സ്ഥാപിത താത്പര്യങ്ങളെ അവഗണിച്ചുമുള്ള മുന്‍കാല നേതാക്കളുടെ പ്രവര്‍ത്തന പാതയില്‍ ഇനിയും ബഹുദൂരം മുന്നോട്ടു പോകാനുണ്ട്. അതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണു നമ്മള്‍ നടത്തേണ്ടത്.

(ആലപ്പുഴയില്‍ നടന്ന മുസ്‌ലിംലീഗ് സ്ഥാപകദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗം)

SHARE