ഗുജറാത്തില്‍ തുറന്ന ജീപ്പില്‍ പര്യടനത്തിന് അനുവാദമില്ല; കാളവണ്ടിയില്‍ പര്യടനത്തിന് രാഹുല്‍ ഗാന്ധി

ദ്വാരക: ത്രിദിന ഗുജറാത്ത് പര്യടനത്തിനൊരുങ്ങി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തുറന്ന ജീപ്പില്‍ പര്യടനം നടത്താനിരുന്ന രാഹുലിനെ പോലീസ് വിലക്കിയതിനെ തുടര്‍ന്ന് കാളവണ്ടിയിലാണ് രാഹുല്‍ പര്യടനത്തിനൊരുങ്ങുന്നത്. സുരക്ഷാ കാരണങ്ങളാലാണ് ഇന്ന് തുടങ്ങുന്ന തുറന്ന ജീപ്പിലുള്ള റോഡ് ഷോക്ക് പോലീസ് അനുമതി വിലക്കിയത്. അതിനാല്‍ കാളവണ്ടിയിലേക്ക് യാത്ര മാറ്റുകയായിരുന്നു. ദ്വാരകയിലെ ദ്വാരകീഷ് അമ്പലത്തില്‍ ദര്‍ശനം നടത്തിയതിനുശേഷമാണ് രാഹുല്‍ റോഡ് ഷോ ആരംഭിക്കുക. ദ്വാരകയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള ഹന്‍ജ്‌റാപര്‍ ഗ്രാമത്തിലേക്ക് കാളവണ്ടിയിലാണ് രാഹുല്‍ഗാന്ധി എത്തുന്നത്. ഇവിടെ കര്‍ഷകരുമായും വിവിധ ജനവിഭാഗങ്ങളുമായും രാഹുല്‍ഗാന്ധി സംവദിക്കും. രണ്ടു ജില്ലകളിലായി ഏഴ് മണ്ഡലങ്ങളിലൂടെ ഇന്ന് കടന്നുപോകും. ഇവിടങ്ങളില്‍ സ്ത്രീകളുള്‍പ്പെട്ട വലിയ സംഘത്തിന്റെ സ്വീകരണം ഉണ്ടായിരിക്കും. ഇന്ന് ജാംനഗറിലാണ് രാഹുല്‍ തങ്ങുന്നത്. നാളെ രാജ്‌കോട്ടിലെത്തുന്ന രാഹുല്‍ ബുധനാഴ്ച്ച സുരേന്ദ്രനഗര്‍ കേന്ദ്രീകരിച്ചും പര്യടനം നടത്തും.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുലിന്റെ റോഡ് ഷോ. ഗുജറാത്തിന്റെ വടക്ക്, തെക്ക് ഭാഗങ്ങളിലൂടെയുള്ള രാഹുലിന്റെ പര്യടനം ഡിസംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പായി ഉണ്ടാകും. പര്യടനം നടത്തുന്ന മേഖലകളില്‍ 2012-ലെ തെരഞ്ഞെടുപ്പില്‍ 52 സീറ്റില്‍ 12എണ്ണം മാത്രമേ കോണ്‍ഗ്രസ്സിന് ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള പട്ടേല്‍ സമുദായത്തിന്റേയും കര്‍ഷകരുടേയും പ്രതിഷേധം മുതലെടുക്കാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം.

SHARE