സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 14) അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരില്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും.

കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകള്‍ എന്നിങ്ങനെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളത്തെ അവധി ബാധകമാണ്. അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും. വയനാട്ടിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. മഴക്ക് ശമനമുണ്ടെങ്കിലും വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ലാത്തതുകൊണ്ട് ദുരന്തസാധ്യത ഒഴിവാക്കുന്നതിനായാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് അവധി. നാളെ നടത്തിയിരുന്ന കേരള സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും പി.എസ്.സി വകുപ്പ് തല പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും.

SHARE