കഠ്‌വ കേസ്: പ്രതി സമര്‍പ്പിച്ച രേഖ വ്യാജമെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി

ശ്രീനഗര്‍: കഠ്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സമര്‍പ്പിച്ച രേഖ വ്യാജമെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. പ്രതികളിലൊരാളായ വിശാല്‍ ജംഗോത്രയാണ് വ്യാജ തെളിവുണ്ടാക്കിയതായി കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് വിശാല്‍ ശ്രമിച്ചതെന്ന് ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചശേഷം ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.

പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ താന്‍ പരീക്ഷയെഴുതുകയായിരുന്നു എന്നായിരുന്നു വിശാലിന്റെ മൊഴി. ഇതിന് തെളിവായി ഇയാള്‍ ഹാജറാക്കിയ പരീക്ഷാപേപ്പറിലേത് എന്ന് പറഞ്ഞ് കോടതിയില്‍ സമര്‍പ്പിച്ച ഒപ്പ് വിശാലിന്റേതല്ലെന്ന് സെന്‍ട്രല്‍ ഫോറന്‍സില്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്.

വിശാലിന്റെ സുഹൃത്തുക്കളില്‍ ആരോ ആണ് ഈ ഒപ്പിട്ടിരിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. വിശാലിന്റെ മൂന്ന് സുഹൃത്തുക്കളോട് ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

SHARE