ഷുഹൈബ് വധം: രണ്ടു പേര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: എടയന്നൂര്‍ ഷുഹൈബ് വധക്കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. മട്ടന്നൂര്‍ പാലയോട് സ്വദേശികളായ സജ്ഞയ്, രജത് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാവൂന്നവരുടെ എണ്ണം എട്ടായി.

ഗൂഢാലോചന, ആയുധം ഒളിപ്പില്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൃത്യം നിര്‍വഹിച്ച പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതും ഇവരാണ്. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തില്‍ നേരിട്ട് ഇടപെട്ട ഒരാളെ കണ്ടെത്താനുണ്ടെന്നും ഇതിനുള്ള തെരച്ചിലിലാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. എന്നാല്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനു പിന്നാലെ പ്രതികള്‍ അറസ്റ്റിലാവുന്നതിലും ആയുധങ്ങള്‍ പിടികൂടുന്നതിലും ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഷുഹൈബിനെ വെട്ടാന്‍ ഉപയോഗിച്ചവാളുകളും പ്രതികള്‍ രക്ഷപ്പെട്ട കാറും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയിരുന്നു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹരജി ഹൈക്കേടതി ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.